സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/നിഴലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിഴലുകൾ


പുകയറ പിടിച്ച് മങ്ങിയ ഭിത്തിയിൽ ചാരിയിരുന്ന് അവൻ നിലാവിനോട് വർത്തമാനം പറയാൻ തുടങ്ങി. ആകാശത്തിന്റെ അനന്തതയിൽ അവൻ ഏതൊക്കെയോ ലോകങ്ങൾ സ്വപ്നങ്ങൾ കണ്ടു. കാലുകൾ നെഞ്ചിനോട് ചേർത്ത് കൈകൾ കൊണ്ട് ബന്ധിച്ച് അവൻ സ്വപ്നം കണ്ടുകൊണ്ടിരുന്നു. ദരിദ്രന്റെ നിഴലുകൾ വീണു കറുത്ത മെല്ലിച്ച ശരീരം. കണ്ണുകളിൽ നിസ്സഹായത തളംകെട്ടി കിടപ്പുണ്ട്. പെട്ടെന്ന് അവൻ കൈകളാൽ ബന്ധിച്ച കാലുകളെ സ്വതന്ത്രമാക്കി. വയറ്റിൽ എന്തോ ഒരു പെരുപ്പ് പോലെ. അത് വിശപ്പാണെന്നു അവനറിയാം. പക്ഷെ അത് പറയാനുള്ള ധൈര്യം ആരൊക്കെയോ അവനിൽ നിന്ന് പിഴിഞ്ഞെടുത്തിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റു നടന്നു. മുത്തശ്ശി ടി വി കാണുകയാണ്. അമ്മാവന്റെ വീട്ടിൽ ഉപയോഗിച്ച് പഴകിയ ടി വി യാണ്. ടി വി യുടെ വക്കുകളിലും നന്നേ കറപിടിച്ചിരിപ്പുണ്ട്. മുത്തശ്ശിയുടെ അടുത്തിരുന്നു അവൻ ടി വി യിലേക്ക് കണ്ണോടിച്ചു. രാജ്യം അടച്ചു പൂട്ടിയിട്ടു ഇന്നേക്ക് ഏഴാം നാൾ. എന്തോ പേടിപ്പെടുത്തിയ അറിയിപ്പ് പോലെ അവന്റെ നെഞ്ചിൽ ആ വാക്കുകൾ തുളഞ്ഞു കയറി. അവൻ അവിടെ നിന്ന് എണീറ്റു. ബീഡിക്കുറ്റികൾ ചിതറിക്കിടക്കുന്ന മുറിയിൽ അച്ഛൻ എന്തൊക്കെയോ ആലോചിച്ചിരിക്കുകയാണ്. അച്ഛൻ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. കൂടുതൽ നേരം അച്ഛനെ നോക്കിയിരിക്കാൻ അവനു കഴിഞ്ഞില്ല. അവൻ അടുക്കളയിലേക്കു നടന്നു. അടുപ്പിനരികിൽ കലം കമഴ്ന്നു കിടക്കുന്നു. അടുപ്പ് പുകഞ്ഞിട്ട് ഇന്നേക്ക് രണ്ട് നാൾ. അടുപ്പ് അവനെ നോക്കി കരയുന്നതായി അവനു തോന്നി. അടുക്കളത്തിണ്ണയിലിരുന്നു ഒരു വയസ്സ് പോലും തികയാത്ത തന്റെ അനിയന് 'അമ്മ പാല് കൊടുക്കുന്നത് അവൻ കണ്ടു. ഒരു നിമിഷം ആ കുഞ്ഞിനോട് അവനു അസൂയ തോന്നി. നിസ്സഹായതയോടെ തന്നെ നോക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി തന്റെ വയറു കത്തുന്നു എന്ന് പറയാൻ അവന്റെ തിരിച്ചറിവ് അവനെ അനുവദിച്ചില്ല. അവൻ പതിയെ മുറ്റത്തേക്ക് നടന്നു. പൂവരശിന്റെ ഇലകൾ വകഞ്ഞു മാറ്റി അവൻ അയൽ മുറ്റത്തേക്ക് കണ്ണോടിച്ചു. പെട്ടെന്ന് അപ്പുറത്തെ പട്ടിക്കൂട്ടിൽ സർണനിറമുള്ള പാത്രത്തിൽ പട്ടി ഊറിയിട്ടിരിക്കുന്ന എല്ലിൻ കഷ്ണങ്ങൾക്കു മേലെ അവന്റെ കണ്ണുകൾ ചെന്ന് വീണു. ഒരു നിമിഷം ആ പട്ടിയോട് അവനു അസൂയ തോന്നി. കുട്ടാ.....നീ എന്തെടുക്കുവാ അവിടെ ?? വാ വന്നു കിടക്കാൻ നോക്ക് . പുൽപ്പായ വിരിച്ച തറയിൽ അരണ്ട വെളിച്ചം സമ്മാനിക്കുന്ന ബൾബ് 'അമ്മ അണച്ചു. നാളത്തെ കൂടി കഴിഞ്ഞാലേ നമുക്കുള്ള അരീം സാധനങ്ങളും റേഷൻ പീടികയിൽ എത്തുള്ളുന്നാ കേട്ടത്. അമ്മയുടെ വാക്കുകൾ അവന്റെ കാതിൽ തെല്ലൊരു തണുപ്പും ഒപ്പം കാത്തിരിപ്പിന്റെ പൊള്ളലും ഏൽപ്പിച്ചു. ശൂന്യമായ വയറുകൾ സമ്മാനിച്ച ക്ഷീണത്തിൽ ആ കുടുംബം മയക്കത്തിലേക്കു വഴുതി വീണു. രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഉണർന്നു. പട്ടി ഊറിയിട്ടിരിക്കുന്ന എല്ലിൻകഷ്ണങ്ങൾ അവന്റെ കണ്ണിലൂടെ മിന്നിമാഞ്ഞു. വയറ്റിലെ പെരുപ്പ് ശരീരത്തെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു. ആരൊക്കെയോ അവനെ അവിടെ നിന്ന് താങ്ങിയെടുക്കും പോലെ അവനു തോന്നി. ആരുടെയൊക്കെയോ പ്രേരണയുടെ കയറുകൾ അവനെ മുറ്റത്തേക്ക് വലിച്ചിറക്കി. പാട്ടി നല്ല ഉറക്കം വേലിയുടെ വിടവിലൂടെ അവൻ നൂണ്ടു അപ്പുറത്തെത്തി. പക്ഷെ എങ്ങനെ അകത്തു കടക്കും എന്ന് അവനു അറിയില്ലാരുന്നു. നിരാശയോടെ അവൻ അടുക്കള വാതിലിൽ ചാരിയിരുന്നു. ഏതോ അദൃശ്യ ശക്തിയുടെ സഹായമെന്നപോലെ വാതിൽ ഇഴഞ്ഞു നീങ്ങി. അവന്റെ കണ്ണുകളിൽ പ്രകാശം നിറഞ്ഞു. തനിക്കു വേണ്ടിയാവണം വാതിൽ അടക്കാൻ മറന്നതെന്നു അവനു തോന്നി. അവൻ അകത്തേക്ക് കടന്നു. പൂച്ചയുടെ കളവോടെ അവൻ ഇഴഞ്ഞു നീങ്ങി ഫ്രിഡ്ജിന്റെ മുൻപിലെത്തി. ഫ്രിഡ്ജ് തുറന്നപ്പോഴത്തെ തണുത്ത വെളിച്ചം അവനിൽ ഭയത്തിന്റെ നിഴൽ വീഴ്‌ത്തി. അവൻ പതുക്കെ ഫ്രിഡ്ജിന്റെ അകത്തേക്ക് കയ്യിട്ടു. പെട്ടെന്ന് ഏതോ മുറിയിൽ വെളിച്ചം വീണു തുടങ്ങി. പാത്രം അവന്റെ കയ്യിൽ നിന്ന് ആയിരം ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് താഴെ വീണു. മുറികളിൽ ഒന്നൊന്നായി വെളിച്ചം പരന്നു. താൻ പിടിക്കപ്പെടുകയാണ് എന്ന് അവനു മനസിലായി. ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഒരു കളിമൺ പ്രതിമ പോലെ അവൻ അവിടെ ഇരുന്നു. എല്ലാവരും ഓടിയെത്തി. ഒരു നേരത്തെ ഭക്ഷണത്തിനായി കക്കാൻ കയറിയ ആ പതിമൂന്നുകാരന്റെ കണ്ണിലെ നിസ്സഹായത ആരും കണ്ടില്ല. വാതിലിന്റെ മറവിലുണ്ടായിരുന്ന ചൂലുകെട്ടെടുത്ത് അവർ അവനെ അടിച്ചു. ബഹളം കേട്ടു അവന്റെ വീടും ഉണർന്നു. അവർ ഓടിയെത്തി. ദേഹമാസകലം ചോറുമായി നിലത്തുകിടക്കുന്ന തന്റെ മകനെ 'ആ അമ്മ ഓടിച്ചെന്നു കെട്ടിപിടിച്ചു. അവരുടെ കാലിൽ വീണു അവർ മകനായി മാപ്പിരന്നു. അവൻ ഒരുനിമിഷം അവന്റെ അച്ഛനെ നോക്കി ആ തല കുനിഞ്ഞിരുന്നു. ആ കണ്ണുകളിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. 'അമ്മ അവന്റെ കയ്യിൽ പിടിച്ച് അവിടെ നിന്നിറങ്ങി. അപ്പോഴും അവന്റെ കണ്ണുകൾ പട്ടി ഊറി ബാക്കി വെച്ച ആ എല്ലിൻ കഷ്ണങ്ങളിൽ തന്നെ ഉടക്കുകയായിരുന്നു....

അമ്മു എം
10 C സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ