സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ഓർമ്മയിലെ പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിലെ പൂക്കാലം

                             അനുമോൾ ഫ്ലാറ്റിലെ ബാൽക്കണിയിൽ ഇരുന്ന് പുറത്തെ ട്രാഫിക് ബ്ലോക്ക് വീക്ഷിക്കുകയാണ്. "എത്ര നേരമായി ഈ ട്രാഫിക് ബ്ലോക്ക് തുടങ്ങിയിട്ട് "അവൾ ചിന്തിച്ചു. "മോളെ ഇഷേ ഇവിടെ വാ" അമ്മയുടെ വിളി കേട്ടയുടൻ അവൾ അവിടെയെത്തി. "ഞാൻ ഓഫീസിലേക്ക് പോവുകയാണ് മോള് ഇവിടെ ഇരിക്കണം" 'ങ' അമ്മയുടെ വാക്കിന് മറുപടിയായി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അമ്മയും അച്ഛനും എപ്പോഴും തിരക്കിലാണ് തന്നെ നോക്കാൻ ആരുമില്ല. അവൾ ചിന്തിച്ചു തിരിച്ചു ചെന്ന് ബാൽക്കണിയിൽ ഇരുന്നപ്പോഴും റോഡിലെ ട്രാഫിക് ബ്ലോക്കിന് ശമനമുണ്ടായിരുന്നില്ല . എങ്കിലും അവളുടെ ശ്രദ്ധ അതിൽ അല്ലായിരുന്നു. അമ്മതന്നെ 'ഇഷ' എന്ന പേർ വിളിച്ചത് അവൾക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. അച്ഛനു അമ്മയും ജോലികിട്ടി പട്ടണത്തിലേക്കു വീരുന്നതിന് മുൻപേ അവർ മുത്തശ്ശിയോടൊപ്പം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അവൾ ജനിച്ചപ്പോൾ മുത്തശ്ശിയാണ് അവൾക്ക് 'അനുമോൾ' എന്ന് പേരിട്ടത്. ആ പേര് അവൾക്ക് ഇഷ്ടമായിരുന്നു.എന്നാൽ അച്ഛനമ്മമാർക്ക് നഗരത്തിലേക്ക് ട്രാൻസ്ഫർ കിട്ടിയതോടെ എല്ലാം മലക്കംമറിഞ്ഞു. അച്ഛനും അമ്മയും പാശ്ചാത്യരീതികളോട് പൊരുത്തപ്പെട്ടു അങ്ങനെ അവർക്ക് തങ്ങളുടെ മക്കളുടെ പേര് പിടിക്കാതെയായി പേരു മാറ്റാനും തീരുമാനിച്ചു. അനുമോൾ ഒരുപാട് എതിർത്തു നോക്കി, പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ അവർ കണ്ടെത്തിയ ഒരു 'മോഡേൺ' പേരാണ് 'ഇഷ' കീ...കീ.. വണ്ടികളുടെ ഹോണടി ശബ്ദം കേട്ട് അവൾ ചിന്തയിൽ നിന്നുണർന്നു. "ഇതുവരെ ഈ ട്രാഫിക് ബ്ലോക്ക് തീർന്നില്ലല്ലോ" അപ്പോഴാണ് അനുമോൾ അടുത്തിരുന്ന പൂച്ചട്ടി ശ്രദ്ധിച്ചത്. അനുമോൾക്ക് റോസാപ്പുവും, നാടൻ പൂക്കളായ തെറ്റിയും, മൂല്ലയുമൊക്കെയാണ് ഇഷ്ടം. പണ്ട് മുത്തശ്ശിയുടെ കൈയും പിടിച്ച് വരമ്പിലൂടെ നടക്കുമ്പോൾ അനുമോൾ ഒാരോ പൂവിനെ നോക്കി അത്ഭുതം കൂറുന്നത് മുത്തശ്ശി ആഹ്ലാദത്തോടെയായിരുന്നു നോക്കുന്നത്. "ഒന്ന് നോക്കി പോടോ.......” ആരെയോ വണ്ടി ഇടിക്കാൻ തുടങ്ങിയതാണ് അനുമോൾ റോഡിലേക്ക് നോക്കി. "എന്തൊരു മാലിന്യമായ അന്തരീക്ഷമാണ് ഇവിടെ, എവിടെ നോക്കിയാലും ഫ്ലാറ്റുകൾ മാത്രം ആളുകൾ തീ വില കൊടുത്താണ് ഇവിടെ പൂക്കൾ വാങ്ങുന്നത്. ഗ്രാമത്തിൽ എവിടെ നോക്കിയാലും നല്ല കുഞ്ഞുപൂക്കളാണ്. ഇന്നലെ ഫ്ലാറ്റിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു പൂക്കൾ പറിച്ചതിന് ആ കാവൽക്കാരൻ എന്തുമാത്രം വഴക്കാണ് എന്റെ കൂട്ടുകാരിയെ പറഞ്ഞത്". അനുമോൾ ആരോടെന്നില്ലാതെ സംസാരിച്ചു അവളുടെ തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകൾ അപ്പോൾ ആരുടെയൊക്കെയോ ഉള്ള പ്രതിഷേധം ഉയർത്തുന്നുണ്ടായിരുന്നു... "പൂവേ.... നല്ല ഒന്നാന്തരം റോസാപ്പൂവേ...” പൂകച്ചവടക്കാരന്റെ ശബ്ദം കേട്ട് അനുമോൾ പെട്ടെന്ന് റോഡിലേക്ക് നോക്കി. അവിടെ ഒരു വണ്ടിയിൽ പൂക്കൾ വിൽക്കുകയാണ് അയാൾ, ട്രാഫിക് ബ്ലോക്കിന് അൽപ്പം ശമനമുണ്ട്. സ്കൂളിൽ പോകുന്നതുവഴി ചോക്ലേറ്റ് വാങ്ങിക്കാൻ അമ്മ തന്ന പൈസ കയ്യിലുണ്ട്, അതുകൊണ്ട് ഒരു ചുവന്ന റോസാപ്പൂ വാങ്ങിക്കാം അനുമോൾ ചിന്തിച്ചു .അവൾ പൈസയു മെടുത്ത് പെട്ടെന്ന് ഫ്ലാറ്റിന്റെ പടികളിറങ്ങി. പുറത്തിറങ്ങിയപ്പോൾ അവൾ പെട്ടെന്ന് പണ്ട് മുത്തശ്ശി പറയാറുള്ള വാക്കുകൾ ഓർത്തു. "എവിടെ പോയാലും ശ്രദ്ധവേണം" അനുമോൾ പിന്നീട് ശ്രദ്ധയോടെയാണ് ഓരോ ചുവടും വെച്ചത്. പൂക്കച്ചവടം ചെയ്യുന്ന ആൾ റോഡിനെ മറുവശത്താണ് അനുമോൾ അയാളുടെ അടുത്തെത്താൻ വേണ്ടി അവൾ റോഡ് ക്രോസ് ചെയ്യാൻ തുടങ്ങി. കീ... കീ... പെട്ടെന്നാണ് അത് സംഭവിച്ചത്....... എതിരെ വന്ന ഒരു വാഹനം അനുമോളേ ഇടിച്ചു തെറിപ്പിച്ചു. അവളുടെ മൃദുലമായ ശരീരം അന്തരീക്ഷത്തിൽ ഒന്ന് ഉയർന്നതിനു ശേഷം നിലത്ത് വീണു. കറുത്തടാറിട്ട റോഡിന്റെ ഒരു ചെറിയ ഭാഗം പെട്ടെന്ന് തന്നെ പനിനീർ പൂവിന്റെ നിറത്തിലെ മാറി. റോഡിൽ ഉണ്ടായിരുന്ന ആളുകളെല്ലാം ആ കുഞ്ഞ് പനിനീർ പൂവിന്റെ ചുറ്റും കൂടിനിന്നു. പൂക്കളെ സ്നേഹിച്ചിരുന്ന അനുമോളുടെ ശവകുടീരത്തിൽ അവളുടെ അച്ഛൻ അമ്മമാർ വച്ചത് ഒരു ചുവന്ന പനിനീർ പൂവായിരുന്നു.... കുഞ്ഞ് അനുമോളുടെ മുഖം അപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അനുമോൾ ഇപ്പോൾ ഉറങ്ങുകയാണ് സ്വപ്നത്തിന്റെ ലോകത്തിൽ മറ്റെല്ലാം മറന്ന്, എന്നാൽ ഓർമ്മകൾ കൈവിടാതെ..........

സാനിയ സ്റ്റാൻലി
7 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ