സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ വീണ്ടും ഒരോർമപ്പെടുത്തൽ

വീണ്ടും ഒരോർമപ്പെടുത്തൽ

അന്ന് ഒരു തെളിഞ്ഞ പ്രഭാതമായിരുന്നു. അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കി. മായുന്ന മഞ്ഞുകണങ്ങൾക്കിടയിലൂടെ ഇളവെയിൽ മുറ്റത്തേക്ക് അരിച്ചിറങ്ങുന്നു. താൻ മുറ്റത്ത് നട്ട കൊന്നച്ചെടിയിൽ ഒരു തത്തമ്മ വന്നിരിക്കുന്നു. അപ്പോഴാണവൾ അത് ശ്രദ്ധിച്ചത്. താൻ നട്ട കൊന്നച്ചെടി പൂത്തു തുടങ്ങിയിരിക്കുന്നു. ഒാ! വിഷുക്കാലമായല്ലോ. അവൾ മനസ്സിലോ‍ർത്തു. ആ പ്രഭാതം അവളെ സന്തോഷഭരിതയാക്കി.

വളരെയേറെ അംഗങ്ങൾ ഉള്ള വീടാണവളുടേത്. എങ്കിലും അവിടെ വല്ലാത്ത ഒരു മൂകത തളം കെട്ടിനിന്നിരുന്നു. കാരണം ആർക്കും ആരോടും മിണ്ടാൻ നേരമില്ല. ഒരാൾക്ക് മറ്റൊരാളുട് മാനസികാവസ്ഥ മനസ്സിലാക്കാൻ നേരമില്ല. എല്ലാവർക്കും തിരക്കോടു തിരക്കാണ്. എപ്പോഴാണ് എല്ലാവർക്കും തിരക്കൊഴിഞ്ഞ് മറ്റുള്ളവരോട് സന്തോഷത്തോടെ ഒന്നു സംസാരിക്കാൻ സാധിക്കുകയെന്ന് അവൾ ചിന്തിക്കുമായിരുന്നു. അവൾ നേരെ പാടത്തേക്ക് നടന്നു.

പണ്ട് നിറയെ നെൽകൃഷി നടത്തിയിരുന്ന പാടമായിരുന്നു. ഇന്ന് അതെല്ലാം മണ്ണിട്ടു നികത്തിയിരിക്കുന്നു. എങ്കിലും കുറച്ചകലെയായി വിളവെടുക്കാറായ പാടവും കൊയ്ത കറ്റകളും അവൾ കണ്ടു. കൊയ്ത കറ്റകൾ അവളെ പഴയകാല ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കൊയ്ത നെല്ലിന്റെ 'കറ്റ'കൾകൊണ്ടായിരുന്നു അന്ന് അവളുടെ വീട് മേഞ്ഞിരുന്നത്. ചാണകം 'മെഴുകിയ' തറയിൽ ഇരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചത് അവൾ ഓർത്തപ്പോൾ ഓർമയിൽനിന്ന് ഓടിയൊളിക്കുവാൻ അവൾ കൊതിച്ചു. കാരണം ആ മാതാപിതാക്കൾ ഇന്ന് ഇല്ലാതായിരിക്കുന്നു. തന്റെ മണ്ണിലെ അവസാന രക്തവും മനുഷ്യൻ ഊറ്റിക്കുടിക്കുകയാണെന്ന് മനസ്സിലാക്കിയ പ്രകൃതി. ആരോടൊക്കെയോ ഉള്ള പക വീട്ടാനായി കലിതുള്ളി സംഹാരതാണ്ഡവമാടിയപ്പോൾ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് എല്ലാവരുടെയും മനസ്സ് കുളിർപ്പിച്ചിരുന്നമഴയുടെ ഭാവം മാറി കലിതുള്ളിയുറയുന്ന രാക്ഷസിയായി മഴ മാറിയപ്പോൾ അതിൽ അവളുടെ മാതാപിതാക്കളും ബലിയാടായിത്തീർന്നു. പിന്നീടവളുടെ ജീവിതം ബന്ധുമിത്രാദികളുടെയിടയിൽ ആയിരുന്നു. പെട്ടെന്നവൾ ഓർമയിൽ നിന്ന് ഞെട്ടിയുണർന്നു. കാരണം പതിവില്ലാതെ അവളുടെ വീട്ടിൽ നിന്നും ചില സംസാരങ്ങളും ഒച്ചകളും കേൾക്കുന്നുണ്ടായിരുന്നു. അവൾ പെട്ടെന്ന് വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൾ ചിന്തിച്ചു. പരസ്പരം അളന്ന് തൂക്കി മാത്രം സംസാരിക്കുന്നവർക്ക് ഇന്ന് ഇത്ര തിടുക്കപ്പെട്ട് സംസാരിക്കാൻ എന്തായിരിക്കും വിഷയം?

അവൾ തന്റെ വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ കേട്ടു. ഏതു ഒരു വൈറസിനെക്കുറിച്ചാണ് സംസാരം. ലോകം മുഴുവനും 'കോറോണ' എന്ന ഒരു തരം വൈറസ് ബാധ കടന്നു കൂടിയിരിക്കുന്നു. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലത്രേ. അതിന് പ്രതിവിധി എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയണം എന്നാണ് പറയുന്നത്. വീട്ടിലുള്ളവരുടെ സംസാരം അങ്ങനെ നീളുന്നതവളറിഞ്ഞു. അവൾ അകത്തുകയറി തന്റെ മുറിയിൽ ഇരുന്നു. പുറത്തിറങ്ങി ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ നിറയെ സംസാരങ്ങളും ചിരികളുമായി കഴിയുകയാണ് അവളുടെ കുടുംബം ഇപ്പോൾ.

അവളുടെ മനസിലും ചില ചിന്തകൾകടന്നുകൂടുന്നുണ്ടായിരുന്നു. ചരിത്രം ചിലപ്പോൾ ചിലനേരങ്ങളിൽ കലിപൂണ്ട് ലോകജനതക്ക് നേരെ ഓടിവരാറുണ്ട്. ഇവിടെ ചരിത്രം തിരുത്തിയ സമയങ്ങളാണിപ്പോൾ.

കോറോണ ബാധിച്ച് ഒരുപാടുപേ‍ർ ഈ ലോകത്ത് നിന്ന് വിടപറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെങ്കിലും ഒരുവശത്ത് ഈ വൈറസിനെ പേടിച്ചാണെങ്കിലും ചുരുക്കം ചില വീടുകളിൽ കാണുന്ന ഒത്തുകൂടലും അതിൽ നിന്നും ഉയരുന്ന ചിരിയും തമാശയുമെല്ലാം പ്രകൃതി വീണ്ടും പഠിപ്പിച്ച ഒരു പാഠമായിമാറിയിരിക്കുന്നു. ഈ ചിരിലോകത്തിന്റെ മുഴുവൻ ചിരിയും നന്മയുമായിമാറി 'കോറോണ' എന്ന വൈറസിനെ തുരത്താൻ നമുക്കാവട്ടെ.

അസിൻ മരിയ ഷാജു
8 B സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ