സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പ്രകൃതിയോടൊത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയോടൊത്ത്

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം എന്നാൽ പ്രകൃതിയെ സംരക്ഷിക്കുക, അതിനെ നശിപ്പിക്കാതിരിക്കുക എന്നു തന്നെയാണ്. പ്രകൃതിസംരക്ഷണ മെന്നുള്ളത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലമില്ലെങ്കിലും ഈ പ്രകൃതിയും ഈ ഭൂമിയും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യ‍ർക്ക് വേറെ ഒരു വാസസ്ഥലമില്ല എന്ന വസ്തുത നമ്മൾ ഓർക്കണം.

പ്രകൃതിയുടെ മേൽ കൈവരിച്ച ഓരോ വിജയങ്ങളെ യുമോർത്ത് നാം അഹങ്കരിക്കേണ്ടതില്ല. അങ്ങനെയുള്ള ഓരോ വിജയങ്ങൾക്കും പ്രക‍ൃതി നമ്മോട് പകരം ചോദിക്കും. അതാണ് ഇന്ന് നാം അനുഭവിക്കുന്നത്. ഒരു മരമെങ്കിലും നമുക്ക് പ്രകൃതി ക്കുവേണ്ടി തിരിച്ചുനൽകാം. ഒരു മരം മുറിച്ചാൽ രണ്ട് മരം നടണമെന്നാണല്ലോ പറയാറ്. ആ ഒരു മരം നട്ടുവളർത്തിയാൽ അതിലൂടെ നാം നമ്മെതന്നെയാണ് രക്ഷിക്കുന്നത്. നമ്മുടെ ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയേ പറ്റൂ. ഒരു 50 വ‍ർഷം മുൻപ് കേരളത്തിലു ണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി നിൽക്കുന്ന തടാകങ്ങളുടേയും അരുവികളു ടേയും പുഴകളുടേയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ ആരുടെ കൈയ്യിലും ഉണ്ടാകില്ല.

ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം നാം ഇന്ന് കനത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു എന്ന് ഇന്റർനാഷണൽ വാട്ടർ മാനേജ്‍മെന്റ് ഇൻസ്‍സ്റ്റൂട്ടിന്റെ പഠനത്തിൽ പറയുന്നു. എന്താണ് നമുക്ക് വേണ്ടതെന്ന് നന്നായി ചിന്തിക്കേണ്ടേ. അന്നവും കുടിവെള്ളവും അന്യമാകാൻ പോകുന്നു. നമ്മുടെ 44 നദികളും മരിച്ചുകൊണ്ടിരിക്കുന്നു . കുന്നുകളെല്ലാം ഇടിച്ചുനിരത്തി കോൺക്രീറ്റ് സൗധങ്ങൾ ഉയരുന്നു. മുറ്റങ്ങളെല്ലാം കോൺക്രീറ്റിട്ട് മൂടുന്നു. ആ കോൺക്രീറ്റ് ഇട്ട മുറ്റത്ത് ഒറ്റ ചെടിയെങ്കിലും മുളച്ചുവരുന്നത് നാം കാണുന്നുണ്ടോ? ഇങ്ങനെയൊക്കെ നമ്മുടെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു. എന്താണ് നമ്മൾ ഇതിലൂടെ നേടുന്നത്? നമ്മുടെ ഭൂമിക്ക് ചൂട് കൂടുന്നു. എല്ലാം വിഷാംശം ആയിരിക്കുന്നു. നമ്മുടെ നദികൾ നിറഞ്ഞൊഴുകേണ്ടേ വയലുകളിൽ ഇനിയും പച്ചപ്പ് നിറയേണ്ടേ. നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയുമൊരു പാഠം ഉൾകൊള്ളേണ്ടിയിരിക്കുന്നു.

മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടണം. മലിനീകരിക്കപ്പെട്ട പുഴകളും തടാകങ്ങളും പൂർവ്വസ്ഥിതി യിലാക്കാൻ കഴിയണം. വംശനാശം സംഭവിച്ച് പോകാറായ ജീവികളെ കണ്ടെത്തി സംരക്ഷിക്കണം. പൂർണമായും തുടച്ചുമാറ്റപ്പെട്ടൂ എന്ന് കരുതുന്ന ജീവികളേയും സസ്യങ്ങളേയും നാട്ടിലെവിടെയെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി സംരക്ഷിക്കണം. പച്ചപിടിച്ച മരക്കാടുകളും അനേകം ജലസ്രോതസുകളും അതുപോലെ പ്രകൃതിയുടെ മറ്റ് അനുഗ്രഹങ്ങളും നമ്മുടെ ഈ കൊച്ച് കേരളത്തിലുണ്ട് . അതിന്റെ പഴയകാലം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളതിനെ നിലനിർത്തികൊണ്ട് നാം നന്നായി വരുംതലമുറകൾക്കായി നമ്മുടെ ഈ പ്രകൃതിയെ കാത്തു സംരക്ഷിക്കണം.

അഞ്ജന കെ എസ്
8 E സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം