സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/ഫീനിക്സ് പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഫീനിക്സ് പക്ഷി
                       അയാൾ ജനാലക്കരികിലിരുന്നു  പുറത്തെ ചൂടിലേക്ക്  വിരൽ ചൂണ്ടി നിന്നു. പ്രകൃതിയുടെ സൂക്ഷ്മമായ ചലനവും സൗന്ദര്യവും ആസ്വദിക്കാനും  വീക്ഷിക്കാനും  അയാൾ പഠിച്ചിരിക്കുന്നു. ഏകാന്തതയുടെ ഇരുളിൽ മൂകനായി ജീവിതം തള്ളിനീക്കുകയാണ് താൻ ഈ 7ദിവസം കൊണ്ട് എന്നയാൾ ആലോചിച്ചുപോയി. ഗൾഫിൽ വിയർപ്പൊഴുക്കി താൻ സമ്പാദിച്ച, താൻ പടുത്തുയർത്തിയ  സ്വന്തം വീടും, 10വർഷത്തിന് ശേഷം സ്വന്തം കുടുംബത്തെ കാണുന്ന നിമിഷം. താൻ ഓരോ രാത്രിയിലും സ്വപ്നം കണ്ട ആ നിമിഷം നിറവേറാൻ പോകുന്നെന്ന സന്തോഷമായിരുന്നു വീമാനത്താവളത്തിൽ നിന്നും ഇറങ്ങുമ്പോൾ അയാൾക്കുണ്ടായത്. എന്നാൽ.....അതിനെല്ലാം വിലങ്ങുതടിയായി ഒരു വൈറസ്. കണ്ണിൽ പോലും കാണാനാകാത്ത അത് ഇന്ന് ലോകമാനമുള്ള ജനങ്ങളുടെ  പേടിസ്വപ്നമായിരിക്കുന്നു. അതിന്റെ  ഭീതിദമായ നിഴലിൽ അയാൾ അകപെട്ടുപോയോ?... സ്വന്തം നാടിനും വീടിനും വേണ്ടി രക്ഷകനാകുന്നല്ലോ താൻ എന്ന ചിന്തയിലാണ് ഈ ക്വാറന്റയിനിൽ അയാൾക്ക്‌ സന്തോഷിക്കാനുള്ള കാര്യം. ആകാശത്തിന്റെ അനന്തമായ  നീലിമയിലേക്ക് നോക്കിയിരിക്കെ പെട്ടെന്ന് ജനാലക്കരികെ കിലുങ്ങുന്ന  കൊലുസുകളുടെ സ്വരം. അയാളുടെ മകൾ ആ ജനാലക്ക് പുറത്ത് നിന്ന് ദിനപത്രം അകത്തേക്കിട്ട് തന്റെ അച്ഛനെ നിറപുഞ്ചിരിയോടെ നോക്കി. പിന്നെ നിരാശയോടെ അവൾ മടങ്ങി. അപ്പോൾ അയാളിലും കനത്ത ദുഃഖമായിരുന്നു. തന്റെ മക്കളെ ഒന്ന് വാത്സല്യത്തോടെ എടുക്കാൻ പോലും അയാൾക്ക് സാധിച്ചിട്ടില്ല. അതെല്ലാം ഉള്ളിലൊതുക്കി അയാൾ ആ പത്രം എടുത്തു. ഞെട്ടിച്ചുകൊണ്ട്, അവിശ്വസനീയമായ ഒരു വാർത്തയാണ് കണ്ടത്. തന്നോടൊപ്പം സ്വന്തം പേരക്കുട്ടിയെ കാണാനെത്തിയ ജോസഫ് ചേട്ടനെ കൊറോണ എന്ന മഹാമാരി വിഴുങ്ങി ഇല്ലാതാക്കിയിരിക്കുന്നു. ഈ മഹാമാരിയിൽ  അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം ജീവൻ മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ അടങ്ങാത്ത ഒരുപാട് സ്വപ്‌നങ്ങളായിരുന്നു എന്നയാൾ ചിന്തിച്ചു. പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് ആരോഗ്യവകുപ്പിന്റെതാണ്. രണ്ട് ദിവസം മുൻപ് തന്റെ സ്രവവും അവർ എടുത്തിരുന്നു. അതിന്റെ ഫലം പോസിറ്റീവ്. ഉള്ളിൽ ഭയാനകമായ എന്തോ ഒന്ന് അയാളെ വല്ലാതെ തളർത്തി. പേടിയാൽ അയാൾ നിന്ന് വിറക്കുകയായിരുന്നു. മരണം വാതിൽക്കൽ നിൽക്കുന്നതായി അയാൾക്ക് തോന്നി. ഇനി താനും കൊറോണ എന്ന ഭീതിയുടെ കത്തിജ്വലിക്കുന്ന നാളത്തിലേക്ക്   എരിഞ്ഞമർന്ന് ചാരമാകുമോ എന്ന ഭയം അയാളെ നടുക്കി. വൈകുന്നേരം അയാൾ തടങ്കലിന്റെ ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് പറന്നു. ആശുപത്രി മുറിയിലെ ഓരോ മൂലയും  അയാളെ ഭയപ്പെടുത്തി. ദിവസം 8നാൾ കഴിഞ്ഞു. ഇന്നിതാ അയാളുടെ സ്രവഫലം നെഗറ്റീവ് ആയി എന്ന് അയാൾ ആശ്വാസത്തോടെ അറിഞ്ഞു. 2 ദിവസം കൂടി കഴിഞ്ഞപ്പോൾ ആ ആശുപത്രി പടികൾ ഇറങ്ങുമ്പോൾ ഒന്ന് മാത്രമേ അയാൾ ആ മാലാഖമാർക്ക്‌ കൊടുത്തുള്ളൂ. ആ നഴ്‌സ്‌മാരുടെയും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സമീപനമാണ് അയാൾക്ക് ഈ പുതുജീവൻ കിട്ടാൻ കാരണം. ഏകാന്തത അയാളെ ഇടക്ക് വച്ച് പിടികൂടാനോരിങ്ങിയപ്പോൾ ആത്മധൈര്യം നൽകിയ അവർക്ക് അയാൾ ഒരു സല്യൂട്ട് നൽകി. എന്നിട്ട് ഇവരാണ് ദൈവം എന്ന അടിക്കുറിപ്പും ഇട്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടു. അങ്ങനെ കോവിഡിനെ ചെറുത്തു തോൽപ്പിച്ച് അയാൾ ആത്മധൈര്യം ആർജ്ജിച്ച് ആ ആശുപത്രി വിട്ട് സ്വന്തം പുതിയ വീട്ടിലേക്ക്  ഐസോലേഷനിൽ കഴിയാൻ  പോയി. ഫീനിക്ക്സ് പക്ഷിയെപ്പോലെ കേരളം ഇതും അതിജീവിക്കും. പ്രളയവും നിപ്പയും അതിജീവിച്ചതുപോലെ..
അമൃത പി യു
9 സി സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ