വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ മഞ്ഞക്കുളം എന്ന സ്ഥലത്താണ് വിളയാട്ടൂർ എളമ്പിലാട് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി താലൂക്കിലെ കൊഴുക്കല്ലൂർ വില്ലേജിൽ പെട്ടതാണ് ഈ സ്ഥലം. 1925-26 കാലഘട്ടം എഴുത്തും വായനയും അറിയാവുന്നവർ ഈ പ്രദേശത്തെ സാധാരണ ജനങ്ങളുടെ ഇടയിൽ വളരെ കുറവായിരുന്നു. അക്കാലത്ത് കേളോത്ത് മീത്തൽ ചെക്കോട്ടി ഗുരുക്കളുടെ നേതൃത്വത്തിൽ ഇന്നത്തെ സ്രാമ്പി സ്ഥിതി ചെയ്യുന്ന മഞ്ഞക്കുളങ്ങര എന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. പൈതൃകമായ സ്വത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഈ എഴുത്തുപള്ളിക്കൂടം നടത്തി വന്നിരുന്നത്. പനയോലയിൽ എഴുത്താണി ഉപയോഗിച്ച് എഴുതിക്കൊടുത്തും തൊണ്ടിൽ മണലുമായി വരുന്ന കുട്ടികളെ നിലത്തിരുത്തി മണലിൽ എഴുതിപ്പിച്ചും വന്നിരുന്നു. പിന്നീട് അറിവിനനുസരിച്ച് കുട്ടികളെ ഒന്ന്, രണ്ട്, ക്ലാസുകളിലാക്കി പഠിപ്പിക്കാൻ തുടങ്ങി. ഹാജർ വിളിക്കുന്ന സമ്പ്രദായവും നിലവിൽ വന്നു. മൂന്നു വർഷത്തിനു ശേഷം 1928 ൽ ചെക്കോട്ടി ഗുരുക്കളുടെ നേതൃത്വത്തിൽ ചോയികണ്ടി കേളപ്പൻമാസ്റ്റരും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ചാത്തുവും ചേർന്ന് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റി സ്ഥാപിച്ചു. അക്കാലത്ത് ട്രെയിനിംഗ് കഴിച്ച അധ്യാപകർ ഈ പ്രദേശത്ത് ഇല്ലായിരുന്നു. ചോയികണ്ടി കേളപ്പൻമാസ്റ്റർ ട്രെയിനിംഗ് കഴിഞ്ഞ് വന്ന് ഇവിടെ അധ്യാപകനായി തുടർന്നു. 65 വിദ്യാർത്ഥികൾ ആദ്യ വർഷം തന്നെ ഇവിടെ ചേർന്ന് പഠിച്ചിരുന്നു. ഇതിൽ ഒന്നാംക്ലാസിൽ 52 ഉം രണ്ടാം ക്ലാസിൽ 13 ഉം കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. സ്കൂളിൽ ഒന്നാമതായി ചേർന്നത് മാവിലാംകണ്ടി കണാരൻ എന്ന ആളുടെ മകൻ കേളപ്പനും ഒന്നാം ക്ലാസിൽ ആദ്യമായി ചേർന്നത് മേക്കോത്ത് ചെക്കോട്ടിയുടെ മകൻ ചാത്തപ്പനും ആയിരുന്നു. വിളയാട്ടൂർ എളമ്പിലാട് ഹിന്ദു എയിഡഡ് സ്കൂൾ എന്നായിരുന്നു അക്കാലത്ത് സ്കൂളിന്റെ പേര്. ചോയികണ്ടി കേളപ്പൻമാസ്റ്റർ സ്ഥാപിച്ചതു കൊണ്ട് ചോയികണ്ടി സ്കൂൾ എന്ന പേരിലും വളരെക്കാലം അറിയപ്പെട്ടിരുന്നു.

സ്ഥാപക മാനേജരായിരുന്ന ചോയികണ്ടി കേളപ്പൻമാസ്റ്റർ സ്കൂളിന്റെ കാര്യത്തിൽ വളരെ തല്പരനും ശ്രദ്ധാലുവും ആയിരുന്നു. അദ്ദേഹത്തിന് പ്രായമായപ്പോൾ മകൻ ചോയികണ്ടി ബാലൻ മാനേജ്മെന്റ് ഏറ്റെടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്ക്കൂൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നതിനാൽ ഫ്ളവറോൺ എന്നറിയപ്പെടുന്ന ശ്രീ. മൊഹിയുദ്ദീൻ ‘ഫ്ളവറിഷ്' എന്ന ആൾക്ക് മാനേജ്മെന്റ് കൈമാറി. അദ്ദേഹം സ്ക്കൂൾ കെട്ടിടം പഴയ മാതൃകയിൽ തന്നെ പുതുക്കി പണിതു. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം വളരെയധികം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഹജ്കർമ്മത്തിനിടെ സംഭവിച്ച നിര്യാണത്തെത്തുടർന്ന് ഭാര്യ ആമിന സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ടി. കെ. കുഞ്ഞിക്കേളു നമ്പ്യാർ (31.3.63 വരെ), ടി. കെ. നാരായണൻ നമ്പ്യാർ (13.3.47-31.3.1973) പി. നാരായണൻ നായർ (6.9.55-23.9.55) (11659-30.11.63), കെ. പി. കണാരൻ (5.10.57 - 31.3.88), എം.കുഞ്ഞിരാമൻ(23.6.69- 31.3.99) 6. കെ. പി. ഗംഗാധരൻ (22.6.72 -31.5.04) എം. ടി. ബാലൻ, സി. രാജലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഹെഡ് മിസ്റ്റ്രസ് ദീജി. വി. കെ ആണ്. ഈ വിദ്യാലയത്തിൽ ഇപ്പോൾ 92 കുട്ടികൾ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ 2 യു.പി.സ്കൂളും 3എൽ.പി.സ്കൂളും പ്രവർത്തിക്കുന്നുണ്ട്.

വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന പി.ടി.എ, എസ്.എസ്.ജി, എം.പി.ടി.എ എന്നിവ സ്കൂളിനുണ്ട്. ശ്രീ.രജീഷ്. ഇ പി.ടി.എ.പ്രസിഡന്റും, ശ്രീ.എ.എം.കുഞ്ഞിരാമൻ എസ്.എസ്.ജി. ചെയർമാനും ശ്രീമതി സിന്ധു വള്ളിൽ എം.പി.ടി.എ. ചെയർപേഴ്സണും ആണ്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പി.ടി.എ., എസ്.എസ്.ജി, . എം.പി.ടി.എ എന്നിവയുടെ പൂർണ്ണ പങ്കാളിത്തം ലഭിക്കുന്നുണ്ട്. 2016 ൽ പഴയ ബിൽഡിംഗ് പൊളിച്ച് പുതിയ ബിൽഡിംഗ് പണിയാൻ മാനേജറും പി.ടി.എ യും സംയുക്തമായി തീരുമാനമെടുത്തതിന്റെ ഫലമായി പുതിയ KER നിയമപ്രകാരമുള്ള 6 ക്ലാസ് ക്ലാസ് മുറികളോട് കൂടിയ രണ്ട് നില ബിൽഡിംഗ് പണിയാരംഭിച്ചു. സ്കൂൾ താല്കാലിക ബിൽഡിംഗിൽ പ്രവർത്തിക്കുകയും ചെയ്തു 2016 ൽ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ വികസനസെമിനാർ സംഘടിപ്പിക്കുകയും നാട്ടുകാരുടെ പൂർണ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തു. ജനകീയപങ്കാളിത്തത്തോടെ മികച്ച ഭൗതീക സൗകര്യങ്ങളോടു കൂടി 2016 മെയ് മാസം സ്കൂൾ കെട്ടിട നിർമാണം പൂർത്തിയായി. 2017 ജൂണിൽ പുതിയ കെട്ടിടത്തിൽ പ്രവേശനോത്സവത്തോടുകൂടി കുട്ടികൾ പഠനം തുടങ്ങി. ബഹുമാനപ്പെട്ട അന്നത്തെ തൊഴിൽ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇത് നാടിന്റെ ഉത്സവമാക്കി മാറ്റാൻ സ്കൂളിന് സാധിച്ചു.

പഠന നിലവാരത്തിൽ എന്ന പോലെ മറ്റു കലാകായിക പ്രവൃത്തി പരിചയ മേളകളിലും ഈ വിദ്യാലയം തിളക്കമാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ചവരിൽ ഒട്ടേറെ പേർ ഉയർന്ന ഉദ്യോ ഗസ്ഥരായി റിട്ടയർ ചെയ്തവരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവരുമായി ഉണ്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന ജി.എസ്.രോഷൻരാജ് THSLC പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടുകയുണ്ടായി. പ്രബിന എന്ന വിദ്യാർത്ഥിനി ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാനതല സ്പോട്സിൽ ഹൈജംപ് ചാമ്പ്യനാണ്. സ്കൂളിൽ വിദ്യാരംഗം സാഹിത്യവേദി, ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. എല്ലാ വിദ്യാർത്ഥികളും സഞ്ചയികയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതാണ്. കൊച്ചുകുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി മാനേജർ സ്കൂളിൽ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുണ്ട്. പി.ടി.എ.യുടെ സഹായത്തോടെ ഒരു കമ്പ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട്. പൂർവ്വാധ്യാപകരുടെ സഹായത്തോടെ ഒരു മികച്ച സ്മാർട്ട് റൂമും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.