വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ കേരളത്തിൽ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിൻറെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിൽ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിൻറെ ആവശ്യകത
                                                        പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ് .മനുഷ്യന്റെ ഭൗതികമായ ചിന്തകളാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങൾക്ക് മനുഷ്യൻ ശ്രദ്ധിതിരിക്കുമ്പോൾ ഉണ്ടാകുന്ന ആസക്തിയെ  തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു . ചൂഷണം ഒരർത്ഥത്തിൽ  മോഷണം തന്നെയാണ്.പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യം ആണ്. വൻതോതിലുള്ള ഉൽപ്പാദനത്തിന് വൻതോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി. ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി നിപതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ.എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻറെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് .എന്നാൽ ഭൂമി യെ നാം മലിനമാക്കുന്നു. കാടിൻറെ മക്കളെ കുടി ഇറക്കുന്നു. കാട്ടാറുകൾ കയ്യേറി കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്.സാക്ഷരത യുടെയും ആരോഗ്യത്തിന്റെയും  വൃത്തിയുടെയും  ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.സ്വന്തം വൃത്തിയുടെയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ  സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം അനുഭവം ആയി മാറുക. സമൂഹത്തിലെ പൊതുധാരയിൽ ഉള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാകില്ല. പക്ഷേ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണമായ പ്രശ്നമാണ് ഇത്തരം പ്രശ്നങ്ങൾ.


                                                        പാടം നികത്തി യാലും മണൽവാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറാകണം. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിൽ ഉണ്ട്. അത്യാഗ്രഹ ത്തിനുള്ള ഇല്ലതാനും.പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല,സമൂഹത്തിൻറെ കടമയാണ്.വനനശീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം ,കുടിവെള്ളക്ഷാമം ,തുടങ്ങിയവ സർവതും പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു.വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു ഈ കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകത്തിടത്തോളം  ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി   നാം ആർജിക്കണം.പൂർവ്വികർ കാണിച്ച പാത യിലൂടെ പരിസ്ഥിതിസൗഹൃദ മതത്തിലൂടെ നദികളെയും മലകളെയും വനങ്ങളെയും പുണ്യ സങ്കേതങ്ങൾ ആയി കണ്ടുകൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാകണം. നമുക്ക് കൈകോർക്കാം, ഒരു നല്ല നാളേക്കായി.........


ബിബിയ മേരി
10 ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം