രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 എന്ന കൊറോണ വൈറസ്

ലോകം 2020-ൽ ഭീതിയുടെ വക്കിലാണെന്നു പറയാതിരിക്കാൻ വയ്യ. എങ്കിലും ആശയ്ക്കു വകയുണ്ട് എന്ന് എന്റെ കുഞ്ഞു മനസ്സ് പറയുന്നു. കാരണം 14-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ജനസംഖ്യയുടെ മൂന്നിൽ ഒന്നിനെ ലോകത്തു നിന്നും തുടച്ചു നീക്കിയ കരിമരണം എന്ന മഹാമാരിയെ ഉന്മൂലനം ചെയ്തിട്ടുണ്ട്.

2019 അവസാനം ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് ഉദ്ഭവിച്ച കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് 2020 ആദ്യത്തോട് കൂടി ലോകമെമ്പാടും വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ അശ്രദ്ധക്കുറവു കൊണ്ടോ ഗവൺമെന്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയത് കൊണ്ടോ വികസിത രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ കോവിഡ്- 19 മനഷ്യ ജീവനുകളെ കൊന്നൊടുക്കുകയാണ്.

ഗൾഫ് നാടുകളിലും രോഗം പടരുന്ന ഈ അവസരത്തിൽ നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഭയങ്കരമായിട്ടുള്ള പ്രഹരം ഏൽപ്പിക്കാൻ പറ്റിയിട്ടില്ല എന്ന് ആശ്വസിക്കാം. കാരണം കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും വളരെ വലിയ മുൻകരുതൽ എടുത്തിട്ടുണ്ടെന്നുള്ളത് എടുത്തു പറയാതിരിക്കാൻ വയ്യ. നമ്മുടെ കൊച്ചു കേരളത്തിലേക്ക് നോക്കിയാൽ നിപ്പയും പ്രളയവും കഴിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പോരാടിയതിന്റെ ഫലമെന്നോണം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അതു പോലെ കൊറോണയേയും നമ്മൾ പിഴുതെറിയണം.

ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ സർക്കാറിന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കണം. ബ്രെയ്ക് ദി ചെയ്ൻ ക്യാംപയിൻ, കർഫ്യൂ, ലോക് ഡൗൺ, സാമൂഹിക അകലം പാലിക്കൽ എന്നീ സുരക്ഷാ മാർഗ്ഗങ്ങൾ നാമോരോരുത്തരും ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. ന മ്മുടെ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ കേന്ദ്ര ഗവൺമെന്റ് മുതൽ സംസ്ഥാന ഗവൺമെന്റ്, ആരോഗ്യ വകുപ്പ് , പോലീസ് വകുപ്പ്, ഫയർഫോർസ്, സന്നദ്ധ സംഘടനകൾ എന്നിവർ രാപ്പകലെന്നില്ലാതെ കൈമെയ് മറന്ന് സേവനം ചെയ്യുന്നതിന് നമ്മളെത്ര അഭിനന്ദിച്ചാലും മതിയാവില്ല. ലോക് ഡൗണിന്റെ ഫലമായി അവശ്യ സർവ്വീസുകളൊഴികെ മറ്റൊന്നും അനുവദനീയം അല്ലെന്നതിനാൽ രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമായി വരുകയാണ്. എങ്കിലും നമ്മളെല്ലാം സഹിച്ച് മുന്നോട്ട് തന്നെ പോകണം. നമ്മൾ വിജയിക്കും. ലോകം കൊറോണയെ ഇല്ലാതാക്കും. മനുഷ്യൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തും. പരസ്പര സ്നേഹവും ബഹുമാനവുമുള്ള നല്ല നാളെയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ച് നിൽക്കാം.

നമ്മുടെ ഇന്ത്യ, അതുപോലെ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്ന ഈ അവസരത്തിൽ, കോവിഡ്- 19 എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ നേതൃത്വം നൽകുന്ന ഗവൺമെന്റിനും മെഡിക്കൽ വിഭാഗത്തിനും പോലീസിനും ഫയർഫോർസിനും സന്നദ്ധ സംഘടനകൾക്കും ഒരിക്കൽ കൂടി നന്ദി പറയേണ്ടിയിരിക്കുന്നു.

അനുശ്രീ വി വി
6 D രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം