ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/ഒരു കോവിഡ് നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് നൊമ്പരം

ഇന്നാണ് ആ സുദിനം.ഒരു വർഷത്തിലേറെയായി താൻ കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുന്നു.പക്ഷെ,വിഷ്ണുവിന്റെ കണ്ണുകളിൽ സന്തോഷമില്ലായിരുന്നു.തികച്ചും മ്ലാനമായിരുന്നു ആ മുഖം.അവൻ ബോർഡിംഗ് സ്കൂളിന്റെ ഹോസ്റ്റലിൽ തന്റെ റൂമിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.അവന്റെ ചിന്തകൾ എവിടെയൊക്കെയോ അലയുകയായിരുന്നു.അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത് അനന്തു എന്ന റൂം മേറ്റിന്റെ ശബ്ദമായിരുന്നു. സ്കൂളിലെ അവന്റെ സഹപാഠിയും ബെസ്റ്റ് പ്രണ്ടുമാണ് അനന്തു."എടാ കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും എന്നെ കൂട്ടാൻ ആരും വരില്ല.നിന്നെ വിളിക്കാനും ആരും വരില്ലേ?" " വരും.ലോക്ഡൗൺ മാറിയാലുടൻ എന്റെ അച്ഛനുമമ്മയും വരും.നീ എന്റെ കൂടെ പോര്.ഇപ്രാവശ്യം അവധിക്കാലം എന്റെ വീട്ടിൽ നമുക്ക് അടിച്ചുപൊളിച്ചാഘോഷിക്കാം." വിഷ്ണുവിന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ അനന്തുവിനും സന്തോഷം നൽകി.

വിഷ്ണുവിന്റെ ചിന്തകളിലേക്ക് അച്‌ഛനുമമ്മയും വീടും ഒക്കെ ഓടി എത്തി.അവന്റെ മാതാപിതാക്കൾ അമേരിക്കയിലാണ്.അവൻ ഈ ബോർഡിംഗ് സ്കൂളിലെത്തിയിട്ട് 2 വർഷമായി.വർഷാന്ത്യത്തിൽ മാത്രം തന്നെ കാണാനും കൂടെ കൂട്ടാനും എത്തുന്ന രണ്ടു മുഖങ്ങളായി അച്ഛനും,അമ്മയും മാറിയത് അവന് വലിയ നൊമ്പരമായിരുന്നു. അതിലേറെ അവനെ വേദനിപ്പിച്ചത് കുഞ്ഞനിയനെ പിരിയുന്നതായിരുന്നു. അവനെ ഈ ബോർഡിംഗ് സ്കൂളിലാക്കി അവർ തിരിച്ചുപോയപ്പോൾ അവൻ ദിവസങ്ങളോളം തേങ്ങി കരഞ്ഞിരുന്നു. പിന്നീട് അവധിക്കാലത്തെ 2 മാസമായിരുന്നു അവന്റെ സ്വപ്നം. ഈ ബോർഡിംഗിലെ ജീവിതത്തിൽ അവനാകെ ആശ്വാസമായിരുന്നത് അവന്റെ മുത്തശ്ശിയായിരുന്നു. രണ്ടോ,മുന്നോ മാസം കൂടുമ്പോൾ ചുക്കിചുളിഞ്ഞ വയറ് മറച്ച നരച്ച സാരിയിൽ പൊതിഞ്ഞു കൊണ്ടു തരുന്ന തേൻ മിഠായി.അനേകം ഉമ്മകൾ നൽകി തന്നെയടുത്തിരുത്തി വിശേഷങ്ങൾ പറഞ്ഞിരുന്ന മൂത്തശ്ശി ഓർമ്മയായിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. തന്നെ തിരഞ്ഞു വരാനോ കാണാനോ ഇനി ആ മുഖവുമില്ല.ശരിയാണ് ജീവിതം ഒരു നാടകത്തട്ടാണ്,ചില മുഖങ്ങൾ അരങ്ങേറുമ്പോൾ ചിലത് അരങ്ങൊഴിയും.അവൻ മുത്തശ്ശിയുടെ വേർപാട് ഓർത്ത് വിതുമ്പി പെട്ടെന്ന് അവന്റെ ഓർമ്മകളിലേക്ക് അച്ഛന്റെ ഇന്നലത്തെ ഫോൺ കോൾ ഓടിയെത്തി.ഉടനെ അവനെ കൂട്ടാൻ എത്താൻ കഴിയില്ല എന്നറിച്ചതായിരുന്നു അത്. ലോക്ക് ഡൗൺ കാരണം ഫ്ലൈറ്റില്ല പോലും.താൻ ഒരു വർഷം കൊണ്ട് നെയ്ത് കൂട്ടിയ സ്വപ്നങ്ങളുടെ ചീട്ട് കൊട്ടാരം കാറ്റ് തകർത്തത് പോലെ.കുഞ്ഞനിയനെ കാണാൻ ഇനിയും കുറേനാൾ കാത്തിരിക്കണം എന്നോർത്തപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും നീർച്ചാലാകാൻ വെമ്പൽ പൂണ്ടു. അവനടക്കം ഇപ്പോൾ പത്ത് കുട്ടികൾ മാത്രമേ ബോർഡിംഗിലുള്ളൂ.മറ്റ് കുട്ടികളെല്ലാം അവരവരുടെ മാതാ പിതാക്കളോടാപ്പം വീടുകളിലേക്ക് മടങ്ങിയിരുന്നു.അനക്കമറ്റു കിടക്കുന്ന ആ ബോർഡിംഗിനെ അവനേറെ വെറുത്തു. ബോർഡിംഗിലെ അവന്റെ ഏറ്റവും വലിയ ആശ്വാസം അനന്തു വാണ്.ഇവിടെ വന്ന ശേഷം ഒരിക്കൽപ്പോലും അവൻ വീട്ടിലേക്ക് പോയിട്ടില്ല എന്നു പറഞ്ഞപ്പോൾ വിഷ്ണു കാരണമന്വേഷിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു."ഡാ,നിങ്ങളുടേതുപോലെയുള്ള സന്തോഷപൂർണ്ണമായ കുടുംബം എനിക്കില്ലെടാ.എന്റെ മാതാ പിതാക്കൾ വേർപ്പെട്ടതാണ്.മാതാ പിതാക്കളുടെ സ്നേഹവും, വാത്സല്ല്യവും അധികം ഞാൻ അനുഭവിച്ചിട്ടില്ല.അവർ രണ്ടു പേരും വെവ്വേറെ വിവാഹം കഴിച്ച് രണ്ട് കുടുംബമായി.ഞാനിവിടെ ഏകനും.ഇവിടെ വന്ന ശേഷം രണ്ടു വട്ടം അമ്മയും ഒരു വട്ടം അച്ഛനും അവനെ കാണാൻ വന്നിരുന്നുവത്രെ. പതിയെപ്പതിയെ അവർ ഈ വഴി മറന്നു.എന്നെ ഒരു ഭാരമായി തോന്നിയിടുണ്ടാകും രണ്ടു പേർക്കും.ഒരു കണക്കിന് നന്നായി ,അവരുടെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കണ്ടല്ലോ.അവൻ ദീർഘനിശ്വാസം വിട്ടു.

പെട്ടെന്ന് വാർഡന്റെ ഇടിമുഴക്കം പൊലെയുള്ള ശബ്ദം അവനെ ചിന്തകളിൽ നിന്നുമുണർത്തി." വിഷ്ണുവിനൊരു കോളുണ്ട്" വാർഡൻ പറഞ്ഞു." ആരുടെയാ സർ"അവൻ ചോദിച്ചു." അമേരിക്കയിൽ നിന്നും അച്ഛന്റേതാണ്." പെട്ടെന്ന് ചാടി എണീറ്റ് അവൻ സന്തോഷത്തോടെ വാർഡന്റെ മൊബൈൽ വാങ്ങി.പക്ഷെ അച്ഛന്റെ വാക്കുകളിൽ ദുഃഖം നിറഞ്ഞിരുന്നു."* "മോനെ,ഉടനെയെങ്ങും ഞങ്ങൾക്ക് കേരളത്തിലേക്ക് വരാൻ കഴിയില്ല.മോൻ വിഷമിക്കരുത്. അവിടെ സേഫ് അല്ലേ?"ആദ്യം അവന് വല്ലാത്ത ദ്വേഷ്യവും,സങ്കടവും തോന്നി.അനന്തുവിനെപ്പോലെ തന്നെയും അച്ഛനുമമ്മയും ഒഴിവാക്കുകയാണോ?അവന്റെ കുരുന്നു മനസ്സിൽ പല ചോദ്യങ്ങളുമുണ്ടായി.പെട്ടെന്ന് അവൻ അച്ഛനോട് ചോദിച്ചു."അച്ഛാ.അച്ചു എവിടെ?എനിക്കവനോട് സംസാരിക്കണം.ഒരു നിമിഷം അച്ഛൻ നിശ്ശബ്ദനായി. പിന്നീട് പതിയെ പറഞ്ഞു."ഡോൺട് വറി.ബട്ട്....അച്ചു വെന്റിലേറ്ററിലാ മോനേ....അവനും കോവിഡ് ബാധിച്ചു.ഇവിടെകാര്യങ്ങൾ കുഴപ്പമാ..വിഷ്ണു നീ നമ്മുടെ നാട്ടിലാണെന്നതാണ് ഞങ്ങളുടെ ആശ്വാസം.നമ്മുടെ കേരളത്തിനോളം സുരക്ഷിതമല്ല ഒരു നാടും.ഈ കൊറോണക്കാലത്താണ് അത് മനസ്സിലായത്.മോൻ അച്ചുവിന് വേണ്ടി പ്രാർത്ഥിക്കണം"അച്ഛൻ ഒരു വിതുമ്പലോടെ പറഞ്ഞവസാനിപ്പിച്ചു. അവന് ശ്വാസം നിലക്കുന്നതായും, ശരീരത്തിൽ നിന്നും രക്തം ഊർന്ന് പോകുന്നതായും തോന്നി.അവൻ കട്ടിലിൽ ചാഞ്ഞു കിടന്ന് തന്റെ കുടുംബചിത്രം നെഞ്ചോട് ചേർത്ത്പ്പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു.ആ കണ്ണുനീരും തേങ്ങലും ആ ബോർഡിംഗ് മുറി വേദനയോടെ ഏറ്റു വാങ്ങി.

ഭദ്ര പ്രിയ ജെ എസ്
8C ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ