പറമ്പിൽ എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ഞാനും


ഇന്ന് കുറച്ച് വ്യത്യസ്തമായ അതായത് ഇപ്പോൾ ലോകം കൂടുതലായും ചിന്തിക്കുന്ന ഭയപ്പെടുന്ന ഒരു വിഷയമാണ് എന്നെയും അലട്ടുന്നത്. ചിന്തിക്കുമ്പോൾ തന്നെ മനസ്സിൽ ആശങ്കയുടെയും ഭീതിയുടെയും വിത്ത് വിതയ്ക്കുന്ന രോഗം. ആശങ്കവേണ്ട ജാഗ്രത മതി എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കൊറോണ ഉണ്ടാക്കുന്ന ഭീതി ഒട്ടും കുറവല്ല. രാജ്യം അടച്ചു. പത്രത്തിലെ വാർത്തയാണ്. ഇത് എവിടെ ചെന്നാണ് നിൽക്കുക എപ്പോഴാണ് നിൽക്കുക എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടാൻ സമയമായിട്ടില്ല എന്നെനിക്ക് ഈ വാർത്തയിലൂടെ മനസ്സിലായി. വുഹാനിൽ നിന്നും ഒരു ചെറിയ പനിയായി തുടങ്ങിയതാണ്. പിന്നെ ചൈന മുഴുവൻ വ്യാപിച്ചു. ഇറ്റലിയിലും അമേരിക്കയിലും വ്യാപിച്ചു. ഒടുവിൽ ഇന്ത്യയിലും എത്തി. മനുഷ്യന്റെ പ്രവർത്തികളെല്ലാം മനുഷ്യനു തന്നെ തിരിച്ചടിയായി എന്ന് പറയാം. ഇനിയെങ്കിലും നമുക്കൊന്ന് ശ്രദ്ധിക്കാം. ഏതായാലും സമ്പൂർണ ജയത്തോടെ കൊറോണയുടെ ജൈത്രയാത്ര തുടരുന്നു. ഇനി മെയ് 3 വരെ വീട്ടിൽ തന്നെ ഇരിക്കണം. കളിക്കാൻ പോവാനൊന്നും പറ്റില്ല. കുഴപ്പമില്ല നമ്മുടെ നാടിനു വേണ്ടിയല്ലേ . വീട്ടിലിരിക്കുന്നതിലൂടെ ഞാനും ഒരു പടയാളിയാവുകയാണ്. മരണസംഖ്യ കൂടുന്തോറും കൊറോണയുടെ ആശങ്കയും കൂടുന്നു. എന്താണ് ഇതിനൊരു ഒരു പരിഹാരം? ഞാൻ ചിന്തിച്ചു. പരിഹാരം കണ്ടുപിടിക്കണമെങ്കിൽ ആദ്യം അതിന്റെ ഉത്ഭവം മനസ്സിലാക്കണം. ആരോഗ്യവിദഗ്ധർ പല വിശദീകരണങ്ങളുമായി മുന്നോട്ടു വരുന്നു. വുഹാനിലെ മാംസവിൽപ്പനശാലയിൽ നിന്നും മനുഷ്യനിലേക്ക് എത്തിയതാണ് ഈ വൈറസ് എന്ന് പറയപ്പെടുന്നു. ആ മാംസവില്പനശാലയുടെ വീഡിയോ ഫോണിൽ കണ്ടിരുന്നു. ആ കാഴ്ചയിൽ ഞാൻ കുറച്ചുനേരം സ്തബ്ധനായി. എന്തൊക്കെ ജീവികളാണവിടെ! വണ്ട് , എട്ടുകാലി, പാമ്പ്, പുഴു മുതലായ ഒട്ടനവധി ജീവികൾ. അവ എന്റെ മനസ്സിൽ തുളച്ചുകയറി. രോഗം വന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം സാധ്യതകൾ മാത്രം. ഇവ സൂചിപ്പിക്കുന്നത് മനുഷ്യന്റെ കടന്നുകയറ്റമാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. മനുഷ്യർ ജീവജാലങ്ങളുടെ ലോകത്തേക്ക് അതിക്രമിച്ചു കയറുകയും അവയെ കൊന്നൊടുക്കുകയുമൊക്കെ ചെയ്തപ്പോൾ പ്രകൃതി നമുക്കായി കരുതിവെച്ച വിപത്ത് എന്താണെന്ന് അറിയാൻ സാധിച്ചില്ല. ഈ സമയം ഞാൻ നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിനെ ഓർത്തുപോകുന്നു. പാമ്പും പഴുതാരയും എല്ലാം ഭൂമിയുടെ അവകാശികൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം ഉണ്ടെങ്കിൽ കൊറോണയെക്കുറിച്ചും മനുഷ്യരുടെ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തിൻറെ പ്രതികരണമെന്തായിരിക്കും ? ഞാനോർത്തു. മാരക വൈറസ് ഇവിടെ പിടിമുറുക്കുകയാണ്. ഈ അവസരത്തിൽ നമ്മെ മുൻപിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെല്ലാം വീട്ടിലിരുന്ന് പൂർണ്ണ പിന്തുണയേകാം. സ്കൂളിൽ പഠനോത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞാൻ ഞെട്ടിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ വാർത്ത അറിഞ്ഞത്. കൊറോണ കാരണം സ്കൂളുകൾ പൂട്ടി. അതുകേട്ട് ഞാൻ തുള്ളിച്ചാടി. എങ്കിലും എന്നോട് ചേർന്നു പോയ ചില കാര്യങ്ങളെ കൈവിടണം എന്നോർത്തപ്പോൾ ആ സന്തോഷം മങ്ങി. സ്കൂളുകൾ തുറന്നാൽ ഇനി വേറെ സ്കൂളിലേക്കാണല്ലോ പോകേണ്ടത്. കൂടാതെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും സ്കൂളിനെയും അതിലും പ്രിയപ്പെട്ട അധ്യാപകരെയും കൈവിടണമെന്നോർത്തപ്പോൾ കൊറോണ കാരണം എനിക്കേറ്റത് ഏറ്റവും വലിയ തിരിച്ചടിയാണെന്ന് മനസ്സിലായി. കൊറോണ പടർത്തിയ ഭീതി ചെറുതൊന്നുമല്ലാത്തതുകൊണ്ട് പുറത്തും ഇറങ്ങാൻ പാടില്ല. ഇതെല്ലാം തിരിച്ചറിഞ്ഞപ്പോൾ എനിക്ക് കൂനിന്മേൽ കുരു എന്ന് പഴഞ്ചൊല്ല് ഓർമ്മവന്നു. ഇതെന്തെല്ലാം ദുരന്തങ്ങളാണീ കൊറോണ ഉണ്ടാക്കി വയ്ക്കുന്നത്? രോഗികൾ കൂടിക്കൊണ്ടിരിക്കുന്നു. ഐസൊലേഷൻ വാർഡുകൾ നിറഞ്ഞു കൊണ്ടിരിക്കുന്നു. നമ്മൾ പ്രകൃതിയിൽ നടത്തുന്ന അഴിഞ്ഞാട്ടത്തിന് പകരമായി പ്രകൃതി ഉരുളക്കുപ്പേരി പോലെ മറുപടിയും തരുന്നു. മനുഷ്യർ ഇനിയും പഠിക്കാനുണ്ട് പലതും. പല പ്രാവശ്യവും ഭൂമി നമ്മോട് ക്ഷമിക്കുന്നു. ഈ പ്രാവശ്യം വില്ലനായത് കൊറോണ എന്ന മഹാമാരിയാണ്. അടുത്ത തവണ എന്ത് വിപത്തായിരിക്കും പ്രകൃതി നമുക്കായി കരുതി വച്ചിരിക്കുന്നത് ? ഈ കൊറോണ കാലത്തും നമുക്ക് വേണ്ടി പൊരുതുന്ന പടയാളികളെ കുറിച്ച് ഞാൻ ഓർത്തു. പൊലീസുകാരും ആരോഗ്യപ്രവർത്തകരും ആണ് ഇപ്പോഴത്തെ ഹീറോസ്. കുറച്ചുദിവസങ്ങളായി എന്റെ ഹീറോ. അവരുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ സമയത്തും ഒന്നും മനസ്സിലാക്കാതെ പുറത്തിറങ്ങി നടക്കുന്ന വിഡ്ഢികളായ നമ്മളെ നിയന്ത്രിക്കുന്ന പൊലീസുകാരെ ശരിക്കും നമിക്കണം. എങ്ങനെയാണ് അവർക്ക് നമ്മളെ സഹിക്കാൻ കഴിയുന്നത്? ഞാനോർത്തു. അവർ താണുകേണു പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയിട്ടും ചിലർ കേൾക്കുന്നില്ല. ഇപ്പോൾ പുറത്തുവന്ന വിവരം കണക്കാക്കിയാൽ കുറച്ച് ശതമാനം ആളുകൾ മാത്രമേ സാമൂഹ്യ അകലം പാലിക്കുന്നുള്ളൂ. എവിടെയാണ് നമ്മുക്ക് തെറ്റുപറ്റിയത്? എന്താണ് നാമിനിയും പഠിക്കാത്തത്? ചിന്തിക്കണം. ഈ മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ, അല്ല നമ്മുടെ ഭൂമിയെ കരകയറ്റേണ്ടതുണ്ട്. നാടിനെ കാക്കാൻ ഉണ്ണാതെ ഉറങ്ങാതെ പൊരുതുന്ന പടയാളികൾക്ക് ബിഗ് സല്യൂട്ട് രോഗികളേറുന്നു. ആശങ്ക കൂടുന്നു. ഒടുവിൽ സംസ്ഥാനത്ത് മരണങ്ങൾ നടന്നിരിക്കുന്നു. കൂനിന്മേൽ കുരു പോലെ. കൊറോണ നമ്മെ വിഴുങ്ങുന്നതായി എനിക്ക് തോന്നി. ഒരു മനുഷ്യകോശത്തിലെത്തിയാൽ മാത്രമേ കൊറോണ ഉഷാറാവൂ. അങ്ങനെ ഒരു സാഹചര്യം നമ്മൾ ഒരുക്കാൻ പാടില്ല. കൊറോണ എന്നാൽ ലാറ്റിൻ ഭാഷയിൽ കിരീടം എന്നാണർത്ഥം. അതിൻറെ മുകളിലുള്ള കിരീടം പോലെയുള്ള നീണ്ട ഭാഗമാണ് അതിനാ പേര് നൽകിയത്. അതേ, കൊറോണ ഒരു കിരീടം വെച്ച രാജാവ് തന്നെ. ലോക നേതാക്കന്മാരെയെല്ലാം മുട്ടു കുത്തിച്ചിരിക്കുകയല്ലേ . ഒറ്റ വഴിയേയുള്ളൂ രാജാവിനെ തുരത്താൻ. വീട്ടിൽ തന്നെ പരമാവധി ഇരിക്കാൻ ശ്രമിക്കുക. ഇനി അത്യാവശ്യത്തിന് എവിടെയെങ്കിലും പോകണമെങ്കിൽ പോയി വന്നാൽ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈ കഴുകുക. ആളുകൾ കൂടുന്ന സന്ദർഭം ഒഴിവാക്കുക. അങ്ങിനെയുള്ള സമയങ്ങളിൽ മാസ്ക് ധരിക്കുക. ഇവയൊക്കെ കൊറോണയെ തുരത്താനുള്ള വഴികളാണെന്നറിഞ്ഞപ്പോൾ ഞാൻ ആവേശത്തിലായി. ഇതെല്ലാം എന്തെളുപ്പം! കേരള സർക്കാരും കേന്ദ്രസർക്കാരുമെല്ലാം വിവിധ പാക്കേജുകൾ കൊണ്ടുവരുന്നുണ്ട്, പാവങ്ങൾക്കുവേണ്ടി. ആശ്വാസം. ആരും പട്ടിണി കിടക്കേണ്ടി വരില്ല. വിവിധ മേഖലയിൽ നിന്നും ആളുകൾ സഹായഹസ്തവുമായി മുന്നോട്ടു വരുന്നു. ഏതായാലും കൊറോണയുടെ നീരാളിക്കൈകൾ ഇവിടെ പിടിമുറുക്കിയിരിക്കുകയാണ്. ആ കൈകൾ മുറിച്ചു മാറ്റേണ്ടത് നമ്മുടെ കടമ. അതിനുവേണ്ടി നമുക്ക് ശക്തമായി പോരാടാം. ഇനി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. പറയാം GO CORONA GO എനിക്കുറപ്പുണ്ട് നാം അതിജീവിക്കുക തന്നെ ചെയ്യും, ഈ പ്രതിസന്ധിയെയും.


അഭയ് ശങ്കർ
5 പറമ്പിൽ എൽ പി സ്‌കൂൾ പൊന്മേരി പറമ്പിൽ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം