ജി യു പി എസ് വെള്ളംകുളങ്ങര/ഇംഗ്ലീഷ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
ലക്ഷ്യങ്ങൾ
ആഗോള ഭാഷ എന്ന പദവി ലഭിച്ചിട്ടുള്ള ഭാഷയാണ് ഇംഗ്ലീഷ്. ശാസ്ത്രം, സാഹിത്യം, കലകൾ, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങി ഏത് മേഖലകളും ആയി ബന്ധപ്പെട്ട വിവരങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും, മനസ്സിലാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വളരെ അത്യാവശ്യമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ, ലോകത്തിനൊപ്പം മുന്നേറുവാൻ ഇംഗ്ലീഷ് ഭാഷ പഠിച്ചേ മതിയാകൂ. ഇംഗ്ലീഷ് ഭാഷാ നൈപുണികൾ ലളിതവും, രസകരവുമായ രീതിയിൽ പകർന്നു കൊടുക്കുക എന്നതാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രഥമ ലക്ഷ്യം. ഇതിനുവേണ്ടിയുള്ള ആസൂത്രണങ്ങളും, മുന്നൊരുക്കങ്ങളും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള പേടി ഇല്ലാതാക്കുവാനായി നിത്യജീവിതവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സൃഷ്ടിക്കുകയും, കുട്ടികളെ അതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്യുക, മറ്റുള്ളവരുടെ മുന്നിൽ ധൈര്യത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുളള ആത്മവിശ്വാസം കുട്ടികൾക്ക് പകർന്നു നൽകുക എന്നിവയൊക്കെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
ഇംഗ്ലീഷ് ഭാഷ കേൾക്കുവാനും, വായിക്കുവാനും, എഴുതുവാനും, സംസാരിക്കുവാനുമുള്ള രസകരമായ നിരവധി അവസരങ്ങൾ ഒരുക്കേണ്ടതായിട്ടുണ്ട്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് കുട്ടികളെ ആകർഷിക്കുവാൻ സാധിക്കും. മാതൃഭാഷ പോലെ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാഷയാണ് ഇംഗ്ലീഷ് ഭാഷയും എന്ന വിശ്വാസം കുട്ടികളിൽ ഊട്ടിയുറപ്പിച്ചുകൊണ്ട് അവരെ മുന്നോട്ടു നയിക്കുക എന്നുള്ളത് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഒരു പ്രധാന ലക്ഷ്യമാണ്.'ഇ-ലാംഗ്വേജ് ലേണിങ്ങ് ' പ്രയോജനപ്പെടുത്തിക്കൊണ്ട് വളരെ ഫലപ്രദമായ രീതിയിൽ ഇംഗ്ലീഷ് പഠനത്തിൽ മുന്നേറുവാനുള്ള പരിശീലനം കുട്ടികൾക്ക് നൽകുവാൻ സാധിക്കും.
ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് മാഗസിനുകൾ പ്രസിദ്ധീകരിക്കുക, എല്ലാ കുട്ടികളെയും മാഗസിൻ നിർമ്മാണത്തിൽ സജീവമായി പങ്കെടുപ്പിക്കുക, 'ഹലോ ഇംഗ്ലീഷ് 'പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക, 'ട്വിങ്ക്ളിങ്ങ് സ്റ്റാർസ് ', 'ഇംഗ്ലീഷ് ഫെസ്റ്റ് 'പോലെയുള്ള പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള വ്യത്യസ്തമായ അവസരങ്ങൾ ഒരുക്കുക എന്നിവയും ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.