ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കൊറോണ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിശേഷങ്ങൾ

മാർച്ച് അവസാനമാകാറാകുമ്പോഴേക്കും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും രണ്ടാം വരവ് തുടങ്ങി ആദ്യ വരവ് ചൈനയിൽ നിന്നെത്തിയപ്പോൾ നമ്മുടെ ആരോഗ്യരംഗം നിപ്പയെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തോടെ ഈ മഹാമാരിയെ നേരിട്ടു .അധികം താമസിയാതെ കൊറോണയെ തുരത്തുകയും ചെയ്തു. അതു കൂടാതെ കൊറോണ അഥവാ കൊവിഡ് 19 എന്ന വൈറസിനെക്കുറിച്ചും അതിൻ്റെ വ്യാപനത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ ഗവൺമെൻ്റ് മുന്നിട്ടിറങ്ങി. എന്നിട്ടും കൊറോണയുടെ രണ്ടാം വരവ് നമ്മുടെ ജില്ലയെ പിടിച്ചു കുലുക്കി .രോഗികളുടെ എണ്ണവും നിരീക്ഷണ പട്ടികയും ദിനംപ്രതി കൂടി വന്നു. അതോടെ എല്ലായിത്തും കർശന നിയന്ത്രണങ്ങൾ വന്നു. ഹോട്സ്പോട്ടിൽ ട്രിപ്പിൾ ലോക്ഡൗൺ വരെ നടപ്പാക്കേണ്ടി വന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്ക് തക്കതായ ശിക്ഷ ലഭിച്ചു. ഭരണകൂടവും പോലീസും ആരോഗ്യ പ്രവർത്തകരും എല്ലാവരും അഹോരാത്രം പ്രയത്നിച്ചു. അതിനെക്കാളേറെ സോഷ്യൽ മീഡിയയിലും വാർത്തകൾ നിറഞ്ഞു .ശരിയേത് തെറ്റേത് എന്ന് മനസിലാക്കാനാകാതെ പൊതുജനങ്ങളും വലഞ്ഞു. ഒടുവിൽ നിജസ്ഥിതി അറിയാനായി എല്ലാവരും മന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരിക്കാൻ തുടങ്ങി. അഞ്ച് മണിയാകുമ്പോൾ എല്ലാവരും ടി വിയുടെ മുന്നിൽ ഇരിപ്പായി. മന്ത്രിയുടെ പ്രസ്താവന കണ്ട് അന്നത്തെ അവസ്ഥ അറിഞ്ഞ് ആശ്വാസം കൊണ്ടു.

ആകെ മൊത്തം അവസ്ഥ ഇതൊക്കെയാണെങ്കിലും കുട്ടികൾക്ക് വീട്ടിൽ സന്തോഷമായിരുന്നു. പഴയ കളിക്ളെല്ലാം തിരിച്ചെത്തി.കാരംസ് കുടുംബ സമേതം കളിക്കാൻ തുടങ്ങി.അന്താക്ഷരിയിൽ അച്ഛനെയും അമ്മയെയും തോൽപ്പിക്കാൻ പുതിയ പാട്ടുകളുണ്ടാക്കി. വീട്ടിലെ പച്ചക്കറി തോട്ടത്തിൽ വെള്ളമൊഴിക്കാൻ അച്ഛൻ്റെ കൂടെ കൂടി.വീട്ടിൽ വിരുന്നു വരുന്ന പക്ഷികളെ നോക്കിയിരിക്കൽ പ്രധാന വിനോദമാക്കി. വീട്ടിലെ പാഷൻ ഫ്രൂട്ട് പന്തലിൽ ഒരു കുരുവി കുടുംബം താമസമാക്കിയത് ഞാൻ കണ്ടു പിടിച്ചു.അവ കൂടുണ്ടാക്കുന്നതു മുതൽ കുട്ടികളെ വിരിയിച്ച് പറന്നു പോകുന്നതുവരെ ഞാനും അവയോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ മുതൽ പുതിയവർ താമസം തുടങ്ങിയിട്ടുണ്ട്.

രണ്ട് ദിവസമായി പുതിയ രോഗികൾ ഇല്ലാത്തതും ഭേദമായവർ കൂടുന്നതും ആശ്വാസം തന്നെ. അതിഥി തൊഴിലാളികളെല്ലാം അവരുടെ ജന്മനാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലും ലോകമെമ്പാടുമുള്ള മലയാളികൾ തിരിച്ചുവരാനുള്ള ഒരുക്കത്തിലുമാണ്. അതുകൊണ്ട് നാം ഇനിയും ജാഗ്രത തുടർന്നേ പറ്റൂ.ഈ മഹാ മാരിയെ തുരത്താൻ നാം ഓരോരുത്തരും ശ്രമിക്കണം.ഗവൺമെൻ്റിൻ്റെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കണം. മുഖാവരണം നിർബന്ധമായും ഉപയോഗിക്കണം. സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് ശീലമാക്കണം. സാമൂഹിക അകലം പാലിക്കണം. താമസിയാതെ ലോകം മുഴുവൻ ഈ മഹാമാരി ഇല്ലാതാവട്ടെ

KARTHIK.V
8 C ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം