ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രശ്നങ്ങൾ
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. ജീവൻ്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തതോടെ ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നു കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഭൂമിയെ വളരെ മനോഹരമാക്കി തീർത്തു. ഇങ്ങനെയുള്ള വാസയോഗ്യമായ ചുറ്റുപാടിനെ പരിസ്ഥിതി എന്നു വിളിക്കാം.

ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതാണ് ഇതിനു കാരണം.നമ്മുടെ ആവാസവ്യവസ്ഥയെ ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ താളംതെറ്റിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയായി മറുന്നു.പരിസ്ഥിതി മലിനീകരണവും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഏറെയാണ്.നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ അനുദിനം വർദ്ധിക്കുന്നു.സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ്.കവിഹൃദയങ്ങൾ വാഴ്ത്തിപ്പാടിയ മലയാള സംസ്ക്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിക്കുന്നത്. എന്നാൽ ആ ഭൂമിയെ ഇന്ന് നാം മലിനമാക്കി കൊണ്ടിരിക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളൊക്കെ വെട്ടിമുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു.

ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിനഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട് സാക്ഷരതയുടേയും, ആരോഗ്യത്തിൻ്റേയും, വൃത്തിയുടേയും ഒക്കെ കാര്യത്തിൽ നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വളരെ താഴെ. പാടം നികത്തിയാലും മണൽ വാരിയാലും, പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും, ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്നു കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ നമ്മുടെ, മനുഷ്യരാശിയുടെ പ്രശ്നങ്ങളാണെന്നു കരുതി ബോധ പൂർവ്വമായി ഇടപെട്ട് ഭൂമിയെ സുരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാതായി തീരും.പ്ലാസ്റ്റിക്ക് കത്തിച്ച് കത്തിച്ച് വന്ന മഹാപ്രളയവും, കൊടും ചൂടും, ആഗോള താപനവുമെല്ലാം നമുക്കുള്ള താക്കീതാണെന്നോർക്കുക. പരിസ്ഥിതിയോട് ഇണങ്ങി ചേർന്ന് ജീവിതം നയിക്കാൻ നാം ഓരോരുത്തരും സന്നദ്ധരാവുക. ഒരു നല്ല നാളേക്കായി, നല്ലൊരു ഭൂമിയെ വാർത്തെടുക്കാനായി നമുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാം.

ആദിത്യ പ്രജോഷ്
9M ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം