ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം - മാനവരാശിയുടെ നിലനിൽപ്പിന്

പരിസ്ഥിതി സംരക്ഷണം

പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണല്ലോ. യഥാർത്ഥത്തിൽ നമ്മുടെ പൂർവികന്മാർ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയും. നമ്മുടെ പൂർവികർക്ക് പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സർവ്വജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യൻ്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യർ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ ആകുന്നില്ല .

മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻതോതിലുള്ള ഉൽപ്പാദനത്തിന് വൻതോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി. ഇതിൻ്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതിയെ എത്തിച്ചു. ഇതിനോടനുബന്ധിച്ച് എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്‌നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് .മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായികൊണ്ട് നിരവധി പ്രശ്‌നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു .ഈയൊരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിൻ്റെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്‌നപരിഹാര മാർഗങ്ങൾ കണ്ടെത്തുകയും എന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമാണ് .

മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണിയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും തദ്വാര ഈ ഭൂമിയുടെ തന്നെ നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു.ഇത് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്നു. നമ്മുടെ പരിസ്ഥിതിയെ ശുചിയായി സംരക്ഷിക്കാൻ കഴിയും. നമ്മൾ നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്ത് വരുന്ന വിഷ പദാർത്ഥങ്ങൾ മേൽമണ്ണിനേയും ഭൂഗർഭജലത്തേയും വിഷമയമാക്കുന്നു. സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാം വിധം വർദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പച്ച പുൽമേടുകളും കാടുകളും വെട്ടി നിരത്തി അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിച്ച് ഓരോ തവണയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. വിദ്യാർത്ഥികളായ നമുക്ക് ഒത്തു ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം ഒരു നല്ല നാളേയ്ക്കായ്'’

ഹരിപ്രിയ. എസ്
8 B ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം