ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/ശീലമാക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലമാക്കാം ശുചിത്വം
          ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കാരണം ജനജീവിതം മറ്റെന്നുമില്ലാത്ത വിധത്തിൽ മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ രോഗപ്രതിരോധശേഷിയെയും വ്യക്തി ശുചിത്വത്തേയും കുറിച്ച് നമ്മൾ കൂടുതൽ അവബോധമുള്ളവരായിത്തീരേണ്ടതുണ്ട്.ഏത് രോഗത്തേയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷിവർധിപ്പിക്കുക എന്നതാണ്.ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം.കൈ ശുചിയാക്കി സൂക്ഷിക്കുന്നതുപോലെ വായയും സദാ വൃത്തിയായിരിക്കണം.ശാരീരികാരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസികാരോഗ്യവും.ഭയവും വിഷാദവും ആശങ്കയും അകറ്റി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാകുകയുമാണ് ഈ സമയത്ത് ചെയ്യേണ്ടത്.
          നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് നമ്മുടെ നാളയെ നിശ്ചയിക്കുന്നത്.പ്രകൃതിയെ മലിനമാക്കുക എന്നത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.സ്വന്തം ശരീരവും വീടും മാത്രം വൃത്തിയാക്കി മാലിന്യങ്ങളെല്ലാം പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്ന ഒരു സംസ്കാരംതന്നെ ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.സ്വന്തം വീടുപോലെ പൊതു ഇടങ്ങളും തങ്ങളുടേതാണെന്ന ചിന്ത ഓരോരുത്തർക്കും ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലൊരു ചിന്ത രൂപപ്പെടുത്തിയെടുക്കുന്നതിൽ വിദ്യഭ്യാസമേഖലക്കും സുപ്രധാന പങ്കുണ്ടാകണം.കൂടാതെ വനനശീകരണം മൂലം വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരുമായി അടുത്ത് ഇടപഴകുന്നത് ജന്തുജന്യരോഗങ്ങൾക്ക് കാരണമാകുന്നു.പരിസ്ഥിതി മലിനീകരണത്തിന്റെ മറ്റൊരു അനന്തരഫലമാണ് കാലാവസ്ഥാമാറ്റം. ഇതുവഴി പുതിയരോഗങ്ങൾ വരുമെന്നുമാത്രമല്ല അവ പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നത് വൈദ്യശാസ്ത്രം അതുവരെ പഠിച്ചിട്ടില്ലാത്ത പുതിയരൂപത്തിലും ഭാവത്തിലുമാണ്.അസാധാരണമായകാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്നത്തെ നമ്മൾക്ക് കൂടുതൽ ശ്രദ്ധയോടെയും വിട്ടുവീഴ്ചയോടെയും ജീവിക്കാനായാൽ മാത്രമേ ദുരന്തം വിതക്കുന്ന പകർച്ചവ്യാധികളെ ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുകയുള്ളൂ.
          ദുരന്തം വിതക്കുന്ന പകർച്ചവ്യാധികൾ മനുഷ്യന് പുതുമയല്ല.ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യ ശുചിത്വശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങളുണ്ടാക്കുമെന്നത് സുനിശ്ചിതമാണ്.രോഗഭീതികളൊഴിഞ്ഞ നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം അതിനായി പ്രാർത്ഥിക്കാം.....
നന്ദന അജയ്
8 D ജി.എച്ച്.എസ്.എസ്.ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം