ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഉബണ്ട‍ു 18.04

Schoolwiki സംരംഭത്തിൽ നിന്ന്

ഇനി പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം - ഉബണ്ട‍ു 18.04

‘ഐ ടി @സ്‌കൂൾ ഗ്നു/ലിനക്‌സ് 18.04’ എന്ന പേരിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ആണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.പ്രൈമറി ക്ലാസുകളിൽ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകൾ മുതൽ ഹയർസെക്കണ്ടറിയിൽ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓ.എസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം എന്നനിലയിൽ മാത്രമല്ല, വീടുകളിലെ കംപ്യൂട്ടറുകളിലും സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫറ്റ്‌വെയർ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്‌കുകൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കമ്പ്യൂട്ടർ സേവനദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായി സൗജന്യമായി ഉപയോഗിക്കാം. ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫറ്റുവെയറുകളും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയും സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും സാധ്യമാണ്.നേരത്തെ ഹൈസ്‌കൂളുകളിലായിരുന്നു പ്രധാനമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അത് 12 ാം ക്ലാസ് വരെ പൂർണമായും ഐ.ടി പഠനവും ഐ.ടി അധിഷ്ഠിത പഠനവും ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുകയാണെങ്കിൽ വലിയ തുക സോഫ്റ്റ്‌വെയറിന് തന്നെ കൊടുക്കേണ്ടി വരും. മലയാളം കംപ്യൂട്ടിങ്ങിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരമുണ്ട്. സ്‌കൂൾ ഐ.സി.ടി പാഠപുസ്തകങ്ങളിൽ നിർദേശിക്കുന്ന സോഫ്റ്റുവെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റുവെയറുകളുടെ ബൃഹത്തായ ശേഖരവുമുണ്ട്. ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകൾ, ഡി.ടി.പി -ഗ്രാഫിക്സ്- ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകൾ, സൗണ്ട് റെക്കോഡിങ് -വീഡിയോ എഡിറ്റിങ് -ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാ ബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക് ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്‌റ്റ്വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജി പ്ലെയ്റ്റ്സ്, ഗെമിക്കൽ, ജികോംപ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷൻ ലാബ് തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ്, സമഗ്ര പോർട്ടൽ, സ്‌കൂൾ വിക്കി സൈറ്റുകളിലേക്ക് നേരിട്ടു പ്രവേശിക്കാം.

ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ‍ വിന്യസിച്ച 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്‌കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിന്യാസം പുതിയ അധ്യയനവർഷത്തിനു മുമ്പുതന്നെ പൂർത്തിയായി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറിൽ പഠനവും പരിശീലനവും നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ട്. കൈറ്റിലെ അധ്യാപകർ കൂടിയായ മാസ്റ്റർ ട്രെയിനർമാരും സാങ്കേതിക പ്രവർത്തകരും അടങ്ങിയ ഇൻഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകർ പുതിയ സോഫ്റ്റ് വെയറിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. 2005ലാണ് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ സഹായത്തോടെ കേരളം ആദ്യമായി സ്വന്തം ഓഎസ് തയ്യാറാക്കിയത്. 2007ൽ പൂർണ്ണമായും സ്വതന്ത്ര സോഫറ്റുവെയറിലേക്ക് മാറി.