ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും

മനുഷ്യന് മാത്രമായ ഭൂമി എന്ന ഹുങ്ക് എല്ലാവർക്കും ഉണ്ട്. എന്നാൽ അതിനെ നന്നായി പരിപാലിക്കേണ്ടതും മനുഷ്യർ തന്നെയാണ്. എത്ര നന്നായി നോക്കുന്നുവോ അതിലും നന്നായി ഭൂമി നമ്മെ കാത്തുരക്ഷിക്കും. പുഴയും കാടും എന്തിന് വീട് പോലും സംരക്ഷിക്കാനറിയാത്തവരാണ് ഇന്നത്തെ തലമുറയിലെ മനുഷ്യർ. അതുകൊണ്ട് തന്നെ അവർക്കിപ്പോൾ രോഗങ്ങൾ അവരുടെ കൂടെപ്പിറപ്പാണ്. ജനിച്ചു വീഴുന്ന കുഞ്ഞിനുപോലും ഇന്ന് വലിയ വലിയ പേരുള്ള രോഗങ്ങളാണ് ഉണ്ടാകുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം എപ്പോഴും പാലിക്കേണ്ട കാര്യങ്ങളാണ്. അത് അച്ചടക്കത്തോടെ കൃത്യമായി പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ നമ്മുടെ കൂടെ തന്നെ കാണും. പരിസര ശുചിത്വം, പോലുള്ളവ പാലിക്കാത്തതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ കൊറോണ പോലുള്ള വൈറസ് രോഗങ്ങൾ മനുഷ്യരെ എന്നന്നേക്കുമായി പിടിച്ചുകുലുക്കുന്നത്. അതായത് പരിസരവും പ്രകൃതിയും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക തന്നെ വേണം. നാം നന്നായാൽ നമ്മുടെ വീട് നന്നായി, വീട് നന്നായാൽ നാട് നന്നായി, നാട് നന്നായാൽ ലോകം തന്നെ നന്നായി എന്ന ചൊല്ല് വെറുതെ പറയുന്നതല്ല. അതിനാൽ പരിസ്ഥിതി ശുചിത്വം നാം നടപ്പിലാക്കണമെങ്കിൽ ആദ്യം നാം തന്നെ ശുചിയായിരിക്കണം.

വീടിന്റെ പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി എപ്പോഴും നാം സൂക്ഷിക്കണം. പരിസരം മലിനമായിരിക്കുമ്പോഴാണ് ഇതുപോലെയുള്ള പകർച്ചവ്യാധികൾ ലോകത്ത് കുമിഞ്ഞുകൂടുന്നത്. കോടിക്കണക്കിനാളുകളെ മരണത്തിന് വിട്ടുകൊടുക്കുന്നതെന്തിനാണ്? ആദ്യം പറഞ്ഞ ഹുങ്ക് പിന്നെ മൃഗങ്ങൾക്കുള്ളതായി മാറും. മനുഷ്യനില്ലാത്ത ഭൂമി ഒന്നു ആലോചിച്ചു നോക്കു... മനുഷ്യനിൽ ഭീതിയുളവാക്കുന്ന ഇത്തരം രോഗവ്യാപനം തടയണമെങ്കിൽ മനുഷ്യരായ നാം തന്നെ മുന്നിട്ടിറങ്ങണം. മലിനീകരണം ഇല്ലാത്ത പ്രകൃതിയിലെ ശുദ്ധമായ കാറ്റും, വെള്ളവും മാത്രം മതി ഇങ്ങനെയുള്ള രോഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനുള്ള പ്രതിരോധശേഷി നമുക്ക് ലഭിക്കാൻ. നമുക്ക് വേണ്ടിയെങ്കിലും നാം പരിസ്ഥിതി ശുചിയാക്കി വയ്ക്കണം. ഭൂമിയിലെല്ലായിടത്തും വെള്ളമുണ്ടെന്ന കാര്യം നമുക്ക് അറിയാമല്ലോ. നാം തന്നെ വെള്ളത്തിലേക്കും, പുഴയിലേക്കും ഒഴുക്കി വിടുന്ന മാലിന്യങ്ങൾ നമ്മുടെ തന്നെ ശരീരത്തിലേക്കാണ് എത്തിച്ചേരുന്നത്. എന്നാൽ അതിബുദ്ധിമാനാണെന്ന് അഹങ്കരിക്കുന്ന നമ്മളെപ്പോലുള്ള മനുഷ്യർ വീണ്ടും പുഴയിലേക്ക് തന്നെ അതിനെ ഒഴുക്കി വിടും.

ഇന്ന് പകർച്ചവ്യാധികൾ ലോകത്തിൽ തന്നെ വലിയ തോതിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അതിനെ ഇല്ലാതാക്കുവാൻ ഒരു മൃഗങ്ങൾക്കും കഴിയില്ല. നമുക്ക് മാത്രമേ അത് സാധ്യമാകൂ. നമ്മുടെ ഈ ലോകത്ത് നമുക്ക് ഇനിയും ജീവിക്കണം എങ്കിൽ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ചെയ്തേ പറ്റൂ. പണ്ടുള്ളവർ ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒന്നും ആശുപത്രിയിൽ പോകാറില്ല. കാരണം, ഇന്നുള്ള രോഗങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. അന്ന് അത്ര നന്നായി തന്നെയാണ്, ഈ പരിസ്ഥിതിയെ നോക്കിവന്നത്. ഇന്നാണെങ്കിലോ ഒരു ജലദോഷത്തിനും തുമ്മലിനും ആശുപത്രികൾ കയറി ഇറങ്ങുകയാണ്. ഇനിയും നമ്മൾ വൈകിയിട്ടില്ല പ്രതിരോധശേഷി കൂട്ടാനായി ഇപ്പോൾ തന്നെ പരിസ്ഥിതിയെയും മറ്റും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയും. നമ്മുടെ ഒരാളുടെ ജാഗ്രത കുറവുകൊണ്ടും ഒരാൾക്കു പോലും ഒന്നും വരാൻ പാടില്ല. ആരോഗ്യമുള്ളൊരു പുതുതലമുറയെ വാർത്തെടുക്കാൻ നാം ഇനിയും മുന്നോട്ട് വന്നേ മതിയാകൂ. പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തു, രോഗങ്ങളോട് വിടപറയൂ, എന്നതാവണം നമ്മുടെ മുദ്രാവാക്യം. ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടോടൊ നാം പ്രയത്നിച്ചാൽ ഒരു രോഗ ഭീഷണിക്കുപോലും നാം വഴങ്ങില്ല. എല്ലാ ദിവസവും ആരോഗ്യമുള്ളൊരു പുതുതലമുറയെ നമുക്ക് സ്വപ്നം കണ്ടുകൊണ്ടുണരാം. നന്നായി ജീവിക്കാം.

നിര‍ഞ്ജൻ
5 A ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം