ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പാൽപാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
പാൽപാത്രം

പ്രഭാതം ആകുന്നതേയുള്ളു,ഇരുട്ട് ഒട്ടും അകന്നിട്ടില്ല.നിഷ വളരെ തിരക്കിട്ട് കിടന്ന പായയിൽ നിന്ന് എണീറ്റു.അവളുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഇന്ന് എല്ലാ ജോലിയും അവൾ തനിയേ തന്നെ ചെയ്യണമെന്നുറച്ചാണ് പതിവിലും നേരത്തേ അവൾ ഉണർന്നത്.അനിയൻ ആറുവയസ്സുകാരൻ നിതീഷ് എന്തോ സ്വപ്നം കണ്ട് ചിരിച്ചുകൊണ്ടുറങ്ങുന്നു.പാവം അവൻ ഉറങ്ങട്ടെ.അവനെ നിഷയാണ് സ്കൂളിൽ കൊണ്ടുപോകുന്നത്.അവൻ ഒന്നാം ക്ലാസ്സിലും നിഷ ആറാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.അവൾ അമ്മയ്ക്ക് സ്വല്പം കട്ടൻചായ ഇട്ടുനൽകാം എന്ന് കരുതി അടുക്കളയിലേക്ക് കയറി.അമ്മയ്ക്ക് പനിയാണ്.പാവം അമ്മ.എന്തുമാത്രം പാട് പെടുന്നു ഞങ്ങളെ വളർത്താൻ.അച്ഛൻ മരിച്ചിട്ട് രണ്ടുവർഷമായി,അച്ഛൻ പണിക്ക് പോയിരുന്ന കാലത്തേ അമ്മ ഒരു പശുവിനെ വളർത്തിയിരുന്നു.കുട്ടികളായ ഞങ്ങൾക്ക് നിറയെ പാല് തരാനായിരുന്നു അത്.അധികമുള്ള പാൽ അയൽവീടുകളിൽ വിറ്റിരുന്നു.ഇന്നിപ്പോൾ അതേയുള്ളൂ ഒരാശ്രയം.പല സ്ഥലത്ത് നിന്നും കടം വാങ്ങി രണ്ട് കറവപ്പശുക്കളെ ക്കൂടി സ്വന്തമാക്കി.എങ്കിലും തങ്ങൾക്ക് കുടിക്കാൻ പാലില്ല,പാൽ സൊസൈറ്റിയ്ക്ക് കൃത്യമായി പാൽ കൊടുക്കണം.ബാക്കി സമയമൊക്കെ അമ്മ അടുത്തുള്ള സ്ഥലത്തൊക്കെ പോയി പണി ചെയ്യും.ഈ കിട്ടുന്നതൊക്കെ കൊണ്ട് കഷ്ടിച്ച് ജീവിക്കാനേ കഴിയൂ.ഇടയ്ക്കിടെ അനിയൻ പാലിന് വേണ്ടി നിർബന്ധം പിടിച്ച് കരയാറുണ്ട്.പകൽ സ്കൂളിൽ നിന്ന് പാല് കിട്ടുമല്ലോ.അതിന്റെ ഓർമ്മയിൽ അവൻ രാത്രിയിൽ പാലിനായി നിർബന്ധം പിടിക്കും.പക്ഷെ അവന് കൊടുക്കാൻ പാൽ കാണില്ല.,അവൻ കരയുമ്പോൾ അമ്മ കൂടെ നിന്ന് വിതുമ്പുന്നത് മാത്രം കാണാം.

         എന്തൊക്കെയോ ഓർത്തിരുന്നു കട്ടൻ ചായ തിളച്ചു.അവൾ അമ്മയുടെ കിടക്കയ്ക്കരികിലേക്ക് പോയി.അമ്മയെ കാണുന്നില്ല. എന്നും വെളുപ്പിന് അവളാണ് പശുവിന് വെള്ളവും വൈയ്ക്കോലും നൽകുന്നത്.ആ സമയം അമ്മ തൊഴുത്ത് വൃത്തിയാക്കിയ ശേഷം പാൽ കറക്കും.ഇന്നിപ്പോൾ ഒട്ടും വയ്യാത്ത അമ്മയെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കണ്ട എന്ന് കരുതിയതാണ്.കുറച്ചൊക്കെ കറക്കാൻ തനിക്കുമറിയാമല്ലോ.അതിനാൽ നിഷ തന്നെ തനിയെ എല്ലാം ചെയ്യാം എന്ന് വിചാരിച്ചതാണ്.അമ്മ എവിടെ? അവൾ തൊഴുത്തിലേക്കോടി.അമ്മ അതാ പാൽ കറക്കുന്നു.അമ്മയുടെ മുഖം കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു.പനി മാറിയിട്ടില്ല.അത് വകവെക്കാതെയാണ് ജോലി ചെയ്യുന്നത്.അവൾ ചോദിച്ചു അമ്മ എന്തിനാണ് എണീറ്റ് വന്നത്?ഇതൊക്കെ ഞാൻ ചെയ്യുമായിരുന്നല്ലോ.അമ്മ ഒന്നും മിണ്ടിയില്ല.അവൾ പശുവിന് വൈക്കോലും മറ്റും കൊടുത്തു.
      നിഷ പെട്ടെന്ന് തന്നെ ചില ജോലികൾ ചെയ്ത് തീർക്കുകയാണ്.കറന്ന് കഴിഞ്ഞ പാൽ ,സൊസൈറ്റിയിലേക്കുള്ളത് ഒരു നീണ്ട പാത്രത്തിലേക്ക് അളന്നൊഴിച്ചു.വീടുകളിൽ കൊടുക്കാനുള്ളത് ചെറിയ കുപ്പികളിലാക്കി വെച്ചു.അമ്മയും മോളും കുറെകാലമായി ഒരേ ചിന്തയിൽ വിഷമിച്ച് കഴിയുകയാണ്.സ്കൂളില‍ പി ടി എ ഫണ്ട് അടയ്ക്കേണ്ട ദിവസം കഴിഞ്ഞു.അനിയന്റെ ഫണ്ട് ഒന്നാം ക്ലാസ്സിൽ ചേർത്ത ദിവസം തന്നെ കൊടുത്തിരുന്നു.പക്ഷെ രണ്ടുമക്കൾക്കും 200 രൂപ വീതം നൽകാൻ ആ അമ്മയുടെ കൈയ്യിൽ ഇല്ലായിരുന്നു.ഇപ്പോൾ നിഷയെ ക്ലാസ്സിൽ നിന്നും പുറത്താക്കും എന്ന വാണിംഗ് കൊടുത്തിരിക്കുകയാണ്.ഇന്ന് അതും അവസാനിക്കുന്നു.ഇന്ന് ആ തുകയും കൊണ്ടേ സ്കൂളിൽ പോകാൻ പറ്റൂ.ക്ലാസ്സിൽ നന്നായി പഠിക്കുന്ന,അച്ചടക്കവും മര്യാദയും നല്ല പെരുമാറ്റവും ഒ്ക്കെയുള്ള കുടിയായിട്ടുപോലും ക്ലാസ്സിന് വെളിയിൽ നിൽക്കേണ്ടി വരിക ചിന്തിക്കാൻ വയ്യ.പാൽ വിറ്റ് കിട്ടിയരൂപയൊക്കെ വീട്ടു ചെലവിന്റെ കടം വീട്ടാനും മരുന്നു വാങ്ങാനുമൊക്കെയായി.ഈ അസുഖമായ അവസ്ഥയിലും മകളുടെ വിഷമം പാൽ സൊസൈറ്റിയിലെ ഒരംഗത്തെ അമ്മ അറിയിച്ചിരുന്നു.ഇന്ന് സൊസൈറ്റിയ്ൽ പാൽ എത്തിക്കുമ്പോൾ 250 രൂപ കൊടുക്കാമെന്ന് അവർ അറിയിച്ചു.മോളെ,ഇന്ന് അമ്മയ്ക്ക സുഖമില്ലാത്തതിനാൽ മോള് സൊസൈറ്റിയിൽ പാല് കൊണ്ട് പോകണം.അവിടെ നിന്ന വേണ്ട രൂപ തരും.അമ്മ പറഞ്ഞിട്ടുണ്ട്.അവൾ പോകാൻ തയ്യാറായി.

        ചിലപ്പോഴൊക്കെ അവൾ അമ്മയോടൊപ്പം സൊസൈറ്റിയിൽ പോയിട്ടുണ്ട്. കുറച്ചു ദൂരം ബസിൽ പോകണം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാൻ അമ്മ പതിനാറ് രൂപ അവൾക്ക് നൽകി . ബസ്റ്റോപ്പിലെത്താൻ വയൽ മുറിച്ചു കടക്കണം, അവൾ സന്തോഷത്തോടെ വേഗം നടന്നു. സ്റ്റോപ്പിലെത്തി, ബസ് വരുന്നുണ്ട്. ഇവിടുന്ന് മൂന്നാമത്തെ സ്റ്റോപ്പിൽ ഇറങ്ങണം. നിഷ ബസിൽ കയറി. അടുത്തുവന്ന കണ്ടക്ടർക്ക് രൂപ കൊടുക്കുന്നതിനുവേണ്ടി പാൽ പാത്രം താഴെ വച്ചു. രൂപയും കൊടുത്തു.ഒരു നിമിഷം ബസ് ഒന്നുലഞ്ഞു നിന്നു. ഒരു കൈ കമ്പിയിൽ പിടിച്ചിരുന്നതിനാൽ അവൾ വീണില്ല. പക്ഷേ അവളുടെ പാൽ പാത്രം ചരിഞ്ഞു വീണു. ബസ് നിറയെ പാൽ ഒഴുകിപരന്നു, അവളുടെ കണ്ണിൽ ഇരുട്ട് പരന്നു, ബസിലിരുന്ന ആളുകൾ കഷ്ടം എന്ന് പറയുന്നുണ്ടായിരുന്നു. അടുത്ത നിമിഷം വീണ്ടും യാത്ര തുടങ്ങാൻ പോകുന്ന ബസിലെ കണ്ടക്ടറോട് എനിക്കിറങ്ങണം എന്ന് പറഞ്ഞു. കണ്ടക്ടർ ഒറ്റ ബല്ലടിച്ചു. ബസ് നിർത്തി, നിഷ ബസിൽ നിന്ന് ഒഴിഞ്ഞ പാൽ പാത്രവുമായി ഇറങ്ങി, ഇനി എന്തി നാണ് സൊസൈറ്റിവരെ പോകുന്നത്. അവൾ തിരികെ വീട്ടിലേയ്ക്ക് നടന്നു. വഴി അവൾ കാണുന്നില്ല. കണ്ണുനീർ കണ്ണിൽ നിന്നും ഒഴുകുകയാണ്. ഒരു ഗ്ലാസ് പാലിനായി കെഞ്ചുന്ന അനിയന്റെ മുഖം , ക്ഷീണിതയായ അമ്മയുടെ മുഖം ഒക്കെ മനസിൽ തെളിഞ്ഞു വന്നു. അവൾ എങ്ങനെയോ വീട്ടിലെത്തി. അമ്മയുടെ മുന്നിലെത്തി പൊട്ടിക്കരഞ്ഞു കാര്യങ്ങൽ പറഞ്ഞു. അമ്മയ്ക്ക് ആദ്യം ദ്വേഷ്യമാണ് വന്നത്. വായിൽ വന്ന വാക്കുകകൾ ഒക്കെ അടക്കി പ്പിടിച്ചു. ആരോടാണ് ശാപ വചനങ്ങൾ ഞാൻ പറയേണ്ടത് അടുത്ത നിമിഷം മകളെ അമ്മ കെട്ടിപ്പിടിച്ചു. പോട്ടെ മോൾ ഇന്നു കൂടി സ്കൂളിലേയ്ക്ക് പോ നമുക്കെന്തങ്കിലും ചെയ്യാം. അമ്മ പറഞ്ഞു അവൾ യാന്ത്രീകമായി കുറേ ജോലികൾ ചെയ്തു. അവൾ അനിയനേയും കൂട്ടി സ്കൂളിലേയ്ക്ക് നടന്നു. സ്കുൂളിലെത്തിയ അവളുടെ മ്ളാനമായമുഖം അവളുടെ കൂട്ടുകാരി ശ്രീജയുടെ ശ്രദ്ധയിൽ പെട്ടു. കാരണം അന്വേഷിച്ചപ്പോൾ നിഷ വിതുമ്പികൊണ്ട് രാവിലെ മുതൽ നടന്ന സംഭവങ്ങൾ പറഞ്ഞു കേൾപ്പിച്ചു. എന്റെ കൈയ്യിൽ ആകെ രണ്ടു രൂപമാത്രമേയുള്ളൂ. ഞാനിപ്പോൾ വരാം ശ്രീജപറഞ്ഞു. ക്ലാസിലെ റോഹന്റെ ബർത്ത് ഡേ ആണ് ഇന്ന് അവൻ മിഠായി വിതരണം ചെയ്യാൻ പ്ലാൻ ചെയ്ത് നൂറു രൂപയുമായാണ് വന്നത് . ശ്രീജ കാര്യങ്ങൾ പലകൂട്ടുകാരുമായി പങ്കു വച്ചു. ഞാൻ നൂറുരൂപ തന്നാലും എങ്ങനെ ഈരുന്നൂറ്റിയമ്പത് രൂപ തികയും. നിങ്ങളുടെ ഒക്കെ കയ്യിൽ ഉണ്ടോ ബാക്കിരൂപയിടാൻ ഇങ്ങനെ ചോദിച്ച് റോഹൻ പുറത്തേയ്ക്ക് പോയി. പീരിഡ് ആരംഭിച്ചു കർക്കശക്കാരിയായ ടീച്ചർ പിറ്റി എ ഫണ്ട് അടയ്ക്കാത്തവരുടെ കാര്യം ആദ്യം തന്നെ അന്വേഷിച്ചു നിഷയെ ടീച്ചർ ക്ലാസിന് പുറത്തു നിർത്തി. അപ്പോൾ തൊട്ടടുത്ത ക്ലാസിലെ പേരറിയാത്ത ഒരു പെൺകുട്ടി സമയം താമസിച്ച് ക്ലാസിലേയ്ക്ക് ഓടികിതച്ച് എത്തുന്നു. അവൾ കരയുന്നുമുണ്ട് . എന്താകാര്യം നിഷ അന്വേഷിച്ചു. ഇന്ന് പി ടി എ ഫണ്ട് അടയ്ക്കാനായി ഇരുന്നൂറ്റിയമ്പത്് രൂപയുമായാണ് വന്നത് ഇപ്പോൾ നോക്കുമ്പോൾ പത്ത് രൂപ കുറവാണ്. എവിടയോ കളഞ്ഞുപോയി അച്ഛനെന്നെ കൊല്ലും അവൾ കരഞ്ഞ‍ കൊണ്ട് പറഞ്ഞു. പെട്ടെന്ന് നിഷ ഓർത്തു രാവിലെ അമ്മ ബസ് കൂലി തന്നതിൽ ബാക്കി എട്ട് രൂപ അമ്മയെ തിരികെ ഏൽപ്പിക്കാൻ മറന്നുപോയതാണ്. അത് കയ്യിൽ ഉണ്ട്. അത് അവൾ ആ കുട്ടിയ്ക്ക് നൽകി. ഇനി രണ്ടു രൂപ അത് ശ്രീജിയുടെ കയ്യിൽ നിന്ും വാങ്ങിത്തരാം. അവൾ സ്വന്തം ക്ലാസിൻറെ ജനാലയിൽ ചെന്ന് ആംഗ്യം കാട്ടി. സംസാരിക്കാൻ ശ്രമിച്ചു. ടീച്ചറിന്റെ കണ്ണിൽ തന്നെ പെട്ടു. ടീച്ചർ ദ്വേഷ്യത്തോടെ പുറത്തിറങ്ങി കാര്യം അന്വേഷിച്ചു . അവൾ മറ്റേ പെൺകുട്ടിയ്ക്ക് വേണ്ട പത്ത് രൂപയുടെ കാര്യവും ബാക്കി വേണ്ട രണ്ട് രൂപയുടെ കാര്യവും അവതരിപ്പിച്ചു. അപ്പോഴാണ് റോഹൻ ക്ലാസിലേയ്ക്ക് മടങ്ങിവരുന്നത്. എന്താ ക്ലാസിൽ കയറാൻ ഇത്രതാമസം. ടീച്ചർ ചോദിച്ചു. ബർത്ത്ഡേ ആണ് ടീച്ചർ മധുരം വാങ്ങാൻ പോയതാ. പക്ഷേ ...... എന്താ കിട്ടിയില്ലേ ടീച്ചർ ചോദിച്ചു.അതല്ല ഈ നൂറുരൂപ നിഷയുടെ പിറ്റിഎ ഫണ്ടായി ഇന്ന് ടീച്ചർ കയ്യിൽ വയ്ക്കണം ബാക്കി നാളെ എങ്ങനെയ്ങ്കിലും തരാം. അവനെ പറ‍ഞ്ഞ് മുഴുപ്പിക്കാൻ ടീച്ചർ നിന്നില്ല. ക്ലാസിനകത്തേയ്ക്ക് പോയ ടീച്ചർ പത്തുരുപനോട്ടുമായി വന്ന് മറ്റേ കുട്ടിയെ ഏൽപ്പിക്കൂ. എന്നിട്ട് കുട്ടിയും ക്ലാസിൽ കയറിക്കോളൂ എന്ന് പറഞ്ഞ് വീണ്ടും ക്ലാസിനകത്തേയ്ക്ക പോയി ടീച്ചറിന്റ കണ്ണ് നനഞ്ഞിരുന്നോ എന്ന് നിഷയ്ക്ക് സംശയം തോന്നി.

 

ശബരീഷ് എച്ച് പി
6 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ