ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ആണികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ ആണികൾ

സർവ്വ സംഘടിതമായ നമ്മുടെ ഈ ഭൂമിയിൽ അതിന്റെ നിലനിൽപ്പിനാധാരമായ സുപ്രധാനമായ ഒരു വസ്തുവുണ്ട് അതാണ് പർവ്വതങ്ങൾ. അവ ഭൂമിയുടെ ആണികൾ എന്നറിയപ്പെടുന്നു. പല വസ്തുക്കളെയും അതിന്റെ സ്ഥാനത്ത് ഉറച്ചുനിൽക്കാൻ സഹായിക്കുന്നത് അതിൽ തറച്ചിരിക്കുന്ന ആണികളാണ്. അതുപോലെ ഭൂമി എന്ന മഹാഗോളത്തിന്റെ ശരിയായ നിലനിൽപ്പിന് ആവശ്യമാണ് കൂറ്റൻ മലനിരകൾ.

അനേകായിരം കിളികൾക്ക് വാസസ്ഥലം ഒരുക്കിയും ഒരു നൂറ് വൃക്ഷങ്ങൾ നട്ടു വളർത്തിയും കുടിനീരുറവയ്ക്ക് ജന്മം നൽകിയും അതിനെ പരിപാലിച്ചും, എല്ലാ അർത്ഥത്തിലും അതു നമ്മെ സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രകൃതിയോടിണങ്ങി പ്രകൃതിയെ അനുസരിച്ച് പ്രകൃതിയുടെ അടിമയായി വളർന്നവർ ആയിരുന്നു നമ്മുടെ മുൻതലമുറക്കാർ.

എന്നാൽ ഭൂമിയുടെ നിലനിൽപ്പിന് അഗാധമായ  കളങ്കം സൃഷ്ടിച്ചുകൊണ്ട് ആധുനികലോകം പ്രകൃതിയെ കൊല്ലുന്നു.   പരിസ്ഥിതിയെ നശിപ്പിക്കുന്നു, പർവ്വതങ്ങളെ കാർന്നുതിന്നുന്നു, അതിൽ വസിക്കുന്ന  പക്ഷി, ജന്തു മൃഗാദികൾ നശിക്കുന്നു. കുടിനീരുറവ വറ്റുന്നു.  എന്തിന് മനുഷ്യൻറെ നിലനിൽപ്പ് പോലും ഒരു വലിയ ചോദ്യചിഹ്നമായി മാറുന്നു.   ആർത്തിയുടെ നേർക്കാഴ്ചയായി പുതിയ കാലഘട്ടം പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നു.
പർവ്വതങ്ങളെ കൈകോർത്ത് സംരക്ഷിക്കാനുള്ള മനസ്സ് നമ്മിൽ ഉണ്ടാവണം. പക്ഷികളും മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്.  ഓർക്കണം  അവയും ചങ്ങലയിലെ പ്രധാന കണ്ണികളാണ്.   പ്രകൃതിയെ മറന്നുള്ള മാനുഷിക ഇടപെടലുകൾ, അവൻറെ യാത്രകൾ, നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓർക്കണം പ്രകൃതിയും തിരിച്ചടിക്കും.   അവളിലും പക നിറയും.   പ്രതികാരദാഹത്താൽ അവളുണരും.   പ്രകൃതി ക്ഷോഭിക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകും. അതു വരെ നാം ജീവിച്ച കാഴ്ചപ്പാട് അതോടെ മാറാം. നാം കെട്ടിപ്പൊക്കിയ വീടുകളും റിസോർട്ടുകളും അവളുടെ ക്ഷോഭത്തിനിരയാകാം. ചിന്തിക്കൂ പരിസ്ഥിതിയെക്കുറിച്ച്.   മാറ്റങ്ങൾ അനിവാര്യമായിരിക്കാം പക്ഷേ അത് പ്രകൃതിനിയമങ്ങൾ മാറ്റാതെയായിരിക്കണം. 
ഷറഫ് നദ. ടി
9 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം