ഗവ. വി എച്ച് എസ് എസ് വെളളാർമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വെളളാർമലസ്കൂളിന്റെ ചരിത്രത്താളുകളിലൂടെ

വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയിൽ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലർത്തുന്നു. എൽ.പി., യു.പി., എച്ച്. എസ്സ്., വി. എച്ച്. എസ്സ്. വിഭാഗങ്ങളിലായി ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു


വൈദേശിക ശക്തികൾക്കു  എതിരെ ആയുധമെടുത്തു് പോരാടിയ ടിപ്പുസുൽത്താന്റെയും വീരപഴശിയുടെയും ത്യാഗോജ്വല ഭൂമിയായ വയനാടിന്റെ തെക്കുകിഴക്കായി തേയില തോട്ടങ്ങൾ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് അട്ടമല. പൊതുഗതാഗത സൗകര്യം വളരെ പരിമിതമായ ഒരു മലമ്പ്രദേശം. ഗന്ധം കൊണ്ട് കാട്ടുമൃഗങ്ങളെ തിരിച്ചറിഞ്ഞു കൊടുംകാട് വെട്ടിമാറ്റി, വഴികാട്ടിയായ കരിന്തണ്ടൻ  എന്ന ആദിവാസി ചൂണ്ടിക്കാണിച്ച വഴിയിലൂടെ ബ്രിട്ടീഷുകാർ   എത്തിപ്പെട്ടത് അട്ടമല എന്ന  ഈ കൊച്ചു "ഗവി "യിലാണത്രെ !

മിതോഷ്‌ണ മേഖലക്ക് അനുയോജ്യമായത് തേയില തോട്ടങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇംഗ്ലീഷുകാർ ഇവിടെയുള്ള കുന്നുംമലകളും വെട്ടിത്തെളിച്ചു തേയില തോട്ടങ്ങളും ഫാക്ടറികളും സ്ഥാപിച്ചു. മാപ്പിളകലാപത്തോടെ മലബാറിൽ നിന്നും കുടിയേറിയവർ ആയിരുന്നു തൊഴിലാളികൾ ഏറെയും. മേസ്തിരിമാരുടെയും കങ്കാണി മാരുടെയും പീഡനങ്ങൾ സഹിച്ചു ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവർ നന്നേ പാടുപെട്ടു. മക്കളുടെ വിശപ്പടക്കാനുള്ള തന്ത്രപ്പാടിനിടയിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി.

സ്കൂളിന്റെ ആരംഭം

16 കിലോമീറ്റർ അകലെയുള്ള മേപ്പടിയിലെ ബോർഡ് സ്കൂളിൽ കുട്ടികളെ എത്തിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു.അതിനാൽ കൃഷ്ണൻ മേസ്തിരി, കെ.ജി. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ എന്ന സങ്കലപ്പത്തിലേക് എത്തിച്ചേരുകയും 1955 ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആദ്യമായി അട്ടമലയിൽ ഒരു പള്ളിക്കൂടം നിർമ്മിതമാവുകയും ചെയ്തു.  1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായി അട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പി .ജി നായർ എന്ന പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെ ഉള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്

അപ്പർപ്രൈമറി

1974 സെപ്തംബർ മാസം 4 ന്‌ ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ ജനാബ് പി.കെ ഹുസൈൻഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായിമാറി.

ഹൈസ്കൂൾ

1980-81 കാലഘട്ടം വെള്ളരിമല എന്ന ഗ്രാമത്തിൽ യു.പി വിദ്യാഭ്യാസത്തോടെ കുട്ടികളുടെ പഠനത്തിന് തിരശീല വീണുകൊണ്ടിരുന്നു . അപൂർവം ചിലർ 13 കിലോമീറ്റർ ദൂരെയുള്ള മേപ്പാടി വരെ നടന്നു പോയി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു    ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. അന്നത്തെ സാമൂഹ്യ പ്രവർത്തകർ ആയിരുന്ന ശ്രീ കെ.ജി ഗോപാലൻ ,  സഖാവ് ശ്രീ സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിൽ എന്ന ലക്ഷ്യത്തിൽ കൽപറ്റയിൽ ഉള്ള വിദ്യാഭ്യാസ ഓഫീസിലും കളക്ടറേറ്റിലും പഞ്ചായത്ത് ഓഫീസിലും കയറി ഇറങ്ങി. ഒടുവിൽ 1981 ആദ്യമായി അധ്യയന വർഷത്തിന്റെ പകുതി വച്ച് എട്ടാം ക്ലാസ് ആരംഭിച്ചു . ഇന്ന് ചൂരൽമല ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള കല്യാണ മണ്ഡപത്തിൽ ആയിരുന്നു ഹൈസ്കൂളിനുള്ള സ്ഥലം കണ്ടെത്തിയത് . തുടർന്ന് ഒൻപത് പത്ത് ക്ലാസുകൾ ആരംഭിച്ചത് അന്നത്തെ പ്രധാനാധ്യാപകൻ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു. ശ്രീ കെ ജി ഗോപാലൻ  ആയിരുന്നു ആദ്യത്തെ പി.ടി.എ പ്രസിഡണ്ട്  

വൊക്കേഷണൽ ഹയർസെക്കന്ററി

2007 ൽ വെള്ളാർമല സ്കൂളിൽ വി.എച്ച്.എസ്. ഇ വിഭാഗം നിലവിൽ വന്നു. ശ്രീ ഓ എം സാമുവൽ ആയിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ. സയൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ  ട്രാവൽ ആൻഡ് ടൂറിസം എന്നിവ ആയിരുന്നു കോഴ്സുകൾ. 2018 ൽ എൻ.എസ്. ക്യു എഫ് പാഠ്യപദ്ധതിയുടെ ഭാഗമായി മാറി  സയൻസ് വിഭാഗത്തിൽ എഫ് ടി സി പി, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ടി.ജി എന്നീ കോഴ്സുകളാണ് ഈ സ്കൂളിൽ ഇപ്പോൾ ഉള്ളത്. 12 അധ്യാപകരും, 3 അനധ്യാപകരും ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

മുണ്ടക്കൈ ഉരുൾപൊട്ടൽ

മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുണ്ടക്കൈയിൽ 2024 ജൂലൈ 30ന് പുലർച്ചയുണ്ടായ ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂളിന് കനത്ത നാശനഷ്ടമുണ്ടായി. മുണ്ടക്കൈ ഗ്രാമത്തിന് മുകൾ വശത്തായി പുലർച്ച ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോവുകയും ചെയ്തു. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളും പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി.


മലവെള്ളപ്പാച്ചലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. വൊക്കേഷണൽ ഹയർസെക്കന്റി കെട്ടിടത്തിനും പാചകപ്പുരയ്ക്കുമാണ് കൂടുതൽ നാശഷ്ടമുണ്ടായത്. ഇരുപത് സ്കൂൾവിദ്യാർത്ഥികൾക്ക് ജീവാപായമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് വിദ്യാർത്ഥികളെക്കുറിച്ച് ഇപ്പൊഴും യാതൊരു വിവരവുമില്ല. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ, മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും നഷ്ടപ്പെട്ടവർ, വീടും സമ്പാദ്യവുമെല്ലാം പൂർണ്ണമായി നഷ്ടപ്പെട്ടവർ തുടങ്ങി സ്കൂളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഉരുൾപൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ്.

ചിത്രശാല