ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിനും പൊതുശുചിത്വത്തിനും പ്രാധാന്യം കല്പിക്കുന്നില്ല. നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് അത് .

ആരും കാണാതെ മാലിന്യം റോഡ്സൈഡിലിടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് . ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചുവരുന്ന പകർ ച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നല്ലൊരു നാളേയ്ക്കായി നമുക്കു വേണ്ടത് . പകരം നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ എന്നിവ ശുചിത്വമുള്ളവയാവണം. അതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ ഉയർത്തിക്കാണിച്ച് ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്കു കഴിയും.

കേരളത്തിൽ വൈറൽ പനി, പകർച്ചവ്യാധികൾ എന്നിവ മഴക്കാലത്ത് സാധാരണമാണ് . ചുമ, മഞ്ഞപ്പിത്തം, ന്യൂമോണിയ, ടൈഫോയ്ഡ് , ‍ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ വേറെയും. കാലാവസ്ഥ പെട്ടെന്ന് മാറുമ്പോൾ രോഗാണുക്കൾ അന്തരീക്ഷത്തിൽ പെരുകുന്നതാണ് അസുഖങ്ങളുടെ പ്രധാന കാരണം. അന്തരീക്ഷം അണുവിമുക്തമാക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ് ഇത് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ് . ജലജന്യ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ കിണറ്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറ്റി കുടിക്കണം. ഏതെല്ലാം വഴിയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുക എന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ, പച്ചക്കറികളൊക്കെ കഴുകുമ്പോൾ നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്തണം. തണുത്ത ഭക്ഷണം കഴിക്കുന്നതും, പഴകിയ ഭക്ഷണങ്ങൾ ചൂടാക്കിക്കഴിക്കുന്നതും ഒഴിവാക്കണം. ചിരട്ടകളിലും, ചകിരിത്തണ്ടുകളിലും, ഇലകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക എന്നതാണ് പ്രധാനം. സ്വയം രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനുള്ള കരുതലും ഉണ്ടാവണം. മഴക്കാലത്ത് മടിപിടിച്ചിരിക്കാതെ സാധാരണ ചെയ്യാറുള്ള വ്യായാമങ്ങൾ തുടരുകയും വേണം. ആരോഗ്യരംഗത്ത് മികച്ചുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും, നിപ്പ പോലെയുള്ള അസുഖങ്ങൾ ബാധിച്ചതും കേരളത്തിലാണ് . കൃത്യമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചാണ് നിപ്പയെ കേരളം തുരത്തിയത് . നിരന്തരമായ ജാഗ്രത ഇക്കാര്യത്തിൽ നാം പുലർത്തേണ്ടതാണ് . ഇപ്പോൾ കേരളത്തെ ഭീതിയിലാഴ്ത്തിയിട്ടുള്ള കൊറോണ വൈറസിനെയും നാം അതിജീവിക്കും.

ആദവ്ദേവ് ടി
3 A ജി എം എൽ പി സ്കൂൾ, അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം