ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/എന്താണ് കൊറോണ – നാം അറിയേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ – നാം അറിയേണ്ടത്

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ എൺപതിൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ 'നോവൽ കൊറോണ വൈറസ് ' ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ് . കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരളത്തിലെ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മുൻവർഷങ്ങളിൽ നിപ്പയെയും മഹാപ്രളയത്തെയും പ്രതിരോധിച്ച അനുഭവം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി.

സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെ ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത് . ഈ രൂപഘടന മൂലമാണ് കൊറോണ വൈറസ് എന്ന പേരു വന്നത്. പക്ഷികളിലും മൃഗങ്ങളിലും കാണാറുള്ള ഈ വൈറസ് മനുഷ്യരിലേക്കും പകരുന്നു. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്നും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നൽകുമ്പോഴോ മറ്റൊരാളിലേക്ക് രോഗം പകരാം.

സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് , ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ പ്രായമുള്ളവരിലും നീണ്ടുനിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരായ പ്രായമുള്ളവരിലും കുട്ടികളിലും ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലെയുള്ള ശ്വാസകോശരോഗങ്ങൾ പിടിപെട്ട് ഗുരുതരമായാൽ മരണം വരെ സംഭവിക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ പതിനാല് ദിവസമാണ് ഇൻക്യുബേഷൻ പീര്യേഡ് എന്നറിയപ്പെടുന്നത് . കൊറോണ വൈറസിന് കൃത്യമായ മരുന്ന് നിലവിലില്ല. പ്രതിരേധ വാക്സിനും ലഭ്യമല്ല. വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

ആദവ്ദേവ് ടി
3 A ജി എം എൽ പി സ്കൂൾ, അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം