ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/ഒരു ലോക‍്ഡൗൺ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ്

കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ്

വേനൽ അവധിയാണ് പോരാഞ്ഞ് ലോക്ക് ഡൗൺ കാലവും, കൂട്ടുകാരോടൊത്ത് കളിക്കാനും ചുറ്റി നടക്കാനും ഒന്നും കഴിയാത്ത വിഷമം. എങ്കിലും പതിവ് പോലെ ഒരു ദിവസം വൈകുന്നേരം ഞാനും അനിയനും വീടിൻ്റെ മുറ്റത്ത് കളിക്കുന്നു. 'ദും!' എന്തോ ഒന്ന് ഞങ്ങളുടെ അടുത്ത് വീണു. അനിയൻ ഒരു ഓട്ടം വച്ച് കൊടുത്തു. ഞാനല്പം ധൈര്യശാലിയായോണ്ട് ( തള്ളല്ല, സത്യമായിട്ടും!) ഉള്ളിലുള്ള ഞെട്ടൽ പുറത്ത് കാണിക്കാതെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ദാ ഒരു എലിക്കുഞ്ഞ്, അല്ല എലിക്കുഞ്ഞ് അല്ല അണ്ണാൻ കുഞ്ഞ്, ഒരു ഉപ്പൻ (ചെമ്പോത്ത്) അതിനെ കൊത്തുന്നുണ്ട്. അതെങ്ങനെ താഴെ വീണു? അതിൻ്റെ അമ്മ എവിടെ? എന്നൊക്കെ ഒരായിരം ചോദ്യങ്ങളുമായി ഞങ്ങൾ നിൽകുമ്പോൾ അത് വീടിനകത്തേക്ക് ഓടി കയറി.

" അതിനെ ഞെക്കിപ്പൊട്ടിക്കാതെ പുറത്ത് കൊണ്ട് വയ്ക്ക്, അതിൻ്റെ അമ്മ കൊണ്ടു പൊയ്ക്കോളും " എന്ന അമ്മയുടെ നിർദ്ദേശം ഞങ്ങളെ ഉണർത്തി. അതിനെ എടുത്ത് ആ മരത്തിൻ്റെ ചുവട്ടിൽ കൊണ്ടു വച്ചു. എന്നിട്ട് അതിൻ്റെ അമ്മയെ കാത്ത് ഞങ്ങളും ഇരിപ്പായി. അതിനെ ലാളിച്ച് സമയം പോയതറിഞ്ഞില്ല. ദാ വരുന്നു അമ്മ " നിങ്ങൾ അതിൻ്റെ കൂടെയിരുന്നാൽ, അതിൻ്റെ അമ്മ വരില്ല. ഇങ്ങോട്ട് കേറ് മണുങ്ങൂസുകളെ " അമ്മയുടെ ശാസനക്ക് ഒരു ഭീഷണിയുടെ സ്വരമില്ലേ?, പരീക്ഷിക്കാൻ നിന്നില്ല. ഞങ്ങൾ അകത്ത് കയറി.

6 മണി കഴിഞ്ഞു, അച്ഛൻ ടിവി യിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുകയാണ്. ഇത് കഴിയണം ടിവി ഞങ്ങളുടെ കസ്റ്റടിയിൽ കിട്ടാൻ. പുറത്ത് അപ്പോഴും അണ്ണാൻ കുഞ്ഞിൻ്റെ ഛിൽ......ഛിൽ കരച്ചിൽ കേൾക്കാം. " ഈ ലോക്ക് ഡൗൺ കാലത്ത് നിങ്ങൾ എല്ലാ സഹജീവികളോടും കരുണ കാട്ടണം", തെരുവ് നായ്കൾക്കും, പൂച്ചക്കും ഒക്കെ ആഹാരം കൊടുക്കണം എന്ന് മുഖ്യമന്ത്രി പറയുകയാണ്. " അണ്ണാൻ ഒരു ജീവിയല്ലെ അച്ഛാ". എൻ്റെ ചോദ്യം. ആണെന്ന് മറുപടിയും കിട്ടി. ഉത്തരം കിട്ടിയ പാടെ ഒരു കാർഡ് ബോർഡ് പെട്ടിയിൽ കുറച്ച് പഴന്തുണിയും വിരിച്ച് പുറത്തേക്കിറങ്ങി. അണ്ണാൻ കുഞ്ഞിനെ അതിലാക്കി, അതിൻ്റെ അമ്മയുടെ പൊടിപോലുമില്ല ഇവിടെങ്ങും.
പിന്നീടുള്ള ദിവസങ്ങളിൽ അണ്ണാൻ കുഞ്ഞിനെ കാക്കക്കും പൂച്ചക്കും ഒന്നും കൊടുക്കാതെ വളർത്തുകയായിരുന്നു ഞങ്ങൾ. പാലും, മാങ്ങയും, തേങ്ങാപ്പൂളും എല്ലാം ഞങ്ങൾ നൽകി. കൂടെയൊരു പേരും "ചിണ്ടൻ".

Haripriya H
4 A ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം