ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിദ്യാലയ പ്രവർത്തനങ്ങളിലൂടെ.......

പ്രവേശനോത്സവത്തോടു കൂടിയാണ് ഓരോ വിദ്യാലയത്തിൻറെയും അക്കാദമിക വർഷത്തിന് തുടക്കം കുറിക്കുന്നത് . പ്രവേശനോത്സവത്തിന് ഒരു മാസം മുൻപേ തന്നെ സ്കൂൾ എസ്.ആർ.ജി കൂടുകയും പിടിഎ എസ്.എം.സി അംഗങ്ങളുമായി ചർച്ച നടത്തി കുരുന്നുകളെ വരവേൽക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. പ്രവേശനോത്സവത്തിൻറെ അന്ന് സ്കൂൾ അങ്കണത്തിൽ ഒരു ഉത്സവ പ്രതീതി ആയിരിക്കും നവാഗതരായി എത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്യാൻ എല്ലാവരും തയ്യാറായിരിക്കും. കുരുന്നുകളെ അക്ഷരദീപം തെളിയിച്ചും അക്ഷര തൊപ്പി ധരിപ്പിച്ചും സമ്മാനപ്പൊതി നൽകിയും സ്വാഗതം ചെയ്യുന്നു. നവാഗതരെ സ്വാഗതം ചെയ്യാനായി വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. പൊതു പരിപാടികൾക്ക് ശേഷം കുരുന്നുകൾ അവരവരുടെ ക്ലാസ്സ് മുറികളിലേക്ക് പോകും. പിന്നെ അവരുടെ പ്രിയപ്പെട്ട അധ്യാപകരെ പരിചയപ്പെട്ട് ക്ലാസ് പ്രവർത്തനങ്ങളിൽ മുഴുകും.

വിദ്യാലയത്തിലെ ഒരു ദിനം......

നമ്മുടെ വിദ്യാലയത്തിൽ രാവിലെ 9.30 മുതൽ 3.30 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 30 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് ഡിവിഷനിൽ ഉള്ള കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, കവിപരിചയം, കഥാ വായന, ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങളിലൂടെ പഠനം കുട്ടികൾക്ക് ലളിതവും രസകരവുമായി തീരുന്നു.

സ്കൂൾ റേഡിയോ "കിലുക്കാം പെട്ടി"

കോവിഡ് കാലഘട്ടത്തിൽ കൂട്ടുകാരുമായി കളിച്ചിരി പറയാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും പറ്റാതെ വീടിനുള്ളിൽ കഴിഞ്ഞുകൂടുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരം മനസ്സിലാക്കി ആരംഭിച്ച പദ്ധതിയാണ് "കിലുക്കാം പെട്ടി". ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടയിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുവാനും കളിചിരി പറയുവാനുമുള്ള അവസരം നൽകി . വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് തുടങ്ങിയ മാധ്യമങ്ങൾ വഴിയായിരുന്നു അതിനുള്ള അവസരം കുട്ടികൾക്ക് നൽകിയത്. വിശേഷങ്ങൾ പങ്കു വെക്കാൻ മാത്രമായിരുന്നില്ല കഥ പറച്ചിലും പാട്ടു പാടലും കവിത ചൊല്ലലും ഒക്കെയായി വളരെ രസകരമായി കിലുക്കാം പെട്ടി മുന്നോട്ട് പോയി. കോവിഡിന് അല്പം ശമനം വന്നപ്പോൾ കുഞ്ഞുങ്ങളുടെ കളിചിരികളാൽ വിദ്യാലയങ്ങളും ഉണർന്ന്. ഈ സാഹചര്യത്തിൽ കിലുക്കാം പെട്ടിയെ സ്കൂൾ റേഡിയോ ആയി മുന്നോട്ട് കൊണ്ട് പോകുവാൻ തീരുമാനിച്ചു.സ്കൂളിലെ പബ്ലിക് അഡ്രസിങ് സിസ്റ്റത്തിന്റെ സഹായത്തോടെ അത് സാധ്യമാക്കി.ഇടവേളകളിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ തെളിയിക്കുന്നതിനുള്ള നല്ലൊരുപാധിയാണ് കിലുക്കാംപെട്ടി.വളരെ ആവേശത്തോടെ കുട്ടികൾ സ്കൂൾ റേഡിയോയിലൂടെ പരിപാടികൾ അവതരിപ്പിക്കുന്നു.

സ്കൂൾ പത്രം "മയിൽപ്പീലി"

സ്കൂൾ വിശേഷങ്ങൾ കോർത്തിണക്കി വിദ്യാലയത്തിൽ സ്കൂൾ പത്രം "മയിൽപ്പീലി" പുറത്തിറക്കുന്നു.ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ പുറത്തിറക്കുന്നു. മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പത്രം തയ്യാറാക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും ഓരോ ക്ലാസ്സിന് എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്. എല്ലാ ക്ലസുകളിലും എഡിറ്ററേയും റിപ്പോർട്ടർമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഒരോ ആഴ്ചയിലും പത്ര ചുമതലയുള്ള ക്ലാസ്സിലെ എഡിറ്റർ റിപ്പോർട്ടർമാരും മറ്റ് ക്ലാസ്സിലെ കുട്ടികളും നൽകൂന്ന വാർത്തകൾ ശേഖരിച്ച് അതിൽ നിന്നും വാർത്താപ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് ഉചിതമായ തലക്കെട്ട് നൽകി ചാർട്ട് പേപ്പറിൽ എഴുതി പത്രം തയാറാക്കുന്നു. ഇത് അസ്സംബ്ലിയിൽ വായിക്കുകയും തുടർന്ന് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ശേഷം ഈ പത്രം ലൈബ്രറിയിലേക്ക് തുടർ വായനക്കായി മാറ്റുന്നു.

  • കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
  • കാഴ്ചകളും അനുഭവങ്ങളും വാർത്താ രുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
  • നിരീക്ഷണത്വര വളർത്തൽ
  • വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ

തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ

യൂട്യൂബ് ചാനൽ

വിദ്യാലയപ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സ്കൂളിന് ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചതു് . വിദ്യാലയത്തിൽ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. യൂട്യൂബ് ചാനൽ -- ഗവ: എൽ.പി.സ്കൂൾ തോന്നയ്ക്കൽ