ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/ ചെമ്പകപ്പൂക്കൾ
'ചെമ്പകപ്പൂക്കൾ'
ആശാ ദേവി. കെ, യു.പി.എസ്.ടി, ഗവ. എച്ച്.എസ്.എസ്., അഞ്ചൽ വെസ്റ്റ്
ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ചെമ്പകപ്പൂക്കൾ എൻ്റെ ഓർമ്മയിലേക്കെത്തുന്നത്. സയൻസ് ക്ലാസിൽ പൂക്കളെയും ഫലങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ഞങ്ങൾ. കുട്ടികൾ ധാരാളം പൂക്കൾ കൊണ്ടു വന്നിരുന്നു. ഓരോന്നായി പരിചയപ്പെടുത്തി പ്രത്യേകതകൾ പറഞ്ഞു പോകുന്നതിനിടയിൽ ഒരു കുഞ്ഞികൈയ്യും ഒരു കുലപ്പൂക്കളും എൻ്റെ നേർക്ക് നീണ്ടു വന്നു. അതൊരു ചെമ്പകപ്പൂക്കുലയായിരുന്നു.. രക്തചുവപ്പാർന്ന ചെമ്പകപൂക്കൾ.. അതു കയ്യിൽ വാങ്ങുമ്പോൾ ഓർമ്മയിലൊരു ചെമ്പകം പൂത്തുലഞ്ഞു. 'അതെന്തു പൂവാ ടീച്ചറേ.' അറിയാത്ത കുട്ടികളുമുണ്ടായിരുന്നു. "ഇത് ചെമ്പകപ്പൂവാണ്." പൂവിൻ്റെ പ്രത്യേകതകളൊക്കെ പറഞ്ഞു കൊടുത്തു. ഒന്നു മാത്രം പറഞ്ഞില്ല. പൂക്കളെക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങുന്നതിനു മുൻപേ ചെമ്പകവും ഞാനും കൂട്ടുകാരായിരുന്നെന്ന്. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയപ്പോൾ ആ ചെമ്പകപ്പൂക്കളും ഞാൻ കയ്യിലെടുത്തു. ബാല്യത്തിൻ്റെ മണമുള്ള ചില ഓർമ്മകൾ ചെമ്പകപ്പൂക്കൾക്കൊപ്പം ഉള്ളിൽ നിറഞ്ഞു. ഇലകളിറുത്തും പൂക്കൾ പെറുക്കിയും വേലിക്കരികിൽ വീടുണ്ടാക്കിക്കളിച്ചിരുന്ന ഒരവധിക്കാലം. കയ്യാലക്കരികിൽ ഇടവഴിയിലേക്ക് ചാഞ്ഞ് നിറയെ പൂത്തുലഞ്ഞ് വഴിയിൽ പൂക്കൾ വിതറിച്ച് ചെമ്പകമരം.ഇടവഴിയിൽ കൊഴിഞ്ഞു കിടന്നിരുന്ന പൂക്കൾ പെറുക്കി അച്ചുവും ഞാനും പൂക്കൂട നിറച്ചു. ആ ദിവസങ്ങളിലൊരിക്കൽ അച്ചുവിൻ്റെ നിറഞ്ഞ പൂപ്പാത്രം ഞങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാക്കി.അതൊരു വഴക്കോളമെത്തിയപ്പോൾ ആ പൂപ്പാത്രം അച്ചു എൻ്റെ നേർക്കെറിഞ്ഞു. നെറ്റിയിലൊരു തരിപ്പ്... തൊട്ടു നോക്കിയപ്പോൾ ചോര.. പിന്നെ നീണ്ടകരച്ചിൽ. ശാസനകൾ.. ഒരാഴ്ചയോളം വീട്ടിനുള്ളിൽ.കളികളും കൂട്ടുകാരുമില്ലാതെ... നെറ്റിയിലെ ബാൻഡേജിളക്കിയ ദിവസം വേലിക്കരികിൽ ചെന്നു നിന്ന് അച്ചുവിൻ്റെ വീട്ടിലേക്കു നോക്കി .ആ വീട് മൗനത്തിലാണ്ടു കിടന്നു. അച്ചു അവൻ്റെ അമ്മയുടെ വീട്ടിലേക്കു പോയിരുന്നു.
അവധി കഴിഞ്ഞപ്പോൾ തിരിച്ചു വന്ന അച്ചു വേലിക്കൽ പിടിച്ചു നിന്ന എനിക്കു മുന്നിലൂടെ പുതിയ സ്കൂളിലേക്ക് അന്യനെപ്പോലെ നടന്നു പോയി.പിന്നീടൊരിക്കലും അവൻ ചെമ്പകച്ചുവട്ടിൽ കളിക്കാൻ വന്നില്ല. ഞങ്ങളൊരുമിച്ച് ചെമ്പകപ്പൂക്കൾ പെറുക്കിയിട്ടുമില്ല. ആ ചെമ്പകം പിന്നീടാർക്കു വേണ്ടിയും പൂത്തില്ല. ഇടവഴിക്ക് വീതി കൂട്ടാൻ മതിൽ പകുതിയോളം നിരത്തിയപ്പോൾ ചെമ്പകത്തിൻ്റെ കൊമ്പുകളും മുറിച്ചു കളഞ്ഞു.ശേഷിച്ച ഭാഗം ഒരസ്ഥികൂടം പോലെ കുറച്ചു നാൾ കൂടി നിന്നു.പിന്നെയതും നിലംപൊത്തി.
പിന്നെയും കുറെ വർഷങ്ങൾക്കു ശേഷമാണ് ചുവന്ന ചെമ്പകം വീണ്ടും എൻ്റെ ജീവിതത്തിലേക്കെത്തുന്നത്.. പതിനൊന്നൊ പന്ത്രണ്ടോ വയസുള്ള ആ സ്കൂൾ ജീവിതത്തിൽ. സ്കൂളിനു താഴെയുള്ള റോഡ് കടന്ന് അൽപം നടന്നാൽ ലേഖയുടെ വീട്.ഞങ്ങൾ കൂട്ടുകാർ ചിലപ്പോഴൊക്കെ ചോറുപൊതിയുമായി ഊണുകഴിക്കാൻ അവൾക്കൊപ്പം വീട്ടിലേക്കു പോകും.അവളുടെ വീടിനിപ്പുറം ധാരാളം പടികളുള്ള, പടി കയറിച്ചെല്ലുമ്പോൾ പടിപ്പുരയുള്ള ഒരു പഴയ വീട്.മുറ്റത്ത് പൂത്തു നിൽക്കുന്ന ചെമ്പക മരം. ആദ്യമൊക്കെ കൗതുകത്തോടെ ഞങ്ങളാ വീട്ടിലേക്ക് നോക്കി നിൽക്കുമായിരുന്നു. ഒരിക്കൽ പടികൾ കയറി ഞങ്ങളാ മുറ്റത്തേക്കു ചെന്നു. ആളനക്കമില്ലാത്ത വീട്... മുറ്റത്ത് ധാരാളം ചെടികളും പൂക്കളും.. അടുത്തൊരുബാങ്കിൽ ജോലിയുള്ള ഒരാൾ അവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് ലേഖ പറഞ്ഞു. ഭംഗിയുള്ള വീടും പല നിറങ്ങളിലെ റോസാപ്പൂക്കളും ഞങ്ങളെ അവിടേക്കടുപ്പിച്ചു.പിന്നെ ലേഖയുടെ വീട്ടിൽ പോകുമ്പോഴൊക്കെ ഞങ്ങളവിടെയും പോവുക പതിവായി. പടികൾ കയറി പടിപ്പുരക്കു കീഴെ തണലിൽ ഞങ്ങളിരിക്കും. അങ്ങനെയൊരു പകൽ പടിപ്പുരക്കു കീഴിലിരുന്ന ഞങ്ങൾക്കു മുന്നിൽ ആ വീടിൻ്റെ മുൻവാതിൽ ആദ്യമായി തുറന്നു.അതയാളായിരുന്നു ചുരുണ്ട മുടിയുള്ള ഒരു ചെറുപ്പക്കാരൻ. ഞങ്ങൾ പെട്ടെന്നെഴുന്നേറ്റ് പടികളിറങ്ങി തിരിഞ്ഞോടി. അയാൾ കണ്ടുവോ? അറിയില്ലായിരുന്നു.പിന്നെ ഞങ്ങളവിടെ പോയില്ല. എങ്കിലും ലേഖയുടെ വീട്ടിൽ പോകുമ്പോഴൊക്കെ ഞങ്ങളാ വീട്ടിലേക്ക് നോക്കി നിൽക്കും.ആ വാതിൽ എപ്പോഴെങ്കിലും തുറക്കപ്പെടാമെന്നും അയാൾ പുറത്തേക്കു വന്നേക്കാമെന്നും ഞങ്ങൾ കരുതി. പക്ഷേ അയാളെ കണ്ടില്ല.
അന്നൊരു ചൂടു കൂടിയ പകലായിരുന്നു. ഭക്ഷണം കഴിഞ്ഞ് ലേഖയുടെ വീട്ടിൽ നിന്നും ഞങ്ങൾ സ്കൂളിലേക്ക് നടന്നു. പടിപ്പുരയ്ക്കു മുന്നിലെത്തിയപ്പോൾ വെറുതെ നോക്കി.. ആ ചെമ്പകത്തണലിൽ ഒന്നു കൂടി പോകണമെന്നു തോന്നി.കൂട്ടുകാരോടൊന്ന് പറഞ്ഞ് പെട്ടെന്ന് പടികൾ കയറി. വാടിത്തുടങ്ങിയ പൂക്കൾ ചെമ്പകച്ചുവട്ടിൽ.. കുറച്ചു പൂക്കൾ പെറുക്കിയെടുത്ത് വെറുതെ കയ്യിൽ വച്ചു.. അങ്ങനെ കുറച്ചു നേരം.. സമയ കാലബോധമുണ്ടായപ്പോൾ ധൃതിയിൽ പടിപ്പുരയ്ക്കരികിലേക്ക്... ഒന്നു തിരിഞ്ഞു നോക്കി. അനക്കമറ്റ വീട്.. പൂക്കൾ കൊഴിഞ്ഞ ചെമ്പക മരം..നിശ്ചലമായ ഒരു ചിത്രം പോലെ.. ഒരു നിമിഷം കഴിഞ്ഞ് ഞാൻ തിരിഞ്ഞു. ഒരു നടുക്കം ഉള്ളിൽ.മുൻപിലയാൾ.. പടി കയറി വന്നതാണ്. വിളറിയ മുഖങ്ങളുമായി റോഡിൽ കൂട്ടുകാർ. പടികളിറങ്ങി അവർക്കരികിലേക്ക് ചെല്ലണമെന്നുണ്ട്. പക്ഷേ... എന്തു ചെയ്യണമെന്നറിയാതെ നിന്നു... അടുത്ത നിമിഷം അയാൾ വശത്തേക്കൊതുങ്ങിനിന്നു..ഞാൻ പടിയിറങ്ങി കൂട്ടുകാർക്കരികിലേക്കും.റോഡിലെത്തി തിരിഞ്ഞു നോക്കി, അയാളവിടെത്തന്നെ നിൽക്കുന്നു ഞങ്ങളെയുംനോക്കി. ലേഖയുടെ കൈ പിടിച്ച് വേഗത്തിൽ നടന്നു. വളവു കഴിഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ ഓടി.സ്കൂളിൽ ബെല്ലടിച്ചിരുന്നു. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ക്ലാസിൽ ചെന്നു കയറി.
പിന്നീടൊരിക്കലും ഞങ്ങളാ വീട്ടിൽ പോയിട്ടില്ല. പൂത്തു നിൽക്കുന്ന ആ ചെമ്പക മരം കണ്ടിട്ടില്ല.യു.പി സ്കൂളിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ കുഴിച്ചുമൂടിയ ഓർമ്മകളിൽ ചിലതു മാത്രമായി ആ വീടും ചെമ്പക മരവും അയാളും..' 'ടീച്ചർ' ആ വിളി ഓർമ്മകളിൽ നിന്നുണർത്തി. കുട്ടികളാണ്. 'പേനയുടെ മഷി തീർന്നു പോയി. പുതിയതു വാങ്ങാൻ പൊയ്ക്കോട്ടെ.' സ്കൂളിൻ്റെ ഗേറ്റിനു പുറത്തിറങ്ങണമെങ്കിൽ ക്ലാസ് ടീച്ചറിൻ്റെ അനുവാദം വേണം അതിനു വന്നതാണ്. 'ഉം. വാങ്ങി എന്നെ കൊണ്ടുവന്നു കാണിച്ചിട്ട് ക്ലാസിൽ പൊയ്ക്കോ കേട്ടോ'. അനുവാദം കിട്ടിയ സന്തോഷത്തിൽ അവർ കലപില കൂട്ടി ഓടിപ്പോയി. ഇൻറർവൽ കഴിഞ്ഞു ബെല്ലടിച്ചു. പുറത്തു പോയ കുഞ്ഞുങ്ങൾ തിരിച്ചു വരുന്നതും കാത്ത് ഞാനിരുന്നു. മാറിയ കാലത്തിൻ്റെ മേശപ്പുറത്തിരുന്ന് ചെമ്പകപ്പൂക്കൾ എന്നെ നോക്കിച്ചിരിച്ചു.....
ആശാ ദേവി. കെ യു.പി.എസ്.ടി ഗവ. എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ്