ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

കാട്ടുമുല്ലയുടെ പരിമളം വിതറി ഗ്രാമവീഥികൾ ഉണരുന്നതേയുള്ളൂ. എങ്കിലും റീനയുടെ മിഴികളിൽ എന്തെന്നില്ലാത്ത സങ്കടം നിഴലിച്ചു. “എന്റെ മകൾ...”എന്നവൾ പറഞ്ഞപ്പോൾ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി. “ഞാൻ കാരണമാ...എന്റെ മകൾ ആരെയും കാണാതെ ആ വേദനയത്രയും സഹിച്ചത്.”കുറ്റബോധത്താൽ തേങ്ങലടിച്ചുകൊണ്ട് ആ ദിനങ്ങൾ അവളോർത്തു.

        		“വാർഷിക പരീക്ഷയല്ലേ വരുന്നത്,ചെന്നിരുന്ന് പഠിക്ക് മോളേ.”അടുക്കളയിലെ പണിക്കിടയിൽ നഴ്സായ റീന പറഞ്ഞു. “ഞാൻ എല്ലാം പഠിച്ചു കഴിഞ്ഞതാ അമ്മേ, പിന്നെ നാളെ ഇംഗ്ലീഷല്ലേ വിഷയം അതെനിക്ക് വളരെ എളുപ്പമാ.” നാലാം തരത്തിൽ പഠിക്കുന്ന അഭിരാമി പറഞ്ഞു. അവളുടെ മനസ്സിലെല്ലാം തന്റെ കൂട്ടുകാരിയുമായി ചിലവഴിക്കാൻ പോകുന്ന വേനലവധിക്കാലമാണ്. പരീക്ഷ കഴിഞ്ഞാൽ ഇരുവരും അവധിക്കാലത്ത് കളിക്കാൻ പോകുന്ന കളികളുടെ പേര് ബുക്കിലെഴുതി വെക്കും. അക്ക് കളി, ഒളിച്ചുകളി, അമ്മയും കുട്ടിയും അങ്ങനെയങ്ങനെ. അതുപോലെ അവൾക്ക് പോകാൻ ഏറ്റവും ഇഷ്ട്മുളള സ്ഥലമാണ്, അമ്മവീട്ടിനടുത്തുള്ള വലിയ പുഴ. അവിടെ കുളിക്കാനും മീൻ പിടിക്കാനും അവൾക്ക് ഒത്തിരി ഇഷ്ട്മാണ്. ഓരോ പരീക്ഷ കഴിയുംതോറും അവൾക്ക് ഉത്സാഹമാണ്. അവളുടെ കുഞ്ഞു മനസ്സിൽ കൊണ്ടുനടന്ന വലിയ മോഹങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള ഉത്സാഹം.
			അങ്ങനെ,പരീക്ഷാചൂട് അവസാനിക്കാറായി.  “അമ്മേ,നാളെ ശനിയാഴ്ച്ചയല്ലേ. വീട്ടിലിരുന്നാൽ ബോറടിക്കും. ഞാനും കൂടെ നാളെ ആശുത്രിയിലേയ്ക്ക് വരട്ടെ.”  റീന വരാൻ സമ്മതിച്ചില്ലെങ്കിലും മകളുടെ വാശി കാരണം അവസാനം ആശുപത്രിയിലേക്ക് അവളേയും കൂട്ടി. രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ കൂടെ കളിച്ചും ചിരിച്ചും സംസാരിച്ചും അവൾ അവിടെമാകെ ഓടിനടന്നു .അവളുടെ ഏറ്റവും നല്ല ദിനമായിരുന്നു അത്. വീട്ടിലെത്തി കുറച്ചു ദിവസങ്ങൾ കൂടി മുന്നോട്ടു പോയപ്പോൾ അഭിരാമിക്ക് പനിയും തലവേദനയും തുടങ്ങി. സഹിക്കാനാവാത്ത തലവേദന. “അമ്മേ എന്റെ തല പൊളിയാ,തൊണ്ടവേദനേംണ്ട്.” അവൾ കരഞ്ഞു കൊണ്ട് പറ‍ഞ്ഞു.  “നീ അത് കാര്യാക്കണ്ട,ഒരു പാരസറ്റമോൾ കഴിച്ച് ഒന്നുറങ്ങിയാൽ, പനിയും തലവേദനയും എല്ലാം പമ്പ കടക്കും.” റീന അത് കാര്യമാക്കാതെ വിട്ട് ജോലിയിൽ മുഴുകി. ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അവളുടെ പനിയും തൊണ്ടവേദനയും കൂടി. അന്നു തന്നെയാണ് താൻ ജോലിചെയ്യുന്ന ആശുപത്രിയിലെ ഒരു രോഗിക്ക് കോവിഡ് -19 എന്ന മഹാമാരി ആണെന്ന്  റീന അറിഞ്ഞതും.

                “മോളെ,വേഗം നമുക്ക് ആശുപത്രിയിൽ പോകാം.” റീന തന്റെ മകളേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. “എല്ലാവരുടേയും ശ്രവം പരിശോധനക്കയയ്ക്കണം,നിരീക്ഷണത്തിലിരിക്കണം.” ഡോക്ടർ പറഞ്ഞു. പിറ്റേന്ന്...തനിക്കും ഭർത്താവിനും കോവിഡ് നെഗറ്റീവാണെന്നും തന്റെ പൊന്നോമന മകൾക്ക് ആ മഹാമാരി ബാധിച്ചിരിക്കുകയാണെന്നും നഴ്സ് പറഞ്ഞപ്പോൾ റീനയുടെ മനസ്സൊന്നു പതറി. താനാണതിന് കുറ്റക്കാരി എന്നവൾ വിചാരിച്ചു. ഐ.സി.യുവിന്റെ ജനലഴികളിൽ പിടിച്ചു കൊണ്ടവൾ പൊട്ടിക്കരഞ്ഞു.

                      അഭിരാമിയുടെ ആ നാളുകൾ വേദനാജനകമായിരുന്നു. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് മുത്തം നൽകാൻ അവൾക്ക് കൊതിതോന്നി. അവൾ രക്ഷപ്പെടുമോ എന്നുപോലും സംശയമായിരുന്നു. എന്നാൽ,യാതനകളുടേയും വേദനകളുടേയും ലോകത്തെ പെട്ടെന്നു തന്നെ അഗ്നി കത്തിക്കരിച്ചു കളഞ്ഞു. മാതാപിതാക്കളുടേയും ആയിരങ്ങളുടേയും പ്രാർത്ഥന ദൈവം കണ്ടില്ലെന്നു നടിച്ചില്ല. ദൈവത്തിന്റെ കാരുണ്യം മൂലം ആ കുഞ്ഞു പനിനീർപുഷ്പം മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. അവളെ പരിചരിക്കുന്ന നഴ്സുമാരിലും ഡോക്ടർമാരിലും പ്രത്യാശയുടെ നാമ്പുണർന്നു. അങ്ങനെ ആ കുരുന്നു ബാലിക രോഗമുക്തയായി.അച്ഛനും അമ്മയും അവളെ വാരിപ്പുണർന്നു. ഭൂമിയിലെ മാലാഖമാർ അവളെ സസന്തേഷം യാത്രയാക്കി. അവളുടെ മയിൽപ്പീലി കണ്ണുകളിൽ സന്തോഷത്തിന്റെ പ്രഭ വിടർന്നു. 

‘ഞാൻ എത്ര നല്ല ലോകത്താണ് ജീവിക്കുന്നത്. സുഖം മാത്രമേ ഇത്രയും കാലമായി ഞാനറിഞ്ഞിട്ടുള്ളൂ. രോഗം വന്ന് കൃത്യമായ പരിചരണം കിട്ടാതെ മണ്ണിലേക്കടിയുന്നത് എത്രപേരാണ്... അപ്പോൾ ഞാനെത്രയോ ഭാഗ്യവതിയാണ്.’അഭിരാമി തിരിച്ചറിഞ്ഞു. ആ കുഞ്ഞു തിരിച്ചറിവ് അഭിരാമിയുടെ ജീവിതത്തിൽ കുറെ നല്ല മാറ്റങ്ങൾ കൊണ്ടു വന്നു.

തേജ വ്യാസ്
7 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ