ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മുളവിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
മുള വിശേഷം


ഈ അവധിക്കാലത്തു ഞാൻ എന്റെ അമ്മ വീട്ടിൽ ആണ്. ഇവിടെ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഇടയക്കാണ് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിൽ ഏണി, പരമ്പ്, കുട്ട, വട്ടി, അങ്ങനെ ഒരുപാട് വസ്തുക്കൾ, അതിൽ കൂടുതലും മുള ഉൽപ്പന്നങ്ങൾ ആയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ അരങ്ങു വാഴുന്ന ഈ കാലത്ത് ഇത് എനിക്ക് അത്ഭുത കാഴ്ചയായിരുന്നു. അങ്ങനെയാണ് മുളയെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻശ്രമിച്ചത്. നിത്യജീവിതത്തിൽ ഇത്രയേറേ ഉപയോഗിക്കുന്ന ഇവൻ ആള് ചില്ലറക്കാരൻ അല്ല എന്നു മനസിലായി.

പുല്ലിനെ വംശത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള. ഏക പുഷ്പി ആയ ഇത് poaceae എന്ന കുടുംബത്തിൽ പെട്ടത് ആണ്. ജൈവആവാസ വ്യവസ്ഥയുടെ ഒരു വലിയ കലവറ തന്നെയാണ് ഈ മുളങ്കൂട്ടങ്ങൾ, മറ്റു മരങ്ങളെക്കാൾ 35ശതമാനം ഓക്സിജൻ പുറത്തു വിടാനുള്ള ഇവയുടെ ഇലയുടെ കഴിവ് പരിസ്ഥിതിക്ക് ഗുണകരമാണ്, അണുബോംബ് ദുരന്തത്തിന് ശേഷം ഹിരോഷിമയിൽ പരിസ്ഥിതി മലിനീകരണം കുറയാൻ ആദ്യം നട്ടുപിടിപ്പിച്ചത് മുളയാണ്.സംസ്‌കൃതത്തിൽ ഇതിനു വേണു, വംശരോചന, വംശവിദള, വംശലേഖ എന്നിങ്ങനെ പല പേരുകളും ഉണ്ട്.

ലോകത്തു 75 വിഭാഗങ്ങളിൽ ആയി 1250 ഇനം മുളവർഗങ്ങൾ ഉണ്ട്, ലോകത്തു ഏറ്റവും കൂടുതൽ മുള ഉല്പാദിപ്പിക്കുന്ന രാജ്യം ചൈന ആണ് രണ്ടാമത് ഇന്ത്യയും. ആഹാരം, ഔഷധം,നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ, വൻകിട വ്യവസായങ്ങൾ, തുടങ്ങിയ മേഖലകളിൽ ഒക്കെ അനിവാര്യമായ മുളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കാൻ ആണ് സെപ്റ്റംബർ 18 ലോക മുള ദിനമായി ആചരിക്കുന്നത്.

             ഇവിടെ മൂന്നു തരം മുളവർഗ്ഗങ്ങൾ ആണ് ഞാൻ കണ്ടത്. രണ്ടെണ്ണം ഇവിടെ നട്ടുവളർത്തുന്നതും, ഒരെണ്ണം അടുത്ത വനപ്രേദേശത്തു സ്വാഭാവികമായി വളരുന്നതും. 
ഇതിൽ ഒരെണ്ണം ഇളം പച്ചനിറത്തിൽ ഉള്ള തടിയും, പച്ചനിറത്തിൽ ഉള്ള ഇലയോടു കൂടിയതും ആണ്. ഇതിനെ ഇല്ലി എന്നാണ് വിളിക്കാറുള്ളത്,. ഇതിന്റെ ശാസ്ത്രനാമം Bambusa Bambos എന്നാണ്. ഇത് 24മുതൽ 32വർഷം വരെ ജീവിക്കുന്ന സസ്യം ആണ്. 35മീറ്റർ വരെ ഉയരം വയ്ക്കും. പൂക്കുന്നതോടെ മുളക്കൂട്ടങ്ങൾ നശിക്കുന്നു, കൂട്ടംകൂടി വളരുന്ന ഈ ഇനം ആനകളുടെ പ്രധാനഭക്ഷണം ആണ്.

പിന്നെ ഒരെണ്ണം മഞ്ഞ തടി ഉള്ളതും, പച്ച ഇലകളോട് കൂടിയതും ആണ്, ഇതിന്റെ ശാസ്ത്രനാമം ബംബോസ വള്ഗാരിസ് എന്നാണ്, നട്ടു വളർത്തുന്ന ഈ ഇനം കാണാൻ നല്ല ഭംഗി ഉള്ളതാണ്. താഴത്തെ മുട്ടുകളിൽ വേരുകൾ നിറഞ്ഞിരിക്കുന്ന ഇവ ഇടതൂർന്നു വളരാറില്ല.

അടുത്തത് ചെറു മുളകളുടെ കൂട്ടത്തിൽപെട്ട ഓട, ഈറ്റ എന്നൊക്കെ വിളിക്കുന്ന ഇനമാണ്. ഇതിന്റെ ശാസ്ത്രനാമം ഓക്ലാൻഡ്ര ട്രാവൻകൂറിക്ക എന്നാണ്. 7 വർഷത്തിൽ ഒരിക്കൽ ആണ് ഇതിന്റെ പൂക്കാലം. ഇത് തിങ്ങി കൂട്ടമായി വളരുന്നു. കുട്ട, വട്ടി എന്നിവ ഉണ്ടാക്കാൻ ഇതാണ് ഉപയോഗിക്കുന്നത്, ഞങ്ങൾ കുട്ടികൾ പുൽക്കൂട് ഉണ്ടാക്കാനും, നക്ഷത്രം ഉണ്ടാക്കാനും എല്ലാം ഇതാണ് ഉപയോഗിക്കുന്നത്.

മുളകൾ പൂക്കുന്നതിന് രണ്ട് വർഷം മുൻപ് ഇതിന്റെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കും, പിന്നീട് പുതിയ മുളകൾ വളരാതെ ആവും. ഇതിന്റെ പൂക്കൾ ചെറുതും മഞ്ഞകലർന്ന പച്ചനിറത്തിൽ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നതും ആണ്. ഗോതമ്പു മണിയോട് സാദൃശ്യം ഉണ്ട് ഇതിന്റെ അരിക്ക്. മുളംതണ്ട് പൊതുവെ മിനുസമുള്ളതും പച്ച, മഞ്ഞ നിറത്തോടു കൂടിയതും ആണ്. മുളകൂമ്പ് അഥവാ കണല ഭക്ഷ്യയോഗ്യമാണ്, ഞങ്ങളുടെ വീട്ടിൽ മുളകൂമ്പും മുളഅരിയും ഉപയോഗിക്കാറുണ്ട്. മുളക്കാടുകൾ ചിത്രശലഭങ്ങളുടെ വിഹാരകേന്ദ്രം കൂടി ആണ്,മുട്ട ഇടാനും ലാർവകൾക്ക് ഭക്ഷണം ആക്കാനും ഇവ പുല്ലുകളെ ആശ്രയിക്കുന്നു.

മുളകൾ പൂക്കുമ്പോൾ വലിയൊരു ആവാസവ്യവസ്ഥ തന്നെ അവിടെ രൂപപ്പെടുന്നു, മുളഅരി ഭക്ഷിക്കാൻ വിവിധതരം പക്ഷികൾ, എലികൾ എന്നിവ എല്ലാം കൊണ്ടും അവിടം നിറയുന്നു. വനപ്രദേശത്തു താമസിക്കുന്നവർ ഇല്ലി പൂത്തു കഴിയുമ്പോൾ ഇല്ലിത്തുറുവിന്റെ ചോടു വൃത്തി ആക്കി അവിടെ കാത്തിരിക്കും കൊഴിഞ്ഞുവീഴുന്ന ഇല്ലിഅരി ഉള്ള ഇല്ലിപൂവ് ശേഖരിക്കാൻ.പ്രാചീന കാലം മുതൽ ഇതിന്റെ വേര് മുതൽ ഇല വരെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. ആദിവാസികൾ മുളയെ അവരുടെ ജീവിത ഭാഗമായി തന്നെ കാണുന്നുണ്ട്. കടലാസ് നിർമാണം, കാർഷിക ആവശ്യത്തിന് ഉള്ള വസ്തുക്കൾ, സംഗീതോപകരണങ്ങൾ, വീടിന്റെ നിർമ്മാണത്തിന്, തോണി തുഴയാൻ ഉപയോഗിക്കുന്ന കഴുക്കോൽ അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിരവധി ആവശ്യങ്ങൾക്ക് ഇന്ന് ലോകത്ത് മുള ഉപയോഗിക്കുന്നു

         വേനൽകാലത്തു വനത്തിൽ അവശേഷിക്കുന്ന പ്രധാനഭക്ഷണം മുളയാണ്, വ്യവസായ ആവശ്യങ്ങൾക്ക് ഇത് വൻതോതിൽ വെട്ടി നശിപ്പിക്കുന്നത് മൂലം ആവാസമേഖലയിൽ തന്നെ മാറ്റം വരുകയാണ്. വനനശീകരണം ഏറി വരുന്ന ഈ കാലഘട്ടത്തിൽ മുളകൾ പൂക്കുന്ന കാലം വരെ എങ്കിലും അവയുടെ ആയുസ്സ് നിലനിർത്തുന്നത് വന്യജീവികൾക്കും പരിസ്ഥിതിക്കും മുളയുടെ വംശം നില നിർത്തുവാനും വളരെ അത്യാവശ്യമാണ്.
ആൽവിൻ ഷിജു
9h ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം