ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/റോഡ് വക്കത്തെ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
റോഡ് വക്കത്തെ തേൻമാവ്
                         വേനലവധിക്ക് വിരാമമിട്ടു കൊണ്ട് ഇന്നാണ് സ്കൂൾ തുറക്കുന്നത്. രണ്ട് മാസത്തെ വേനലവധി അപ്പുപ്പന്റേയും അമ്മുമ്മയുടെയും കൂടെ ചിലവഴിച്ച് മനു ഇന്നലെ എത്തിയതെയുള്ളു. അപ്പുപ്പൻ്റ വീട് എന്നും മനുവിന് ഒരു അത്ഭുത ലോകമാണ്.വീട്ടിൽ നിന്നും നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽവയലുകളാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തെത്തുന്ന എണ്ണിയാൽ തീരാത്തത്ര പക്ഷികൾ, നിറയെ വെളളാരം കല്ലുകളും സാരി വാലൻ മീനുകളും ഉള്ള തോടുകൾ മധുരമൂറുന്ന മാമ്പഴങ്ങൾ നല്കുന്ന തേൻമാവുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളുമായാണ് തിരിച്ച് വരവ്.
           സ്കൂൾ തുറക്കുന്ന ദിവസമായത് കൊണ്ട് അമ്മ വിളിച്ചപ്പോൾ തന്നെ എഴുന്നേറ്റ് സ്കൂളിൽ പോകാനുള്ള ഒരുക്കം തുടങ്ങി. അല്പം നേരത്തെ തന്നെ റോഡിലേക്കിറങ്ങി .സ്‌കൂൾ ബസ് കാത്ത് നില്ക്കുന്ന റോഡരുകിൽ ഒരു വലിയ തേൻമാവ് നില്ക്കുന്നുണ്ട്. നിറയെ മാമ്പഴങ്ങളുള്ള ഒരു തേൻ മാവ്.. തിരക്കേറിയ നഗരവീഥിയിൽ തല ഉയർത്തി നിന്നിരുന്ന ആ മാവ് മാത്രമായിരുന്നു കുളിർമയുള്ള ഒരേ ഒരു കാഴ്ച.കുഞ്ഞു കുഞ്ഞു പക്ഷികൾ ശബ്ദമുണ്ടാക്കുന്ന മരകൊമ്പുകളിൽ നിന്നും പെയ്താലും പെയ്താലും തീരാതെ മഴ തുള്ളികൾ ഇററിറ്റ് വീണ് കൊണ്ടേയിരിക്കും. അന്നും പതിവ് പോലെ പിഞ്ഞി തുടങ്ങിയ ഭാണ് ഢവും അടപ്പില്ലാത്ത കുപ്പിയും അതിനടുത്തായി മരത്തോട് ചേർന്ന് മൂടി പുതച്ചിരിക്കുന്ന നീളൻ താടിയും മുടിയുമുള്ള മെലിഞ്ഞ പേരറിയാത്ത ആ മനുഷ്യനും ഉണ്ടായിരുന്നു. മനുവിന് ഓർമ്മ വച്ചപ്പോൾ മുതൽ കാണുന്നതാണ് ഈ കാഴ്ച.ചിലപ്പോൾ ഉച്ചത്തിൽ സംസാരിച്ചും പാട്ട് പാടിയും മരത്തെ കെട്ടിപ്പിടിച്ചും പകലന്തികൾ ചിലവഴിക്കുന്ന ആ മനുഷ്യൽ എല്ലാവർക്കും പരിചിതനാണ്.തമിഴ് കലർന്ന മലയാളത്തിലുള്ള അയാളുടെ പാട്ടിൻ്റെ വരികൾ കേൾക്കാത്തവരായി ആരുമില്ല.ചില അവധി ദിവസങ്ങളിൽ അമ്മ നല്കുന്ന പൊതിച്ചോറ് അയാൾക്ക്കൊണ്ട് കൊടുക്കുന്നത് മനുവിന് ഇഷ്ടമായിരുന്നു.കത്തുന്ന വെയിലത്തും മാവിൻ്റെ തണലിരുന്ന് അയാൾഭക്ഷണം സാവകാശം കഴിക്കുന്നത് നോക്കി നില്ക്കുന്നത് മനുവിന് പ്രത്യേക അനുഭൂതി നല്കി. ആരോടും ഒരിക്കലും ചിരിക്കാത്ത അയാൾ മധുരമൂറുന്ന മാമ്പഴങ്ങൾ മനുവിനായി നീട്ടുമായിരുന്നു. അപ്പുപ്പനോട് പറയാനുണ്ടായിരുന്ന ഏക വിശേഷവും ആ മരവും പിന്നെ ആ മനുഷ്യനും ആയിരുന്നു .
      മഴ പെയ്ത് തോർന്ന് വർഷകാലം കഴിഞ്ഞ ഒരു ദിവസം റോഡരുകിൽ ഒരു മണ്ണ് മാന്തിയന്ത്രം നിർത്തിയിട്ടിരിക്കുന്നത് മനു ശ്രദ്ധിച്ചു. വൈകുന്നേരം സ്കൂളിൽ നിന്നും വരുംമ്പോൾ മരത്തിൽ മഞ്ഞ പെയിൻ്റിൽ നമ്പർ ഇട്ട് വച്ചിരിക്കുന്നതും കണ്ടു. അപ്പോഴും പേരറിയാത്ത ആ മനുഷ്യൻ തൻ്റേതായ ലോകത്തായിരുന്നു. വീട്ടിലെത്തി പഠിക്കാനിരിക്കുമ്പോഴും മനു ചിന്തിച്ചത് ആ നമ്പറിനെക്കുറിച്ചായിരുന്നു. അച്ഛൻ വന്നയുടനെ മനു അതിനേപ്പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടി റോഡിനു വീതി കൂട്ടാനായി ആ മാവ് മുറിക്കാൻ പോകുകയാണ് എന്നായിരുന്നു. അതു കേട്ടതും മനു നിശബ്ദനായിരുന്നു. രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാതെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.രാവിലെ വേഗത്തിലൊരുങ്ങി താഴെ മാവിനരികിൽ എത്തി. അപ്പോൾ കണ്ട കാഴ്ച്ച മനുവിനെ കരയിപ്പിച്ചു. മരത്തെ കെട്ടിപ്പിടിച്ച് കരയുന്ന ആ മനുഷ്യനേയും അയാളെ പിടിച്ചു മാറ്റുന്ന ആളുകളേയും കണ്ടു. അയാൾക്ക് മുഴുഭ്രാന്താണ് എന്നാരോ പറയുന്നത് അവൻ്റെ കാതിൽ പതിഞ്ഞു .സ്കൂൾ ബസ് വന്നപ്പോൾ മനു അവസാനമായി താനേറെ ഇഷ്ടപ്പെട്ടിരുന്ന തേൻമാവിനെ നോക്കി ഒരിക്കൽക്കൂടി യാത്ര പറയുകയായിരുന്നു .അന്ന് സ്കൂളിൽ മനുവിൻ്റെ മനസ് മുഴുവൻ തേൻമാവായിരുന്നു.വൈകുന്നേരം തിരിച്ച് ബസിറങ്ങിയ മനു ഞ്ഞെട്ടലോടെ കണ്ടത് തൻ്റെ പ്രിയപ്പെട്ട തേൻമാവിൻ്റെ സ്ഥാനത്ത് കുറെ മരകഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതാണ്. വീണ് കിടക്കുന്ന കിളിക്കൂടും അടപ്പില്ലാത്ത കുപ്പിയും അവിടെ ചിതറി കിടക്കുന്നുണ്ടായിരുന്നു. അവിടെ കൂടി നിൽക്കുന്ന യാ ളുകൾക്കിടയിൽ മനുവിൻ്റെ കണ്ണുകൾ തിരഞ്ഞത് പേരറിയാത്ത ആ മനുഷ്യനെ ആയിരുന്നു. .... തൻ്റെ താവളം ഉപേക്ഷിച്ച് അയാൾ എങ്ങോട്ടൊ യാത്രയായിരുന്നു. ഒരു പാട് നൊമ്പരത്തോടെ വീട്ടിലെത്തിയ മനു ഏറെ ദിവസം നിശബ്ദനായിരുന്നു.അമ്മ അപ്പുപ്പനെ വിളിച്ച് ഫോണിൽ എന്തൊക്കെയാ പറയുന്നത് അവൻ കേട്ടു.അന്ന് വൈകുന്നേരമായപ്പൊൾ കൈയ്യിൽ ഒരു സഞ്ചിയുമായി അപ്പുപ്പൻ മനുവിനെ കാണാനെത്തി. സഞ്ചി തുറന്ന് അപ്പുപ്പൻ ഒരു കുഞ്ഞുമാവിൻതൈ മനുവിന് നല്കി. മുറ്റത്ത് ഒരു ഭാഗത്തായി ഇരുവരും ചേർന്ന് അത് നട്ടു. 'കാലമേറെ കഴിയുംമ്പോൾ അത് വലിയ ഒരു തേൻമാവ് ആകുമെന്നും  അതിൽ നിറയെ പക്ഷികൾ വന്നിരിക്കുമെന്നും തണലും തേനൂറുന്ന മാമ്പഴങ്ങളും നല്കി മനുവിൻ്റെ കൂട്ടുകാരനാകും എന്ന് പറഞ്ഞ് അപ്പൂപ്പൻ മടങ്ങി.
    ഇന്ന് മനു ആ കുഞ്ഞ് തൈയ്യിൽ വെള്ളവും വളവും ഇട്ട് ഒരു വലിയ തേൻമാവാകാൻ കാത്തിരിക്കുന്നു. തൻ്റെ മാവിൻ്റെ കൊമ്പിൽ ഒരു പാട് പക്ഷികൾ വന്നിരിക്കുന്നതും കൂടാതെ അണ്ണാറക്കണ്ണനും തേനൂറുന്ന മാസഴങ്ങളും ഉരുകുന്ന വേനൽ ചൂടിലും കുളിർമ നല്കുന്ന തണലുമെല്ലാം ഓർത്തപ്പോൾ മനുവിൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
തന്മയ എസ്
8 G ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ