ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
കാർഷിക ക്ലബ്ബ്


കൺവീനർ : പ്രിൻസ്‍ലാൽ

കർഷക ദിനം -ചിങ്ങം 1

2021- 2022 അധ്യയന വർഷത്തെ കർഷക ദിനം മേഖലയിലെ പരമ്പരാഗത കർഷകനെ മാതൃകാപരമായി ആദരിച്ചുകൊണ്ടാണ് വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തപ്പെട്ടത്. കുട്ടികളിൽ കാർഷിക സംസ്കാരവും ശീലങ്ങളും വളർത്തുന്നതിന്റെ ഭാഗമായി അധ്യയന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തിട്ടുണ്ടായിരുന്നു. കുട്ടികൾക്ക് വാട്സപ്പ് ഗ്രൂപ്പുകൾ ക്രമീകരിച്ച് ആവശ്യമായ നിർദ്ദേശങ്ങളും നൽകി വരുന്നുണ്ടായിരുന്നു. എന്നിരുന്നാലും മണ്ണിൽ പണിയെടുക്കുന്ന കർഷകനാണ് ആത്യന്തികമായ അംഗീകാരങ്ങൾക്ക് അർഹനെന്ന മഹത്തായ സന്ദേശം കുട്ടികളിൽ എത്തിക്കുക വഴിയേ വരും തലമുറയിൽ കാർഷികവൃത്തിക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുകയുള്ളൂ എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിലും നാളിന്നു വരെ അന്നമൂട്ടിയ കർഷകന് ആദരം നൽകുന്നതിന് വിദ്യാലയങ്ങളേക്കാൾ മഹത്തായ ഒരു വേദി മറ്റൊന്നില്ല എന്ന ഉത്തമ ബോധ്യത്തിലും നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ.റ്റി. മനോഹരനെ ആദരിക്കുവാൻ തീരുമാനിച്ചു. ബഹു: പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ , അധ്യാപക രക്ഷകർത്തൃ സമിതി അധ്യക്ഷൻ ശ്രീമാൻ പ്രവീൺ, അധ്യാപക കൂട്ടായ്മ കാര്യദർശി ശ്രീമാൻ. കെ . സുരേഷ് കുമാർ സാർ ,മുതിർന്ന അധ്യാപകൻ ശ്രീമാൻ. എൽ . സുരേഷ് സാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കോവളം നിയമസഭാംഗം ശ്രീമാൻ .എം . വിൻസൻ്റ് അവർകൾ മുതിർന്ന കർഷകൻ ശ്രീമാൻ. റ്റി .മനോഹരൻ അവർകളെ മാതൃകാപരമായി ആദരിക്കുകയായിരുന്നു. തദവസരത്തിൽ താൻ വിളയിച്ചെടുത്ത നെൽക്കതിരും വെള്ളരിക്കയും കർഷകർ ബഹുമാനു നിയമസഭാംഗത്തിന് സമ്മാനിച്ചത് സദസിന് ഹൃദ്യമായ അനുഭവമായി മാറി. ചടങ്ങിൽ അധ്യാപക അനധ്യാപക പ്രതിനിധികൾ , രക്ഷിതാക്കൾ വിദ്യാർത്ഥി പ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

🌾🌾🌾നെല്ലിന്റെ ജന്മദിനം🌾🌾🌾

നെല്ലിന്റെ ജന്മദിനമായി കണക്കാക്കപ്പെടുന്ന കന്നി മാസത്തിലെ മകം നാളിൽ പരമ്പരാഗത നെൽകർഷകനുമായി കുട്ടികൾക്ക് സംവദിക്കുവാനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി വിദ്യാലയത്തിലെ ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. വെങ്ങാനൂർ ഏലായില്ല പരമ്പരാഗത നെൽകർഷകനായ ശ്രീമാൻ. ഗോപാലൻ നാടാർ തന്റെ ദീർഘകാലത്തെ അറിവുകളും അനുഭവപരിചയങ്ങളും കുട്ടികൾക്കായി പങ്കുവച്ചു. കാളയെ പൂട്ടി നിലം ഉഴുന്നതും പരമ്പരാഗത പണിയായുധങ്ങളുടെ പേരുകളും ഉപയോഗങ്ങളും ഒക്കെ കുട്ടികൾക്ക് കൗതുകത്തിന്റെ പുതിയ അധ്യായം തീർക്കുന്നതായിരുന്നു. സംവാദനന്തരം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ മാതൃകാപരമായി ആദരിക്കുകയുണ്ടായി. അധ്യാപക കാര്യദർശി ശ്രീമാൻ സുരേഷ് കുമാർ സാർ, മറ്റു അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു.

🌾🌾🌾പുത്തരിയും പച്ചക്കറിയും 2021- 2022🌾🌾🌾

🌾🌾🌾പുത്തരിയും പച്ചക്കറിയും ഒന്നാം ഘട്ടം🌾🌾🌾

കുട്ടികളിൽ കാർഷിക വാസനയും കാർഷിക സംസ്കാരവും അഭിരുചിയും വളർത്തുക, തകർന്നു കൊണ്ടിരിക്കുന്ന നമ്മുടെ കാർഷിക മേഖലയ്ക്കു ശക്തി പകരുക , വിഷമുക്തമായ പച്ചക്കറികൾ ലഭ്യമാകുന്ന സാഹചര്യം വീടുകളിൽ സൃഷ്ടിക്കുക , കോവിഡ് കാലഘട്ടത്തിൻ്റെ ഏകാന്തതയിൽ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയും മുൻ വർഷങ്ങളിലെ കുട്ടിക്കർഷകൻ എന്ന പ്രവർത്തനത്തിൻ്റെ പരിഷ്കരിച്ച പതിപ്പായും ഈ അധ്യയന വർഷാരംഭം മുതൽ പുത്തരിയും പച്ചക്കറിയും എന്ന പ്രവർത്തനം നടത്തി വരുന്നു. എല്ലാ കുട്ടികൾക്ക് ഈ വർഷം പച്ചക്കറി വിത്തുകൾക്കു പുറമേ നെൽവിത്തുകളും നൽകുകയുണ്ടായി. മലയാളിയുടെ ആഹാരത്തിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന അരിയുടെ പ്രഭവസ്ഥാനം കുട്ടികൾക്ക് നേരിട്ട് ബോധ്യപ്പെടാൻ അവസരം നൽകുകയാണ് നെൽവിത്ത് നൽകിയതിലൂടെ ഉദ്ദേശിച്ചത്. കുറെയേറെ കുട്ടികൾ ടാർപ്പോളിൻ നിരത്തിയും ട്രേകളിൽ ചെളിനിറച്ചും , പാടം ഒരുക്കിയും ഒക്കെ നെൽകൃഷിയിൽ പങ്കാളികളായി. വീണ്ടും വിത്തു വിതരണം നടത്തി വർഷത്തിലുടനീളം പ്രവർത്തനം വിജയകരമായി തുടരുന്നു.

🌾🌾🌾പുത്തരിയും പച്ചക്കറിയും രണ്ടാം ഘട്ടം🌾🌾🌾

മഴക്കെടുതിയിൽ കടുത്ത നാശം നേരിട്ട കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്നതിനും, സാധാരണ കുടുംബങ്ങൾ നേരിടുന്ന വിലക്കയറ്റത്തെ ഫലപ്രദമായി നേരിടുന്നതിനും, കുട്ടികൾക്ക് മുൻ അധ്യയന വർഷങ്ങളിൽ നൽകിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായും ജനുവരി ആദ്യവാരത്തിൽ തന്നെ എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ കുട്ടികൾക്ക് വിത്തുകൾ കൈമാറി വിതരണാരംഭം കുറിച്ചു. കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും വാട്സപ്പ് ഗ്രൂപ്പിലൂടെ തുടർന്നും നൽകുന്നതായിരിക്കും.മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതുമായിരിക്കും.

🌾🌾🌾പുത്തരിയും പച്ചക്കറിയും മൂന്നാം ഘട്ടം🌾🌾🌾

2021- 22 അധ്യയന വർഷത്തിൽ രണ്ടു ഘട്ടമായാണ് പുത്തരിയും പച്ചക്കറിയും എന്ന പ്രവർത്തനം നടപ്പിലാക്കിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും പരിപൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചത് വലിയ വിജയമായിരുന്നു. വീട്ടുകളിലും പാടങ്ങളിലുമായി കുട്ടികൾ നെല്ലും പച്ചക്കറികളും വിളയിച്ചു. അടച്ചിൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൃഷിയനുഭവം നേരനുഭവം ആക്കുന്നതിലും പ്രവർത്തനം നിർണ്ണായക പങ്കു വഹിച്ചു. ഏറ്റവും മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്ത അഞ്ചു കുട്ടികളെ കണ്ടെത്തി പ്രത്യേക പുരസ്കാരവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകിക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയായിരുന്നു. പ്രഥമാധ്യാപിക , പിറ്റിഎ , അധ്യാപകർ എന്നിവരുടെ പൂർണ്ണ പങ്കാളിത്തവും സഹകരണവും ഈയവസരത്തിൽ പ്രത്യേകം സ്മരണീയമാണ്.

🌾🌾🌾ചിത്രങ്ങൾ🌾🌾🌾