ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
അവർ വിചാരിക്കുന്നത് ...............

ഈ കഥ തുടങ്ങുന്നത് ഒരു വലിയ ദുരന്തത്തിൽ നിന്നാണ്എ. എങ്ങും ശൂന്യമാണ്. പരസ്പരം ഒരു ബന്ധവുമില്ലാതെ അവരവരുടെ കാര്യം നോക്കി ഓടുന്ന തിരക്കിലാണ് എല്ലാവരും. ബന്ധങ്ങളുടെ വില പോലും മറന്നു പോയിരിക്കുന്നു. മരങ്ങളും വയലുകളും മലകളും മണ്ണിട്ടു മൂടി പത്തും മുപ്പതും നിലയുള്ള ഫ്ളാറ്റുകൾ കെട്ടിപ്പൊക്കുകയാണ് ഒരു വശത്ത്. മനുഷ്യമനസ് ക്രൂരമായി കൊണ്ടിരിക്കുന്നു . പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന സ്ഥിതിയിൽ ആണ് മനുഷ്യൻ. മനുഷ്യനെ മനുഷ്യനായി കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അവരവരുടെ കാര്യം മാത്രം നോക്കി എങ്ങോട്ട് പോകുന്നു എന്നു പോലും നിശ്ചയമില്ല ഈ ലോകത്തിന് . ഒരു ദിവസം റോഡിലൂടെ പായുന്ന വാഹനങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കില്ല. വാഹനങ്ങൾ മൂലം പ്രകൃതി ഒരു പാട് വേദനകൾ സഹിക്കുന്നു. പ്രകൃതിക്കും ജീവനുണ്ട്. മനുഷ്യനെപ്പോലും മനസിലാക്കാനും സ്നേഹിക്കാനും കഴിയാത്ത മനുഷ്യർക്ക് എങ്ങനെ പ്രകൃതിയെ സ്നേഹിക്കാൻ കഴിയും? മനുഷ്യൻ ഒരു പാട് വളർന്നിരിക്കുന്നു. ശാസ്ത്രീയമായും സാങ്കേതികമായും മനുഷ്യർ ഇന്ന് ഉന്നതിയിലേക്ക് കുതിക്കുകയാണ്. അങ്ങനെ തിരക്കുപിടിച്ച ജീവിതത്തിലെ നെട്ടോട്ടത്തിനിടയിൽ പെട്ടെന്ന് ഒരു ദിവസം ഈ ലോകം തന്നെ നിശ്ചലമായി. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. എന്നുമുള്ള അന്തരീക്ഷം അല്ലായിരുന്നു. പുകയുടെ മുഖം മൂടിയില്ല. മനുഷ്യന്റെ നെട്ടോട്ടമില്ല. എങ്ങും ശാന്തത മാത്രം. ഒന്നും മനസിലാകാതെ ഞാൻ മുമ്പോട്ടു പോയി. പോകുന്ന വഴിയിൽ കണ്ട മറ്റു പക്ഷികളോട് ചോദിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.......

ഒരു കാര്യം മനസിലായി. മനുഷ്യൻ എന്തിനെയോ ഭയക്കുന്നു. പക്ഷെ അത് എന്താണെന്ന് എനിക്ക് മനസിലായില്ല . അതിനെക്കുറിച്ച് അറിയാൻ വേണ്ടി ഞാൻ താഴോട്ട് പറന്നു. എല്ലായിടത്തും ബക്കറ്റുകളും അതിൽ വെള്ളവും .ചുരുക്കം പേരെ മാത്രമേ പുറത്തു കാണാനുള്ളൂ .എന്നാൽ അവരിലും എന്തൊക്കെയോ മാറ്റങ്ങൾ ... എല്ലാരും അവരുടെ കണ്ണുകൾ മാത്രം കാണാൻ വിധത്തിൽ എന്തോ കൊണ്ട് മുഖം മറച്ചിരിക്കുന്നു. ഇതൊക്കെ എന്തുകൊണ്ടായിരിക്കാം? എന്തുകൊണ്ട് പ്രകൃതി ഇത്ര ശാന്തമായിരിക്കുന്നു? ഈ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം കിട്ടിയില്ല . ഉത്തരം കിട്ടാതെ ഞാൻ ഒരു മരച്ചില്ലയിൽ ഇരിക്കുമ്പോഴാണ് രണ്ടു പേർ അതുവഴി കടന്നു വന്നത്. അവർ രണ്ടു പേരുടേയും സംസാരത്തിലൂടെ എന്റെ ചോദ്യങ്ങളുടെ ഉത്തരം എനിക്ക് കിട്ടി. ഉത്തരം കേട്ട ഞാൻ തികച്ചും അത്ഭുതപ്പെട്ടു പോയി .

കൊറോണ വൈറസ് അഥ വാ കോവിസ് 19 എന്ന മഹാമാരി ആണ് ഈ മാറ്റങ്ങൾക്കൊക്കെ കാരണം. ഇതിനെ ഇത്രമാത്രം ഭയക്കാൻ എന്താണുള്ളത്? മനുഷ്യൻ ഇതിനെ ഭയക്കണം, ഭയക്കുന്നു. എന്തെന്നാൽ ഈ മാരകമായ വൈറസ് മനുഷ്യന്റെ ജീവൻ വരെ എടുക്കുന്നു. ഇതിനുള്ള പ്രതിവിധി ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ലത്രേ......പല രാജ്യങ്ങളിലും ഈ വൈറസ് മൂലം ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ നഷ്ടമായി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗം പകരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ബാധിക്കപ്പെടുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണം വർധിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും കൊണ്ട് മാത്രമേ മുന്നോട്ട് ജീവിക്കാൻ കഴിയൂ എന്ന മനുഷ്യന്റെ ധാരണയ്ക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നു ഈ മഹാമാരി . ആശുപത്രി ജീവനക്കാരും പോലീസുകാരും അവരുടെ ജീവൻ പോലും പണയം വച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് . ഇതു മൂലം മരണപ്പെടുന്നവരെ അവസാനമായി ഒന്ന് കാണാൻ പോലും ബന്ധുമിത്രാദികൾക്ക് അവസരം ലഭിക്കുന്നില്ല . വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയൂ. പ്രതിദിനം രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂട്ടുന്ന ഈ വൈറസ് ചിലപ്പോൾ ഈ ലോകത്തെ തന്നെ വിഴുങ്ങിയേക്കാം .

പക്ഷികളെയും മൃഗങ്ങളെയും കൂട്ടിനുള്ളിൽ അടച്ച് സ്വതന്ത്രരായി നടന്ന മനുഷ്യർ , ഇന്ന് അതേ കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. പ്രകൃതിയിൽ മലിനീകരണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. ഒരു അർത്ഥത്തിൽ ഈ കോവിഡ് 19 കാരണം പ്രകൃതി മനുഷ്യന്റെ ചൂഷണത്തിൽ നിന്ന് രക്ഷ നേടി. ഇതൊന്നും കൊണ്ട് ഒരിക്കലും മനുഷ്യർ ഒരു പാഠവും പഠിക്കാൻ പോകുന്നില്ല. എന്നിരുന്നാലും കുറച്ചു കാലത്തേക്ക് എങ്കിലും ഞാനും എന്റെ കൂട്ടരും പിന്നെ പ്രകൃതിയും മനുഷ്യന്റെ ഈ കറുത്ത കരങ്ങളിൽ നിന്നും രക്ഷപ്പെടും . അതെ , മാലിന്യമില്ലാത്ത ഈ പ്രകൃതിയെ ഞാൻ ആവോളം ആസ്വദിക്കട്ടെ.......

ദേവിക സുരേഷ്
10 A ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ