ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ സ്നേഹിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ സ്നേഹിച്ച്

പരിസ്ഥിതിസംരക്ഷണത്തിൻെറആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന ഈ കാലഘട്ടം, അതിൻെറ മൂല്യം ഉൾക്കൊണ്ട് നമ്മുടെ ആവാസ വ്യവസ്ഥയെത്തന്നെ സംരക്ഷിക്കാൻ ബാധ്യസ്ഥരായിരിക്കുകയാണ് നാം ഓരോരുത്തരും.

പരിസ്ഥിതിയെന്നാൽ മനുഷ്യർ മാത്രമല്ല, സസ്യജാലങ്ങളും ജന്തുജാലങ്ങളും ചേർന്നതാണ്. എന്നാൽ ഇതിൻെറ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ മൂലം നമുക്കും സസ്യ-ജീവജാലങ്ങൾക്കും ദോഷകരമാകുന്നു. ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യർ അറിയുന്നില്ല, അവൻെറ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ വായു പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജലവും എന്ന വസ്തുത. ഇപ്പോൾ ഏറ്റവുമധികം മലിനമാക്കപ്പെടുന്നത് ജലമാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റ്ക് മാലിന്യങ്ങളും ചപ്പുചവറുകളും നമ്മുടെ നദികളെയും കുളങ്ങളെയും മറ്റു ജലാശയങ്ങളെയും മലിനമാക്കിക്കൊണ്ടിരിക്കുന്നു.

മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ നാം നമ്മുടെ പ്രാണ വായുവിനെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ഭൂമിയിൽ ചൂടു കൂടുന്നതിൻെറ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡൻെറ വർധനയാണ്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ-ജൈവ പരിവർത്തനങ്ങളുടെ ഫലമായിട്ടാണ് കൃഷിക്ക് അനുയോജ്യമായ മണ്ണ് രൂപപ്പെട്ടത്. എന്നാൽ ഈ ആധുനിക കാലഘട്ടത്തിൽ കാർഷികാഭിവൃദ്ധിക്ക് സ്വീകരിച്ച പുതിയ പുതിയ സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചു. ഇതു മൂലം ഏക്കർ കണക്കിനു കൃഷിഭൂമി ഉപയോഗ ശൂന്യമാകുന്നു.

വനനശീകരണമാണ് പരിസ്ഥിതിസംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമേ ഈ ദുസ്ഥിതിയെ തടയാൻ കഴിയൂ. വെള്ളത്തിൻെറയും വായുവിൻെറയും ശുദ്ധിയും ലഭ്യതയും നിലനിർത്താൻ വനങ്ങൾ സഹായിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിൻെറ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധജല ലഭ്യതയിലും മാലിന്യ നിർമാർജ്ജനത്തിലും പ്രശ്നങ്ങളുണ്ടാകുന്നു. മനുഷ്യ വംശത്തെത്തന്നെ ഇല്ലായ്മ ചെയ്യാൻ ശേഷിയുള്ള മാരക രോഗങ്ങളുണ്ടാക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്ക് ഭൂമിയെ സുരക്ഷിതമായ, ഹരിതാഭമായ ഒരു ആവാസ കേന്ദ്രമാക്കി നിലനിർത്താം. സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറാം. അതിനായി നമുക്ക് പ്രകൃതിയെ സ്നേഹിക്കാം.. സംരക്ഷിക്കാം....... നാളെയുടെ നല്ല തലമുറകൾക്കായി..... ഒപ്പം ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിനായി.........

ഗൗരിനന്ദന ആർ
7A ഗവയു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം