ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്.

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .

ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു.ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് - നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.

നമ്മുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കടമയാണ്.

വനനശീകരണം,ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു .ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്.

ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ -5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.

പാർവ്വതി
6F ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം