ക്ലാപ്പന സെന്റ്. ജോസഫ്‌സ് യു.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് ജോസഫ്സ് യു.പി.എസ് (ആൾസോൾസ് എൽ.പി.എസ്) ചരിത്രവഴികളിലൂടെ......

റൈറ്റ് റവ.ഫെർഡിനാന്റ് മരിയ ഓസി.ഒ.സി.ഡി. 1900 ൽ ക്ലാപ്പന നിവാസികൾക്കു നൽകിയ കനകോപഹാരമാണ് ആൾ സോൾസ് ലോവർ പ്രൈമറി സ്കൂൾ. മറ്റു മിക്ക ഇടവകകളിൽ എന്ന പോലെ ഇവിടെയും പള്ളിയോട് ചേർന്നു തന്നെയായിരുന്നു ആദ്യം കുറേക്കാലത്തേക്ക് ഈ പള്ളിക്കൂടം പ്രവർത്തിച്ചത്. ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ സ്കൂൾ സ്ഥിതി. ചെയ്യുന്ന എമ്പട്ടായി പുരയിടത്തിലേക്ക് മാറ്റിയത്. അമ്പട്ടന്മാർ (ക്ഷുരകന്മാർ) താമസിച്ചിരുന്ന സ്ഥലമായിരുന്നതു കൊണ്ട് ഇതിന് എപട്ടായി പുരയിടം എന്നു പേരു കിട്ടിയതായി പറയപ്പെടുന്നു. നമ്മുടെ നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും വേണ്ടത സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ പാഠശാല ഇവിടെ പ്രവർത്തനം ആരംഭിച്ചത്.

സ്കൂളിന്റെ ചരിത്രം പറയുന്നതിനു മുൻപ് അക്കാലത്ത് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ചും സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി നമ്മുടെ പൂർവ്വികർ അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും അൽപ്പമൊന്നു സൂചിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. ആധുനിക വിദ്യാഭ്യാസം പ്രചരിക്കുന്നതിനു മുൻപ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ക്ലാപ്പനയിലും പ്രാദേശികമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. ഓരോ കരയിലും നാട്ടാശാൻമാരുടെ എഴുത്തു കളരികൾ ഉണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന അദ്ധ്യാപകരായ വ്യക്തികളെ നിലത്തെഴുത്ത് ആശാന്മാരെന്ന് വിളിച്ചിരുന്നു.

എഴുത്തും വായനയും അത്യാവശ്യം വേണ്ടുന്ന കണക്കു പഠിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ അതോടു കൂടി അവസാനിക്കുമായിരുന്നു. സമ്പന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു സംസ്കൃത വിദ്യാഭ്യാസം തുടരുന്നതിനായി സ്വന്തം വീടുകളിൽ ഗുരുനാഥന്മാരെ ഏർപ്പാട ചെയ്തിരുന്നു. ചില പണ്ഡിതന്മാർ തന വിദ്യാലയങ്ങൾ നടത്തിയിരുന്നു. സമൂഹത്തിൽ ഒരു നല്ല വിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. പലരും വിദ്യാഭ്യാസത്തിൽ വേണ്ടത്ര താൽപ്പര്യം കാണിച്ചിരുന്നുമില്ല. പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.

1904-ൽ നമ്മുടെ നാട്ടിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കപ്പെട്ടു. ഒപ്പം സ്വകാര്യ വിദ്യാലയങ്ങൾക്ക് സർക്കാരിൽ നിന്നും സഹായധനം (ഗ്രാന്റ് ) നൽകുന്ന സമ്പ്രദായവും ആരംഭിച്ചു. ഇന്നത്തെ എയിഡഡ് സ്കൂളുകളെ ഏറെക്കാലം ഗ്രാന്റ് സ്കൂളുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചാം ക്ലാസ്സു മുതൽ ഫീസ് ഉണ്ടായിരുന്നു. കുറഞ്ഞ ഫീസേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതുപോലും കൊടുക്കുവാൻ സാധാരണ രക്ഷാകർത്താക്കൾ നന്നേ ബുദ്ധിമുട്ടിയിരുന്നു.

'ആൾസോൾസ് എൽ.പി.എസിനോട് ചേർന്ന് സെന്റ് ജോസഫ്സ് യു.പി.എസ്. തുടങ്ങിയത് 1948-ലാണ്. 1981 വർഷം വരെ ആൾസോൾസ് എൽ.പി.എസിനും സെന്റ് ജോസഫ്സ് യു.പി.എസിനും പ്രത്യേകം പ്രത്യേകം പ്രഥമാദ്ധ്യാപകരു ണ്ടായിരുന്നു. സിസ്റ്റർ ലാറാ മേരിയുടെ കാലത്താണ് രണ്ടു സ്കൂളുകളും കൂടി ഒന്നായത്.

ലോകമഹായുദ്ധ കാലഘട്ടങ്ങളിലും തുടർന്ന് സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ഏറെ പിരിമുറുക്കത്തോടെ ക്ലാസ്സു മുറികളിൽ കഴിഞ്ഞുകൂടിയ അവസരങ്ങൾ ഞെട്ടലോടു കൂടിയാണ് പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്നും ഓർക്കുന്നത്. രാജഭരണകാലത്ത് വഞ്ചീശമംഗളം രാജസ്തുതി ഗാനത്തോടെയായിരുന്നു ക്ലാസ്സുകൾ ആരംഭിച്ചിരുന്നത്.

ശ്രീമതി കാതറിൻ ഫെർണാണ്ടസിനെയാണ് സെന്റ് ജോസഫ്സ് യു.പി.എസിന്റെ പ്രഥമ ഭരണ സാരഥ്യം ഏൽപ്പിച്ചത്.ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ മായാലോകം കാട്ടിക്കൊടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച അദ്ധ്യയനത്തിനും അച്ചടക്കത്തിനും പേരുകേട്ട ഈ പാഠശാല ഒരു കാലത്ത് വിതുര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളെപ്പോലും ആകർഷിച്ചിരുന്നു. പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾ മികവു പുലർത്തിയിരന്നു .സ്കൂളിൻ്റെ പ്രശസ്തമായ ആ പാരമ്പര്യം ഇന്നും കെടാതെ സൂക്ഷിക്കുന്നുണ്ട്