കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

വസൂരി

ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്ന് പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു. തന്റെ പ്രാക്ടീസിനിടെ ഗോവസൂരി പിടിപെട്ട നിരവധിയാളുകളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ലെന്നായിരുന്നു. ജെന്നർ ഈ കാര്യത്തെക്കുറിച്ച് നിരന്തര പരീക്ഷണങ്ങൾ നടത്തി. വാക്സിനിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ഗോവസൂരി എന്നാണ്. 1796 മേയ് 14ന് എട്ടുവയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps) എന്ന കുട്ടിക്ക് ജെന്നർ ഗോവസൂരി പ്രയോഗം നടത്തി. ഗോവസൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തിൽ നിന്നും എടുത്ത ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പലരിലും ഇതേ പരീക്ഷണങ്ങൾ തുടർന്നു. ഈ സമ്പ്രദായത്തിന് ജെന്നർ വാക്സിനേഷൻ എന്നു പേരും നൽകി. 1798-ൽ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ഇതാണ് ആദ്യത്തെ വാക്‌സിൻ .

ക്ഷയം

ക്ഷയരോഗത്തിനെതിരെ പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു വാക്സിനാണ് ബി.സി.ജി (Bacillus Calmette–Guérin (BCG) vaccine).[1 ക്ഷയരോഗം സാധാരണയായി കാണപ്പെടുന്ന രാജ്യങ്ങളിൽ ആരോഗ്യമുള്ള കുട്ടികൾ ജനനസമയത്തോടനുബന്ധിച്ച് തന്നെ അനുവദനീയമായ അളവായ ഒരു ഡോസ് ബി.സി.ജി വാക്സിൻ നൽകേണ്ടതുണ്ട് . ക്ഷയരോഗസാധ്യയുള്ള പ്രദേശങ്ങളുമായി സമ്പർക്കം പുലർത്തുന്ന ക്ഷയരോഗബാധിതരല്ലാത്തവരും എന്നാൽ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവരും ആയ മുതിർന്നവരിലും ബി.സി.ജി പ്രധിരോധകുത്തിവെപ്പ് നടത്താറുണ്ട്. ഇന്ത്യയിൽ നവജാത ശിശുക്കൾക്ക് ക്ഷയരോഗ പ്രതിരോധത്തിന് നൽകുന്ന നിർബന്ധ കുത്തിവയ്‌പായ ബി.സി.ജി വാക്സിൻ കാരണമാണ് അമേരിക്കയെയും യൂറോപ്പിനെയും പോലെ ഇവിടെ കൊവിഡ് 19 ഇവിടെ പടർന്നു പിടിക്കാത്തതെന്ന് യു. എസ് ശാസ്ത്രജ്ഞർ പറയുന്നു. പഠനത്തിലെ ഈ കണ്ടെത്തലിൽ പ്രതീക്ഷയുണ്ടെന്നും ബി.സി.ജി വാക്‌സിൻ കൊവിഡിനെ ചെറുക്കും എന്ന് ഇനി തെളിയിക്കേണ്ടതാണെന്നും ഇന്ത്യൻ ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ക്ഷയരോഗ രാജ്യമായിരുന്നു ഇന്ത്യ

1948ൽ ഇന്ത്യ ബി. സി. ജി ( Bacillus Calmette-Guerin )​ വാക്‌സിനേഷൻ തുടങ്ങി

കന്നുകാലികളിൽ ക്ഷയം ഉണ്ടാക്കുന്ന മയോ ബാക്‌ടീരിയം ബോവിസ് എന്ന ബാക്ടീരിയയുടെ വീര്യം കുറഞ്ഞ പതിപ്പാണ് വാക്സിനിൽ ഉള്ളത്

പെന്റാവാലന്റ് വാക്സിൻ

വിവിധ രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് വെവ്വേറെ അഞ്ച് വാക്സിനുകൾ സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനാക്കി മാറ്റിയ ഒരു കോമ്പിനേഷൻ വാക്സിൻ ആണ് പെന്റാവാലന്റ് വാക്സിൻ അല്ലെങ്കിൽ 5 ഇൻ 1 വാക്സിൻ. ഈ വാക്സിനുപയോഗിച്ചു ഒറ്റ പ്രതിരോധകുത്തിവെപ്പ് ശിശുക്കൾക്ക് നൽകി തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ്-ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാം. ഡിഫ്തീരിയ, ടെറ്റാനസ്, പെർട്ടുസിസ് , ഹെപ്പറ്റൈറ്റിസ് ബി (ആർ ഡിഎൻഎ), ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി കോൻജുഗേറ്റ് വാക്സിനുകൾ അല്ലെങ്കിൽ ഡിടിപി-ഹെപ്പ്B-ഹിബ് എന്നിവ ഈ വാക്സിന്റെ പൊതുവായ പേര് ആണ്. പ്രത്യേകിച്ച് മദ്ധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഈ പെന്റാവാലന്റ് വാക്സിൻ മറ്റ് ശിശുക്കളുടെ കോമ്പിനേഷൻ വാക്സിനുകൾക്ക്, വലിയ അളവിൽ പകരമായി ഉപയോഗപ്പെടുന്നു. 2013-ൽ യൂനിസെഫിൻറെ കൈവശമുള്ള ഡിടിപി - അടങ്ങിയ വാക്സിനുകളുടെ 100% പെന്റാവാലന്റ് വാക്സിനുകൾ ലോകത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് നൽകിവരുന്നു. ഈ പ്രക്രീയ പെന്റാവാലന്റ് വാക്സിനേഷൻ എന്ന് അറിയപ്പെടുന്നു.

ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി കേരളം,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്.

പോളിയോ

പോളിയോ അഥവാ തളർവാതരോഗത്തിനു കാരണമാകുന്ന പോളിയോവൈറസിന് എതിരെയുള്ള പ്രതിരോധ വാക്സിനാണ് പോളിയോ വാക്സിൻ IPV (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്. നിർജീവമായ പോളിയോ വൈറസുകളെയാണ് IPV കുത്തിവെപ്പിനായി ഉപയോഗിക്കുന്നത് എന്നാൽ ദുർബലമായ പോളിയോ വൈറസുകളെ തുള്ളിമരുന്നിലൂടെ നൽകുന്നതാണ് OPV വാക്സിനേഷൻ. എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ. ലോകത്തിലാകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്താൻ പോളിയോ വാക്സിനേഷൻ കൊണ്ട് സാധിച്ചിട്ടുണ്ട്. 1988ൽ ഏകദേശം 350,000ത്തോളം രോഗികളുണ്ടായിരുന്നതിൽ 2014ഓടെ 359 ആയി ചുരുങ്ങിയിട്ടുണ്ട്.

അഞ്ചാംപനി

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്സിനാണ് മീസിൽസ് വാക്സിൻ (Measles vaccine). 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം പ്രതിരോധ ശേഷി ഉണ്ടാകാറുണ്ട്. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്. ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്സിന്റെ ഫലപ്രാപ്തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം. ഈ വാക്സിൻ ഒറ്റയ്ക്കും മറ്റു വാക്സിനുകളുമായിച്ചേർന്നും ലഭ്യമാണ്. റുബെല്ല വാക്സിനും മംപ്സ് വാക്സിനും കൂട്ടിച്ചേർത്ത് എം എം ആർ വാക്സിൻ ഉണ്ടാക്കുന്നത് ഇതില്പ്പെടും. 1971ൽ ആണ് ആദ്യമായി ഈ വാക്സിൻ ലഭ്യമായത്. ചിക്കൻ പോക്സിനെതിരായ വാരിസെല്ല വാക്സിനും ചേർത്ത് 2005ൽ എം എം ആർ വി വാക്സിൻ ഉണ്ടാക്കി. ഈ വാക്സിൻ എല്ല ഫോർമുലകളിലും ഒരുപോലെ നന്നയി പ്രവർത്തിക്കുന്നു.ഈ രോഗം സധാരണമായിക്കാണുന്ന ലോകത്തിന്റെ ഭാഗങ്ങളിൽ വാക്സിൻ 9 മാസം പ്രായമാവുമ്പോൾ നൽകാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു നൈസേരിയ മെനിഞ്ചൈറ്റിഡിസ് അണുബാധ തടയുന്നതിന് ഉപയോഗിക്കുന്ന ഏതൊരു വാക്സിനേയും മെനിഞ്ചൊകോക്കൽ വാക്സിൻ(Meningococcal vaccine) എന്നറിയപ്പെടുന്നു.[താഴെപ്പറയുന്ന മെനിഞ്ചൊകോക്കൽ തരങ്ങളിൽ ചിലതിനെയോ അതോ എല്ലാത്തിനേയുമൊ ഫലപ്രദമായി പ്രതിരോധിക്കാൻ പല തരത്തിലുള്ള വാക്സിൻ പതിപ്പുകളുണ്ട്. (മെനിഞ്ചൊകോക്കസ് എ, സി, ഡ്ബ്ല്യു 135, വൈ) ചുരുങ്ങിയത് രണ്ട് വർഷത്തേക്ക് 85% മുതൽ 100% വരെ ഈ വാക്സിനുകൾ ഫലപ്രദമാണ്.വ്യാപകമായി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളിൽ ഇവ മെനിഞ്ചൈറ്റിസിനെയും സെപ്സിസിനേയും കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാക്സിനുകൾ കുത്തിവെയ്പായി പേശികളിലോ അല്ലെങ്കിൽ തൊലിക്കു തൊട്ടു താഴെയോ നൽകാവുന്നതാണ്.

ഹെപ്പറ്റൈറ്റിസ്

ഹെപ്പറ്റൈറ്റിസ്-ബി (hepatitis b) അഥവാ ബി വിഭാഗം കരൾ വീക്ക രോഗത്തെ തടയാനുള്ള വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B vaccine). ഇതിന്റെ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ ഡോസ് കൂടി നൽകേണ്ടതുണ്ട്. പ്രതിരോധ ശക്തി കുറവായിട്ടുള്ള എച് ഐ വി/എയ്ഡ്സ് രോഗികൾക്കും അതേപോലെ വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാവുന്നതാണ്. ആരോഗ്യവാനായ ഒരാൾക്ക് ഈ കുത്തിവെയ്പ് വളരെയധികം ഫലപ്രദമാണ്. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു.രോഗാണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവർക്ക് ഈ വാക്സിന്റെ കാര്യക്ഷമത അറിയാൻ രക്തപരിശോധന നിർദ്ദേശിക്കപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും. ഹെപ്പറ്റൈറ്റിസ് -എ , ഹെപ്പറ്റൈറ്റിസ് -സി ഇവക്കും വാക്‌സിൻ നിലവിലുണ്ട്.

കോവിഡ് -19

നമ്മുടെ ഭൂമുഖത്ത് പടർന്ന് പിടിക്കുന്ന മഹാമാരിയായ കോവിഡ് -19 ന് കാരണമായ കൊറോണ വൈറസിനെ തുരത്തുന്നതിന് ആവശ്യമായ വാക്‌സിൻ കണ്ടുപിടിച്ചു കഴിഞ്ഞു. അത് ഉടനെ മനുഷ്യനിൽ പരീക്ഷിക്കും.

ആര്യ എസ് ബി
10A കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം