Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവുകൾ
കരഞ്ഞുകൊണ്ടാണ് ഉണ്ണിക്കുട്ടൻ അന്ന് വീട്ടിൽ ചെന്നത്. അമ്മ കാപ്പികുടിക്കാൻ വിളിച്ചിട്ട് ഒന്നും അവൻ വന്നതേ ഇല്ല കട്ടിലിൽ കമിഴ്ന്നു കിടപ്പ് ആണ്.
"വിളക്ക് വയ്ക്കാനായി കുട്ടി.... ഇനിയെങ്കിലും ഒന്ന് എഴുന്നേറ്റു കൈയും മുഖവും കഴുകി വരൂ"
വിളികേട്ട് ഉണ്ണി എഴുന്നേറ്റു. ദേഹം ഒക്കെ കഴുകി വന്നപ്പോൾ ഉമ്മറത്ത് മുത്തശ്ശിയുടെ നാമജപം കേട്ടു. മുത്തശ്ശി നാമം ജപിച്ച് കഴിയുന്നതുവരെ അവൻ അവിടെ മുത്തശ്ശിയോട് ഒപ്പം തന്നെ ഇരുന്നു.
"എന്തുപറ്റി...? എൻ്റെ ഉണ്ണിക്കുട്ടന് എന്താ മുത്തശ്ശിയോടൊപ്പം ഇന്ന് നാമം ജപിക്കാതിരുന്നത്",
അവൻ്റെ മുഖത്ത് സങ്കടം കണ്ടു മുത്തശ്ശി ചോദിച്ചു.
"ഇന്നെന്താ എൻ്റെ കുട്ടി കളിക്കാൻ ഒന്നും പോയില്ലേ?" അതുകൂടി കേട്ടപ്പോൾ അവൻ്റെ സങ്കടം കൂടി വന്നു.
"ഇനി ഞങ്ങൾക്ക് കളിക്കാൻ ഇടം ഇല്ല മുത്തശ്ശി". "അതെന്തു പറ്റി" മുത്തശ്ശി ചോദിച്ചു.
"ഞാൻ സ്കൂളിൽ നിന്ന് വരുമ്പോൾ തെക്കുവശത്തെ പാടത്തും തൊട്ടടുത്ത ഞങ്ങൾ കളിക്കുന്ന പറമ്പിലും നിറയെ വണ്ടികളും ആളുകളും നിൽക്കുന്നത് കണ്ടു."
" ശിവരാമേട്ടൻ ആണ് പറഞ്ഞത് ആ പാട൦ നാളെ മണ്ണിട്ട് നികത്തും എന്ന്, അവിടെ പ്ലാസ്റ്റിക് ഫാക്ടറി വരുന്നുവെന്ന്".
"ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട് മുത്തശ്ശി, പ്ലാസ്റ്റിക് പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുമെന്ന്. അമ്മയും മുത്തശ്ശിയും എന്നോട് പറഞ്ഞിട്ടില്ലെ... പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി ഇട്ടാൽ അത് മണ്ണിനും സസ്യങ്ങൾക്കും മറ്റും ജന്തുക്കൾക്കും ഒക്കെ ദോഷം ചെയ്യുമെന്ന്; എന്നിട്ട് എന്തിനാണ് മുത്തശ്ശി അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്".
"ഉണ്ണിക്കുട്ടന് നമ്മുടെ മുറ്റത്ത് കളിക്കാമല്ലോ" മുത്തശ്ശി പറഞ്ഞു.
"ഞങ്ങൾ കളിക്കുന്ന പറമ്പിൽ വലിയൊരു മൂവാണ്ടൻ മാവുണ്ട് അതിൽ നിറയെ കിളികൾ കൂടു കൂട്ടിയിട്ടുണ്ട് ധാരാളം അണ്ണാറക്കണ്ണന്മാർ താമസിക്കുന്നുണ്ട്. ഇനി അവയൊക്കെ എവിടെ പോകും. നമ്മളെപ്പോലെ തന്നെ അവർക്കും കൂടി അവകാശപ്പെട്ടത് അല്ലേ ഈ ഭൂമി".
"ഈ ഭൂമി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയല്ലേ മുത്തശ്ശി. പക്ഷിമൃഗാദികളെ കൊന്നൊടുക്കുന്നത് നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ദോഷം ചെയ്യും എന്ന് ഞാൻ പഠിച്ചിട്ടുണ്ട്".
"അതെ ഉണ്ണി, ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മനുഷ്യന് തന്നെ ദോഷമായി മാറും. മൃഗങ്ങൾ പോലും അവയ്ക്ക് വിശക്കുമ്പോൾ ആണ് മറ്റു ജന്തുക്കളെ വേട്ടയാടുന്നത്."
"പക്ഷേ മനുഷ്യൻ പണത്തിനും അവൻ്റെ സ്വാർത്ഥ താൽപര്യത്തിനു൦ വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു, പരിസ്ഥിതിയെ മലിനമാക്കുന്നു. ഇതി൯യൊക്കെ പരിണിതഫലം ഫലം അനുഭവിക്കുന്നത് വരുംതലമുറകൾ ആണ്, പക്ഷേ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും". മുത്തശ്ശി പറഞ്ഞു.
"ഒരിക്കൽ മനുഷ്യന് തന്നെ ഭീഷണിയായി മറ്റു ജീവി വിഭാഗങ്ങൾ വന്നേക്കാം എന്ന് തിരിച്ചറിയുന്ന നിമിഷം അവർ തിരുത്തപ്പെടും ആയിരിക്കാം......."
മുത്തശ്ശി നെടുവീർപ്പിട്ടു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ
|