ഇത്തിരി പോന്നോരണുവിനാൽ നമ്മൾ
ഒത്തിരി കാര്യം പഠിച്ചു
അവനവന് വേണ്ടി ജീവിച്ചവർ
നമ്മളീ പ്രകൃതിയുടെ താളം മറന്നൂ
എല്ലാത്തിലും മുമ്പൻ ഞാനെന്നഹങ്കരിച്ച്
പേടിയോടിന്നവൻ വീടിനുള്ളിൽ
പ്രകൃതി നമുക്കായി കരുതി വെച്ച
പ്രതികാരമെന്നതേ സത്യം...
ഓർക്കണം നമ്മൾ പണ്ട് നശിപ്പിച്ച
വിലയേറും ഭക്ഷണമെല്ലാം
അന്ന് മറന്നൊരാ കഞ്ഞിയും കപ്പയും
ചക്കപ്പുഴുക്കും തിരിച്ചു വന്നൂ
വായ മൂടിക്കെട്ടി കൈയ്യും കഴുകീട്ട്
പുതിയ സംസ്കാരം പഠിച്ചു നമ്മൾ
അയലത്തരവയർ നിറയാത്തവർക്കായി
അലിവോടെ ആവത് ചെയ്തു
തെളിനീര് നിറയുന്ന പുഴകൾ കണ്ടു
വിഷവാതമില്ലാത്തൊരാകാശവും
കാക്കിയുടുപ്പിലെ കരുതല് കണ്ടു നാം
വെള്ളയുടുപ്പിന്റെ സഹനം കണ്ടു
അമ്പലത്തിന്നും പള്ളിക്കും മേലെയാണ്
ആതുരാലയമെന്ന് കണ്ടു
ശാസ്ത്രം നയിക്കുന്ന പാതയിലൂടെ നാം
വീണ്ടുമൊരുമിച്ച് കൂടും
ഇതിലും വലിയവ കണ്ടവർ നമ്മളീ
നിമിഷവും താണ്ടി ജയിക്കും