എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/റവ. എം. വി. ബെഞ്ചമിൻ

മലയാള ക്രൈസ്തവ ചരിത്രത്തിലെ ആത്മീയ നവീകരണ നവോത്ഥാന മേഖലകളിലെ പ്രേഷിത പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇടയാറന്മുളയിലെ പുരാതന ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നായ മൂത്താംപാക്കൽ തറവാട്ടിൽ ജനിച്ച ദിവ്യശ്രീ എം വി ബഞ്ചമിൻ ഹൈസ്കൂൾ വിദ്യാഭ്യാസം ഇടയാറൻമുള എ എം എം ഹൈസ്കൂളിൽ പൂർത്തിയാക്കി. കോഴഞ്ചേരി സെൻ്റ് തോമസ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ,ജബൽപൂർ ലിയോണാർഡ് വേദശാസ്ത്ര കോളേജ് എന്നിവിടങ്ങളിലെ ഉപരി പഠനത്തെ തുടർന്ന് മലങ്കര മർത്തോമ്മ സുറിയാനി സഭയിൽ 1961 ൽ വൈദികനായി തീർന്നു.
ഭാരതത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കൻ ഐക്യനാടുകളിൽ മർത്തോമ്മ ദേവാലയങ്ങൾ രൂപീകരിക്കുന്നതിന് സഭ നിയോഗിക്കുകയുണ്ടായി. 1993 ൽ സഭയുടെ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ശേഷം 1995 ൽ ദിവംഗതനായി. ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുളള ഏക അത്മായ മാനേജർ ഭാഗ്യസ്മരണീയനായ ഇടയാറൻമുള മുത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പൗത്രനാണ് അച്ചൻ.ഇടയാറൻമുള പ്രദേശത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്.