എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള/വിളക്കുമാടം
വിളക്കുമാടം കൊട്ടാരം

തിരുവാറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ആണ് വിളക്കുമാടം കൊട്ടാരം. പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2018 ലെ പ്രളയത്തിൽ പൂർണമായും തടിയിൽ പണിത ഈ കൊട്ടാരം ഭാഗികമായി നശിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 2019 ൽ വിളക്കുമാടം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നാട്ടുകാരുടെ സഹായത്തോടെ പൂർണമായും അതേ അളവിൽ തേക്കുതടിയിൽ പുനർനിർമ്മിക്കുകയും ചെയ്തു.
ചരിത്രം
നിലയ്ക്കലിൽ ഉണ്ടായിരുന്ന മഹാവിഷ്ണുക്ഷേത്രത്തിൽ കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും നിത്യപൂജക്ക് പറ്റാതെയും ഭക്തർക്ക് എത്തിച്ചേരാൻ സാധിക്കാതെയും വന്നതിനാൽ മഹാവിഷ്ണു വിഗ്രഹം അവിടെ നിന്നും മാറ്റി പടിഞ്ഞാറേ ദിക്കിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. വിഗ്രഹം പമ്പാനദിയിലൂടെ ആറ് മുള കെട്ടിയ ചങ്ങാടത്തിൽ പടിഞ്ഞാറേ ദിക്കിലേക്ക് കൊണ്ടുവന്നു. രാത്രിയിൽ പമ്പാനദിയിലൂടെ വിഗ്രഹം കൊണ്ടുവരുമ്പോൾ ഒരു വിളക്ക് കാണുകയും വെട്ടം കണ്ടിടത്തേക്ക് ചങ്ങാടം അടുപ്പിക്കുകയും ചെയ്തു. അന്ന് രാത്രി അവിടെ തങ്ങുകയും വിഗ്രഹം വിളക്കുമാടം കൊട്ടാരത്തിലെ പത്തായത്തിന്റെ മുകളിൽ സൂക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം നാട്ടുകാർ ഈ വിഗ്രഹം ആഘോഷത്തോടെ ആറന്മുളയിലേക്ക് കൊണ്ടുപോവുകയും ആറന്മുള ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും ആറന്മുള ക്ഷേത്രത്തിലെ കൊടിയേറ്റ് വിളക്കുമാടത്തിൽ നിന്നും എഴുന്നള്ളത്തായി കൊണ്ടുപോവുകയും കൊടിയേറുകയും ചെയ്യുന്നത്. ശാന്തമായി ഒഴുകുന്ന പമ്പയുടെ തീരത്താണ് വിളക്കുമാടം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്ന് തന്നെ ഒരു കാവും സ്ഥിതിചെയ്യുന്നു.