Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യവും പ്രതിരോധവും
മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണല്ലോ ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും. അനാരോഗ്യകരമായ ജീവിതശൈലികളും, പിരിമുറുക്കവും, പരിസര ശുചിത്വമില്ലായ്മയും, തെറ്റായ ആരോഗ്യരീതികളും എല്ലാമുള്ള ഇന്നത്തെ സാഹചര്യത്തിൽ ജനജീവിതം വളരെയധികം വെല്ലുവിളികൾ നേരിടുകയാണ്. ഇവിടെ നമ്മൾ എത്ര നിസ്സാരമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ശരീരാരോഗ്യം, മാലിന്യനിർമാർജനം, ജലസംരക്ഷണം, ഭക്ഷണശീലങ്ങൾ, പരിസരശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതിരിക്കുകയും യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയും ചെയ്യുന്ന പ്രവണതയാണിന്ന് കണ്ടുവരുന്നത്. ഇന്ന് പരിസര മലിനീകരണംമൂലം വായു, ജലം, മണ്ണ് എന്നിവ നശിക്കുകയും മാനവരാശിയ്ക്കു മുഴുവൻ ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. മലയാളികൾ സാധാരണ പുറമേ ശുചിത്വം ഉള്ളവരാണെന്ന് തോന്നുമെങ്കിലും, അവർ ആ ശുചിത്വം എല്ലാകാര്യങ്ങളിലും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരും. ഹരിതകേരളത്തെ മലിന കേരളമാക്കുന്ന നമ്മെ ബോധവത്കരിക്കുവാൻ സർക്കാർ പല നടപടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കുവാൻ നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും നമ്മുടെ മനോഭാവത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ല.
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിപത്താണ് കൊറോണ വൈറസ്. നമ്മുടെ അശ്രദ്ധമൂലം അല്ലെങ്കിൽ നമ്മുടെ ശുചിത്വക്കുറവുമൂലമാണ് ഈ വൈറസ് നമുക്കുള്ളിലെത്തുന്നത്. ഈ ലോകത്തെ മുഴുവൻ പതിയെ പതിയെ വിഴുങ്ങി ക്കൊണ്ടിരിക്കുകയാണ് ഈ വൈറസ്. ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസുമൂലം ലക്ഷക്കണക്കിനാളുകളുടെ ജീവനാണ് നഷ്ടമായത്. ലോകത്തെ ജനങ്ങളുടെയാകെ ജീവിതക്രമം തന്നെ മാറിമറിഞ്ഞു. പണ്ടൊക്കെ അലസമായി ജീവിക്കുകയും ശുചിത്വമില്ലാതെ പെരുമാറുകയും ചെയ്ത മനുഷ്യർ ഇന്ന് ആരോഗ്യവകുപ്പിന്റെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ മാനിച്ച് കൈയ്യും ശരീരഭാഗങ്ങളും എന്നും വൃത്തിയായി കഴുകുകയും ആൽക്കഹോൾ കണ്ടന്റ് കൂടിയ സാനിറ്റൈസർ ഉപയോഗിക്കുകയും തന്മൂലം പടർന്നുപിടിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും, ജീവിതരീതികൾ മെച്ചപ്പെടുത്തി ശുചിത്വബോധം കൈവരിക്കാനും, അതിലൂടെ പ്രതിരോധശേഷിയുള്ള ഒരു പുതുതലമുറയെ വളർത്തിയെടുക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|