എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത 


 ജീവൻ്റെ നിലനില്പിന് അത്യാവശ്യമായി വേണ്ട ഒന്നാണ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത്. നമ്മുടെ പൂർവ്വികർ പ്രകൃതിയെ സ്നേഹിച്ച് പരിസ്ഥിതി യോടിണങ്ങിയാണ് ജീവിച്ചിരുന്നത്. അതു കൊണ്ടു തന്നെ അന്നത്തെ ജനത പ്രകൃതിയെ ആരാധിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു പാട് മാറ്റങ്ങൾ വന്നിരിക്കുന്നു. വികസനത്തിൻ്റെ പേരും പറഞ്ഞ് സ്വന്തം പോക്കറ്റ് നിറക്കുന്നതിനായി ചെയ്യാത്ത നീ ച പ്രവൃത്തികളില്ല. പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി . അമിതമായി മരങ്ങൾ വെട്ടിനശിപ്പിക്കാൻ തുടങ്ങി . പഴയ ജനത മൃഗങ്ങളെ വേട്ടയാടിയിരുന്നത് ഭക്ഷണത്തിനാണെങ്കിൽ ഇന്ന് മനുഷ്യർ പണമുണ്ടാക്കാനുള്ള മാർഗമായി വന്യമൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു.                        നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ മനുഷ്യൻ്റെ പ്രവൃത്തികൾ മാറിമറിയാൻ തുടങ്ങി. വൻകാടുകൾ വെട്ടിനശിപ്പിക്കാൻ തുടങ്ങി. കൃഷിസ്ഥലങ്ങൾ നികത്തി വൻ കെട്ടിടങ്ങളും ഫാക്ടറികളും സ്ഥാപിച്ചു. ജല ശ്രോതസ്സുകളായ കുളങ്ങളും പുഴയോരങ്ങളും മണ്ണിട്ട് നികത്തി കൂറ്റൻ കെട്ടിടങ്ങൾ സ്ഥാപിച്ചു. കുന്നുകൾ ഇടിച്ചു മാറ്റി. ഇതിൻ്റെയെല്ലാം അനന്തരഫലങ്ങളും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പുഴയൊഴുകേണ്ട സ്ഥലങ്ങളെല്ലാം മനുഷ്യൻ പിടിച്ചെടുത്തപ്പോൾ , മണ്ണൊലിപ്പ് തടയേണ്ട മരങ്ങളെയെല്ലാം മനുഷ്യൻ കടപുഴക്കി എറിഞ്ഞപ്പോൾ രണ്ട് വർഷമായി പ്രകൃതി രോഷാകുലയായി മാറിയത് നമ്മളെല്ലാം കണ്ടു. മനുഷ്യൻ പിടിച്ചെടുത്ത പുഴയോരങ്ങളെല്ലാം പുഴ തന്നെയെടുത്തു.ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും മഹാപ്രളയവുമെല്ലാം അനേകം പേരുടെ ജീവനെടുക്കുകയും ഒരുപാട് പേർക്ക് പലതും നഷ്ടപ്പെടുത്തുകയും ചെയ്തു.                           ആർഭാടത്തിൻ്റെ പേരിൽ മനുഷ്യൻ വാങ്ങിക്കൂടുന്ന വാഹനങ്ങൾക്ക് കണക്കില്ല. അവയിൽ നിന്നും വൻ ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വിഷപുക അന്തരീക്ഷത്തെയാകെ മലിനമാക്കി. ഈ വിഷാംശം നിറഞ്ഞ അന്തരീക്ഷവായു ശ്വസിക്കുന്ന നമ്മുക്ക് വരാത്ത അസുഖങ്ങളില്ല. ഇന്ന് പല തരം  രോഗങ്ങളെക്കൊണ്ട് പ്രയാസം അനുഭവിക്കുന്ന ജനതയാണ് ഇന്നുള്ളത്. വൻ ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ നദീജലസംഭരണികളെ മാലിന്യ കൂമ്പാരമാക്കി മാറ്റുന്നു. ജലജീവികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.                     കൃഷിസ്ഥലങ്ങൾ ഇല്ലാതാകുന്നതിലൂടെ നമ്മുടെ നാട്ടിൽ വിളയിച്ചെടുക്കേണ്ട കാർഷിക ഉൽപ്പന്നങ്ങൾക്കു കൂടി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്.                       നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും അനുഭവിച്ച വേദനകളിൽ നിന്നൊന്നും മനുഷ്യൻ സ്വയം തിരുത്താൻ ഇനിയും തയ്യാറായില്ലെങ്കിൽ ഇതുവരെ നാം നേരിട്ടതിൽ നിന്നെല്ലാം ഭീകരമായ അവസ്ഥയാകും ഉണ്ടാകുക. അതിനെ അതിജീവിക്കാൻ ഒരു പക്ഷേ നമ്മൾ ഇന്ന് നേടിയിരിക്കുന്ന നേട്ടങ്ങൾ ക്കൊണ്ടൊന്നും കഴിഞ്ഞില്ലെന്നു വരാം. അതിനാൽ ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിച്ച് പരിസ്ഥിതിയെ സംരക്ഷിച്ച് മുന്നേറുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കാം.


വിസ്മയ. വി.എസ്        
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം