എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഞങ്ങളെയും ബാധിച്ചേ!!!

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളെയും ബാധിച്ചേ!!!

രാമപുരം ഗ്രാമത്തിലെ കൃഷിക്കാരനായിരുന്നു ദാസപ്പൻ. ദാസപ്പനും ഭാര്യയ്ക്കും മക്കൾ ഇല്ലായിരുന്നു. അല്ലി എന്ന പൂച്ചയും പപ്പു എന്ന നായയും അവരുടെ വളർത്തു മൃഗങ്ങൾ ആയിരുന്നു.ദാസപ്പനും ഭാര്യയ്ക്കും മക്കളെ പോലെയായിരുന്നു അല്ലിയും പപ്പുവും. മീൻകറി ചേർത്ത ആഹാരമാണ് അല്ലിയുടെയും പപ്പുവിന്റെയും ഇഷ്ടവിഭവം. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരി ആ ഗ്രാമത്തിലുമെത്തിയത്. അല്ലിക്കും പപ്പുവിനും ആദ്യം കാര്യം പിടികിട്ടിയില്ല. ദാസപ്പനും ഭാര്യയും വീട്ടിൽ തന്നെ കഴിയുകയാണ്. പുറത്തേക്കിറങ്ങുന്നില്ല...ചന്തയിലേക്ക് പോകുന്നത് കാണാനേയില്ല...മീനും വാങ്ങുന്നില്ല...എന്തായിരിക്കും കാരണം? അല്ലി പപ്പുവിനോട് ചോദിച്ചു. എനിക്കറിയില്ല, ഞാൻ എന്തായാലും നാട്ടിലൊന്ന് കറങ്ങി വരാം; പപ്പു പറഞ്ഞു. വൈകുന്നേരമായപ്പോൾ പപ്പു തിരിച്ചെത്തി. അല്ലി അറിഞ്ഞോ? നാട്ടിലാകെ പകർച്ച വ്യാധിയാണ്. എല്ലാവരും വീട്ടിലിരിക്കുകയാണ്. പുറത്തിറങ്ങിയാൽ കൊറോണ വൈറസ് കൊല്ലുമത്രേ. കൈകൾ സോപ്പിട്ട് കഴുകിയും അകലം പാലിച്ചും വീട്ടിൽ തന്നെ കഴിയണം. കടകളും ചന്തകളും ഒന്നുമില്ല.എല്ലാവരും വിഷമത്തിലാണ് പപ്പു പറഞ്ഞു.അയ്യോ നമ്മൾ ഇനി എന്തു ചെയ്യും? മീനും കിട്ടില്ലല്ലോ... അതുകൊണ്ടായിരിക്കും ദാസപ്പൻ ചേട്ടനും ഭാര്യയും പുറത്തിറങ്ങാത്തത്...പാവം! അവരും പട്ടിണിയിലാണ്...എത്രയും പെട്ടെന്ന് ഇതൊന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നു…..അതെ അതെ മനുഷ്യർ കാരണം വരുന്ന ബുദ്ധിമുട്ടുകൾ നമ്മെപ്പോലെയുള്ള ജീവികളെയും ബാധിക്കും. ഇനിയെങ്കിലും അവരൊന്നു നന്നായാൽ മതിയായിരുന്നു.

സീന സോണി.പി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ