എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

കുറേക്കാലം കോമയിൽ കഴിഞ്ഞ ശേഷം തിരിച്ചു വന്നതാണ് നാണപ്പൻ. പുറത്തെ വിശേഷങ്ങളൊക്കെ ഒന്നറിയണം. നാണപ്പൻ മെല്ലെ പുറത്തിറങ്ങി. ഇതെന്താ റോഡിലൊന്നും ആരും ഇല്ലേ? ഇന്നെന്താ ഹർത്താലാണോ? ങ്ങേ ...നാലാം ക്ലാസിൽ തോറ്റ രാജപ്പനല്ലേ ഗ്ലൗസും മാസ്കും ഇട്ടോണ്ട് ആ പോകുന്നത്? ഇവൻ ഡോക്ടറായോ? ഇതെന്താ പുറകിലൊരു ബഹളം. പോലീസ് ആരെയോ ഇട്ടോട്ടിക്കുന്നു. ഹൊ.. എന്തൊക്കെയാണിവിടെ നടക്കുന്നത്? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. റേഷൻ കടയുടെ മുൻപിൽ ചിലരെ കാണുന്നുണ്ട്. പക്ഷെ പഴയ തിക്കും തിരക്കുമില്ല. ഇതെന്താ ഇവരൊക്കെ കളം വരച്ച് അതിൽ കയറി നിൽക്കുന്നത്? ദേ ഒരുത്തൻ പൈപ്പിലൂടെ അരിയിട്ടു കൊടുക്കുന്നു. ഹും ..ഇവൻമാർക്കൊക്കെ കാര്യമായ എന്തോ കുഴപ്പമുണ്ട്.

ഒരു പത്രം വാങ്ങി തുറന്നു. "ചികിത്സക്കുള്ള മരുന്ന് തരണമെന്ന് അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിച്ചു " " തങ്ങളുടെ മാസ്ക് അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി " ങ്ങേ മാസ്കോ? ഏയ് മാസ്ക് എന്നായിരിക്കില്ല. വല്ല മിസൈൽ എന്നോ മറ്റോ ആവും. അച്ചടിപ്പിശകായിരിക്കും.

ങ്ങേ എന്താ അവിടെ വേറെ ബഹളം ? പോലീസുകാരൊക്കെക്കൂടെ കാറു തടയുവാണല്ലോ? നാണപ്പൻ അടുത്തു ചെന്നു നോക്കി. കാറിലെ പയ്യനെ നോക്കി പോലീസുകാരൻ ആക്രോശിക്കുന്നു: "എങ്ങോട്ടാടാ?" "ഒരു കിലോ പഴം വാങ്ങാനാ സാറേ ." "നീ പഴം വാങ്ങും അല്ലേടാ ? ഇറങ്ങി വാടാ പുല്ലേ ... " ഹൊ ഒരു കിലോ പഴം വാങ്ങുന്നതൊക്കെ ഇപ്പൊ ക്രിമിനൽ കുറ്റമായോ? ഇനി ഇവിടെ നിന്നാ ശരിയാവൂല. തിരിഞ്ഞോടാൻ നിന്ന നാണപ്പനെ പോലീസ് തടഞ്ഞു. "എങ്ങോട്ടാടാ?" "ഒന്നു കാഴ്ച കാണാൻ ഇറങ്ങിയതാ. " പറഞ്ഞു തീർന്നില്ല...ഠും... ഒരു ഇടി...ഒരു മിന്നൽ ... നാണപ്പൻ വീണ്ടും കോമയിൽ ..


അക്ഷയ സുരേഷ്
4 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ