Schoolwiki സംരംഭത്തിൽ നിന്ന്
പിൻവിളി
"ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹദീപമേ മിഴിതുറക്കൂ"
ഇന്ന് ലോകം മുഴുവൻ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ പ്രാർത്ഥനയിലാണ്.കോവിഡ്-19 എന്ന മഹാമാരി ലോകത്തെ മുഴുവനും അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.ഇതിനെ മാനവരാശി നേരിടുകയാണ്.ഇതിനായി നമ്മുടെ മുൻപിലുള്ള മാർഗ്ഗങ്ങൾ ശുചിത്വം പാലിക്കുക , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്.
പണ്ടുകാലത്തെ ആളുകൾ പുറത്തു പോയി മടങ്ങിവന്നാൽ കൈകാലുകളും മുഖവും കഴുകാനായി ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം വെയ്ക്കുക പതിവായിരുന്നു. ചാണകം മെഴുകിയ തറക്കു പകരം, മൊസൈയ്ക്കും മാർബിളും കൊണ്ട് നിർമ്മിച്ച സിറ്റ്ഔട്ട്കളിൽ കിണ്ടിയിൽ വെള്ളം വെയ്ക്കുന്നത് നമുക്ക് നാണക്കേടായി മാറി.മരണവീടുകളിൽ പോയി തിരിച്ചുവന്നാൽ കുളിച്ചതിനുശേഷം മാത്രം വീടുകളിൽ കയറുന്ന മുത്തശ്ശനെയും മുത്തശ്ശിയേയും ഇന്നത്തെ തലമുറ "കൺട്രി ഫെല്ലോസ്" ആയി കണക്കാക്കുന്നു . എന്നാൽ നമ്മൾ ഉപേക്ഷിച്ച പൂർവികരുടെ ഇത്തരം ശീലങ്ങൾ ഏറ്റവും നല്ല ശുചിത്വശീലങ്ങളായിരുന്നു എന്ന് ഇന്ന് നാം വേദനയോടെ മനസ്സിലാക്കുന്നു.പരസ്പരം കാണുമ്പോൾ കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന കാലത്തുനിന്നും മാറി 'ഷേക്ക്ഹാൻഡ്'-കളുടെയും'ഹഗ്' എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെട്ടിപിടുത്തവും വന്നപ്പോൾ സാമൂഹിക അകലം എന്ന ഒരു വലിയ ശുചിത്വരീതിയാണ് നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായത്.
നമ്മുടെ പരിസ്ഥിതിയിൽ വന്നുചേർന്ന മാറ്റങ്ങൾ നമ്മുടെ തന്നെ പ്രവർത്തിയുടെ പരിണിത ഫലമല്ലേ. അന്തരീക്ഷവായുവും നദികളും പോലും നമ്മുടെ പ്രവർത്തിയുടെ ഫലമായി മലിനമാക്കപ്പെട്ടു. ഒന്ന് മനസ്സുവെച്ചാൽ നേരെയാക്കാൻപറ്റുന്നവയല്ലേ ഇത്തരം പ്രവണതകൾ? എന്തുകൊണ്ട് നാം അതിനു ശ്രമിക്കുന്നില്ല.മനുഷ്യൻ മണ്ണിലിറങ്ങി പണിചെയ്യുന്നത് ഇന്ന് കുറഞ്ഞുവരികയാണ് അതുകാരണം തന്നെ വിഷമടങ്ങിയ പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഉപയോഗം ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്നു. ആളുകൾക്ക് ഇലക്കറികളെക്കാൾ ഇന്നിഷ്ടം ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും ആണ്.എന്തസുഖങ്ങൾ വന്നാലും ആശുപത്രിയിൽ പോകാൻ മടിച്ചു ചെറിയ പൊടിക്കൈകളിലൂടെയും വിശ്രമത്തിലൂടെയും പരിഹാരം കണ്ടിരുന്ന പഴമക്കാരിൽനിന്നും മാറി ഒന്നിനും സമയം തികയുന്നില്ല എന്ന കാരണത്താൽ ചെറിയ ജലദോഷങ്ങൾക്കു പോലും പുതുതലമുറ ആന്റിബയോട്ടിക് ഉപയോഗിക്കാൻ തുടങ്ങി.ആഹാരരീതിയിലും ചികിത്സാരീതിയിലും വന്ന മാറ്റങ്ങൾ നമ്മുടെ സ്വാഭാവിക രോഗപ്രതിരോധശേഷിയെ നഷ്ടമാക്കി.സ്വാഭാവിക രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി വിഷാംശമില്ലാത്ത ഇലവർഗങ്ങളും പഴവർഗങ്ങളും ലഭിക്കുന്നതിനായി എല്ലാ വീടുകളിലും ചെറിയതോതിലുള്ള കൃഷിയിടങ്ങൾ അത്യാവശ്യമാണ് കോവിഡ് -19 എന്ന അദൃശ്യനും അപകടകാരിയുമായ ഒരു വൈറസ് മൂലം നമ്മൾ നഷ്ടപ്പെടുത്തിയ നല്ല ശീലങ്ങൾ നമ്മളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആരോഗ്യസമ്പന്നമായ ഒരു തലമുറക്കായി നമുക്ക് ഈ ശീലങ്ങൾ തുടരാം. ആരോഗ്യസമ്പന്നരായ തലമുറക്കും കോവിഡ്-19 എന്നല്ല ഒരു മഹാമാരിക്ക് മുന്നിലും ഒരിക്കലും തലകുനിക്കേണ്ടിവരില്ല.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|