എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/അക്ഷരവൃക്ഷം/കിളിയൊച്ചകൾ
കിളിയൊച്ചകൾ
ഉദയസൂര്യന്റെ വെയിൽത്തിളക്കങ്ങൾ തന്റെ മുറിയിൽ പരക്കുന്നത് നോക്കി ദേവൂട്ടി കിടന്നു. രാവിലെ എഴുന്നേൽക്കാൻ ഈയിടെ വല്ലാത്ത മടി.ലോക്ക്ഡൗൺ ഇളവായി അമ്മയുടെ വിളിയും ഇപ്പോഴില്ല.പതിവില്ലാതെ കിളികളുടെ കലപിലശബ്‍ദം. പിന്നാമ്പുറത്തെ തൊടിയിൽ നിന്നാണല്ലോ..കിടക്കയിൽ നിന്നെഴുന്നേറ്റ് ദേവൂട്ടി തൊടിയിലേക്ക് നടന്നു. വേനലിന്റെ തുടക്കത്തിലേ തൊടിയിൽ പലഭാഗത്തായി കിളികൾക്കായി മൺപാത്രങ്ങളിൽ വെള്ളം നിറച്ചുവെച്ചിരുന്നതാണ്. ടീച്ചർ പറഞ്ഞ പക്ഷിനിരീക്ഷണ പ്രോജക്ടിനായി പുസ്തകവും റെഡിയാക്കിയിട്ടുണ്ട്. പക്ഷേ ഇതുവരെയും ഒരു പക്ഷിയെയും കണ്ടില്ല. തൊട്ടപ്പുറത്തെ പറമ്പിൽ നടക്കുന്ന കെട്ടിടനിർമ്മാണത്തിന്റെ ശബ്‍ദകോലാഹലങ്ങൾ കാരണമാണ് പക്ഷികളൊന്നും വരാത്തതെന്ന് അമ്മ പറയുന്നത് കേട്ടു. തൊടിയിൽ വിരുന്നെത്താറുള്ള കിളികളെക്കുറിച്ച് മുത്തശ്ശിയുടെ വിവരണങ്ങൾ കേൾക്കുമ്പോഴേ കൊതിയായിരുന്നു, അവയെ ഒന്നു കാണാൻ. മൺപാത്രങ്ങളിലെ വെള്ളത്തിൽ തലയിട്ടിരിക്കുന്നത് തൊപ്പിക്കിളികളാണല്ലോ.. അമ്മ, അച്ഛൻ, രണ്ടു കുട്ടികൾ. അവയുടെ കളികൾ നോക്കിയിരിക്കാൻ നല്ല രസം. “ദേവൂ ഇന്നെന്താ ചായയൊന്നും വേണ്ടേ?” “അമ്മേ .. നോക്കൂ..ഈ തൊപ്പിക്കിളികളെ കാണാൻ എന്തു രസാ !” “കുറച്ചുദിവസങ്ങളായി മറ്റു ബഹളങ്ങളൊന്നുമില്ലല്ലോ. അതുകൊണ്ട് വന്നതാണിവ.” മുത്തശ്ശിയുടെ നോട്ടവും തൊടിയിലേക്കായി. “ അമ്മേ വേഗം ഭക്ഷണമെടുക്ക്. ഇനി ഏതൊക്കെ കിളികളാണ് വരുന്നതെന്ന് നോക്കണം.” ദേവൂട്ടി വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി . ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മഞ്ഞക്കിളി, ഓലഞ്ഞാലി, തേൻകുരുവി. ദേവൂട്ടിക്ക് സന്തോഷം അടക്കാനായില്ല. ഓരോന്നിനെക്കുറിച്ചും വിവരിക്കാൻ മുത്തശ്ശിക്കും ആവേശം.“ അല്ല മുത്തശ്ശീ , ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണെന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുവാനാണോ ഈ കൊറോണയെ ദൈവം അയച്ചിരിക്കുന്നത്?” ദേവൂട്ടിയുടെ ചോദ്യം കേട്ട് മുത്തശ്ശി അവളെ ചേർത്തു പിടിച്ചു. അവർ കൂടുതൽ കിളിയൊച്ചകൾക്കായി കാതോർത്തുകൊണ്ടിരുന്നു.
|