എസ് എസ് ഒ എച്ച് എസ്, ലക്കിടി/അക്ഷരവൃക്ഷം/ഊർജ്ജം

Schoolwiki സംരംഭത്തിൽ നിന്ന്
ഊർജ്ജം

ആമുഖം

ഊർജ്ജം !!! ഒന്നായിരുന്ന ബ്രഹ്മാണ്ഡം മഹാവിസ്ഫോടനാനന്തരം ചിതറിത്തെറിച്ചപ്പോൾ ഓരോ ദ്രവ്യ ധൂളിയിലും വിലയം ചെയ്ത വിരാട് പുരുഷന്റെ തേജോമയകോശം. യാതൊന്നിനെയാണോ വേദവ്യാസൻ ഭഗവാന്റെ ജിഹ്വയിലൂടെ ഭാരത യുദ്ധഭൂമിയിൽ വെച്ച്, അഗ്നി കൊണ്ട് ദഹിപ്പിക്കാൻ കഴിയാത്തതും, ശസ്ത്രങ്ങൾ കൊണ്ട് മുറിക്കാൻ കഴിയാത്തതും, ജലം കൊണ്ട് നനക്കാൻ കഴിയാത്തതും, കാറ്റ് കൊണ്ട് ശോഷിപ്പിക്കാൻ കഴിയാത്തതുമായി വർണ്ണിച്ചത്, യാതൊന്നിനെയാണോ ആധുനിക ശാസ്ത്രം ഉത്പത്തിയോ നാശമോ ഇല്ലാത്തതായും, സ്ഥാവരജംഗമങ്ങളുടേയെല്ലാം പ്രവൃത്തി ചെയ്യാനുള്ള കഴിവായും കണക്കാക്കിയിരിക്കുന്നത് ,അത് മനുഷ്യരാശിയുടെ ജീവിതചക്രത്തിൽ വരുത്തിയ പരിണാമത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഊർജ്ജ ഉപഭോഗം ഇന്നലെ

കാട്ടിൽ ഗുഹാ ഗഹ്വരങ്ങളിലും വൃക്ഷ ശാഖകളിലും താമസിച്ച് ,മൃഗങ്ങളെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ആദിമ മനുഷ്യൻ, ഒരിക്കൽ കാട്ടുതീയിൽ വെന്ത മൃഗങ്ങളുടെ മാംസം ഭുജിച്ചപ്പോൾ അവന് അനുഭവപ്പെട്ട രുചിവ്യത്യാസം അഗ്നിയുടെ ഉപയോഗത്തിനായി അവനെ നയിച്ചു.അന്ന് കാടിനെയും, മലകളേയും, കാറ്റിനേയും, പുഴകളേയും, സൂര്യനേയും അല്പം ഭീതിയോടെ ആണെങ്കിലും ദേവതാ സ്വരൂപമായി കണക്കാക്കിയിരുന്ന അവനിൽ ,അവയുടെ സ്പന്ദനങ്ങൾ ബോധമണ്ഡലത്തിൽ അലകൾ ഉണർത്തി.അവനിൽ ഉടലെടുത്ത സഹാനുഭൂതിയും സഹവർത്തിത്വവും മൃഗങ്ങളെ വളർത്താനും കൃഷി ചെയ്ത് ജീവിതം നയിക്കാനും അവനെ പ്രേരിപ്പിച്ചു. തന്റെ ചുറ്റിലും ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും ദൈവമായി കണ്ടിരുന്നത് കൊണ്ട് അവൻ അവയെ ബഹുമാനിക്കുകയും, സംരക്ഷിക്കുകയും ചെയ്തു പോന്നു. ഫലങ്ങൾ നിറയുമ്പോൾ തല കുനിക്കുന്ന വൃക്ഷങ്ങളും, വിശക്കുമ്പോൾ മാത്രം ഇര തേടുന്ന വന്യമൃഗങ്ങളും, സംസർഗ്ഗത്തിലുള്ള വ്യത്യാസം കൊണ്ട് സുഗന്ധത്തെയും ദുർഗന്ധത്തേയും ഒരേ പോലെ വഹിക്കുന്ന കാറ്റും, തന്നെ നശിപ്പിക്കാൻ വരുന്നവന് പോലും തണലേകുന്ന മരങ്ങളും, സ്വയം മലിനപ്പെടാതെ മറ്റുള്ളവരെ ശുദ്ധമാക്കുന്ന അഗ്നിയും അവന്റെ ഗുരുക്കൻമാരായി. അന്ന് അവന്റെ ഹൃദയം പ്രപഞ്ചത്തോളം വികസിക്കുകയും, അതിന്റെ അന്തരാളങ്ങളിൽ നിന്ന് 'വസുധൈവകുടുംബകം' എന്ന ആപ്തവാക്യം അവന്റെ ജീവിത ദർശനമാകുകയും ചെയ്തു.മനനം ചെയ്യാനുള്ള കഴിവുള്ളത് കൊണ്ട്,പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരാദികൾക്ക് കാരണമായ ശക്തിയെക്കുറിച്ചുള്ള ജിജ്ഞാസ, പ്രപഞ്ചത്തിന്റെ ത്തന്നെ സൂക്ഷ്മാംശമായ തന്റെ ആത്മാവിലേക്ക് അവന്റെ ദൃഷ്ടിയെ പതിപ്പിച്ചു. അവന്റെ ഉൾക്കണ്ണ് തുറക്കപ്പെട്ടപ്പോൾ കർണ്ണപടങ്ങളിൽ അലയടിച്ച ആ 'ഡമരൂനാദം' അവനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തി. അവനിലെ രാക്ഷസത്വം സാക്ഷരത്വത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അനുഭവവേദ്യം മാത്രമായ ആത്മവിദ്യയിൽ നിന്ന് പരീക്ഷണവേദ്യമായ ഭൗതികവിദ്യയിലേക്ക് അവന്റെ ബോധമണ്ഡലം രൂപാന്തരപ്പെട്ടു. സത്ത്വഗുണ ജന്യമായ നിഷ്കാമകർമ്മപഥത്തിൽ വിഹരിച്ചതിനാൽ അടുത്ത തലമുറക്കായി അന്ന് അവർ ഊർജ്ജം മാത്രമേ കരുതി വെച്ചിരുന്നുള്ളൂ.അന്ന് സത്ത്വഗുണ പ്രധാനമായിരുന്ന അവന്റെ ആത്മാവ് പതിയെ രജോഗുണ പ്രധാനമായും കാലക്രമത്തിൽ തമോഗുണ പ്രധാനമായും പരിണമിച്ചു. രജോഗുണത്തിന്റെ ആധിക്യത്തിൽ അവനിൽ കാമ ക്രോധ ലോഭങ്ങളും പിന്നീട് മദമാത്സര്യങ്ങളും ഉടലെടുത്തു. അന്ന് തന്നിൽ പ്രപഞ്ചത്തെ കണ്ടിരുന്ന അവൻ, കാലാന്തരത്തിൽ ഈ പ്രപഞ്ചത്തിൽ തന്നെ മാത്രം കാണുന്നവനായി പരിണമിച്ചു.

ഊർജ്ജ ഉപഭോഗം ഇന്ന്

ആധുനിക ശാസ്ത്രം അനുസരിച്ച് പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജ്ജമായി കണക്കാക്കിയിരിക്കുന്നത്.'ന ഹി കശ്ചിത് ക്ഷണമപി ജാതുതിഷ്ഠത്യകർമ്മകൃത് എന്നാണല്ലോ ഗീതാ വാക്യം.പ്രപഞ്ചത്തിലെ ഒരു ജീവജാലവും ഒരു നിമിഷം പോലും കർമ്മം ചെയ്യാതിരിക്കുന്നില്ല. അതിന് അവക്കെല്ലാം ഊർജ്ജം ആവശ്യമാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം ,യാത്ര എന്നിവക്കായാണ് ഇന്ന് ഊർജ്ജം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അതിന് താപോർജ്ജം, പ്രകാശോർജ്ജം, യാന്ത്രികോർജ്ജം എന്നിവയാണ് ആവശ്യമായി വരുന്നത്.ഈ ഊർജ്ജ രൂപങ്ങളിലേക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന വൈദ്യുതോർജ്ജം നാം ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയതും മറ്റൊരു കാരണം കൊണ്ടല്ല. വൈദ്യുതി ഇല്ലാത്ത ഒരു ദിവസം നമ്മെ ഇന്ന് മറ്റെന്തിനേക്കാളും കൂടുതൽ അസ്വസ്ഥമാക്കുന്നു.

തപോർജ്ജം.

പാചകാവശ്യങ്ങൾക്കും, താപ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുവാനും വേണ്ടിയാണ് നാം താപം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രപഞ്ചത്തിൽ ആഹാരം പാകം ചെയ്തു കഴിക്കുന്ന ഒരേ ഒരു ജന്തുവിഭാഗം മനുഷ്യനാണ്. വേവിക്കുമ്പോൾ പച്ചക്കറികളിലെ ഊർജ്ജദായകമായ പദാർത്ഥങ്ങൾ നഷ്ടപ്പെട്ടു പോകും എന്നറിഞ്ഞിട്ടും രുചിയുടെ പിറകെ പോവുന്നത് കൊണ്ട് നാം അത് വകവെക്കുന്നില്ല. ആഹാരം വിശപ്പ് ശമിപ്പിക്കുവാൻ മാത്രമല്ലാതെ ഒരു ആഡംബരചിഹ്നമായി കണക്കാക്കുന്ന ഒരേ ഒരു ജീവിവർഗ്ഗവും മനുഷ്യൻ മാത്രമാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.അതായത് ആ ഇനത്തിൽ പ്രപഞ്ചത്തിൽ ഊർജ്ജ നഷ്ടം വരുത്തുന്നത് നാം മാത്രമാണ്. കാള, കുതിര എന്നിവയെ വാഹനങ്ങളാക്കി ഉപയോഗിച്ചിരുന്ന 'കാളവണ്ടിയുഗത്തിന്' വിരാമമായത് ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെയാണ്. വെറും 25 - 30% മാത്രം ക്ഷമതയുണ്ടായിരുന്ന ആവി യന്ത്രത്തിന് പകരം ഡീസൽ, പെട്രോൾ യന്ത്രങ്ങൾ വന്നു എങ്കിലും അവയുടെ ക്ഷമതയും 60-70% മാത്രമാണ്. പ്രഭാതസായാഹ്നങ്ങളിൽ വിളിപ്പുറത്തുള്ള ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് പോകുവാൻ ഏറ്റവും ലഘുവായതും ഉത്തമവുമായ നടത്തം ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങളും നാലു ചക്രവാഹനങ്ങളും ഉപയോഗിക്കുന്നത് എത്ര അപഹാസ്യമാണ് എന്ന് നാം തിരിച്ചറിയണം. ഈ യന്ത്രങ്ങളിലെല്ലാം ഉപയോഗിക്കുന്നത് പുനർനിർമ്മിക്കാൻ കഴിയാത്ത ഫോസിൽ ഇന്ധനങ്ങളാണ്. അടുത്ത നൂറുവർഷത്തിനുള്ളിൽ ഭൂമിയിലെ ഫോസിൽ ഇന്ധന നിക്ഷേപം നാമാവശേഷമാകും എന്ന മുന്നറിയിപ്പുകൾ ഒരു കോമഡി കേൾക്കുന്ന ലാഘവത്തോടെയാണ് നാം ശ്രവിക്കുന്നത്. കാളവണ്ടിയുഗത്തിലേക്ക് നമുക്ക് മടങ്ങാനാവില്ലെങ്കിലും ഇത്തരം ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിൽ നാം കൂടുതൽ വിവേകമുള്ളരാവണം. വാഹനങ്ങളിൽ സമയാസമയങ്ങളിൽ മെയിൻറനൻസ് നടത്തി അവയുടെ ക്ഷമത നിലനിർത്താനും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് നാം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രകാശോർജ്ജം

'മുൻകാലങ്ങളിൽ വെളിച്ചത്തിന്റെ ആവശ്യങ്ങൾക്കായി നാം എണ്ണ വിളക്കുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ടി ആവശ്യത്തിന് വൈദ്യുത വിളക്കുകളെ ആശ്രയിക്കുന്നു. വൻതോതിൽ താപ രൂപത്തിൽ ഊർജ്ജ നഷ്ടം ഉണ്ടാക്കുന്ന ഫിലമെന്റ് ലാസുകളിൽ നിന്ന് നാം ഊർജ്ജ ലാഭമുള്ള എൽ.ഇ.ഡി വിളക്കുകളിൽ എത്തി എങ്കിലും, വിവിധ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ തരത്തിലുള്ള വിളക്കുകൾ പരിസ്ഥിതിക്ക് ദോഷം വരുത്താനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനാൽ ഉപയോഗശൂന്യമാവുന്ന ഇത്തരം വിളക്കുകളുടെ ഫലപ്രദമായ പുനർചംക്രമണം സാദ്ധ്യമാവുന്നില്ലെങ്കിൽ അവ ഭാവിയിൽ പ്ലാസ്റ്റിക്കുകളെപ്പോലെ പരിസ്ഥിതി വിനാശകാരിയായി ഭവിക്കുമെന്നതിൽ തർക്കമില്ല. വീടുകളിൽ ആവശ്യത്തിന് ജനലുകൾ നിർമ്മിച്ച് പകൽ സമയത്ത് വൈദ്യുത വിളക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. പഴയ ഓട്ടുപുരകളിൽ ചില്ലോടുകൾ ഉപയോച്ചിരിക്കുന്നത് മാതൃക ആക്കാവുന്നതാണ്.ജനൽ പാളികളിൽ ചില്ല് ഉപയോഗിക്കുന്നത് മുറികളിലെ താപ വർദ്ധനവിന് കാരണമാകും എന്നതിനാൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

വൈദ്യുതോർജ്ജം

ലോകത്തെ വ്യാവസായിക പുരോഗതിയിലേക്ക് നയിച്ച ഊർജ്ജ രൂപമാണ് വൈദ്യുതോർജ്ജം എന്ന് നിസ്സംശയം പറയാം. വൈദ്യുതി ചാലകങ്ങളിലൂടെ മാത്രമേ പ്രേഷണം ചെയ്യാൻ കഴിയൂ.എല്ലാ ചാലകങ്ങൾക്കും ചെറിയ തോതിലെങ്കിലും പ്രതിരോധം ഉണ്ട്. ജൂൾ നിയമമനുസരിച്ച് പ്രതിരോധം താപരൂപത്തിൽ ഊർജ്ജ നഷ്ടത്തിന് കാരണമാകും എന്നതിനാൽ 100% ക്ഷമതയുള്ള ഒരു ഇലക്ട്രിക് ഉപകരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ചാലകങ്ങളുടെ പ്രതിരോധം താപനിലക്ക് നേർ അനുപാതത്തിൽ ആയതിനാൽ,വളരെ താഴ്ന്ന ഊഷ്മാവിൽ പ്രതിരോധം കുറയുന്നതിനാൽ ഊർജ്ജ നഷ്ടവും കുറയും. അതിനാൽ അന്തരീക്ഷ താപനിലയിൽ പ്രതിരോധം പുജ്യമായ,വിലക്കുറവുള്ള ചാലകങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഒരേ അളവിലല്ല വൈദ്യുതി ഉപയോഗിക്കുന്നത് എന്നും സ്വിച്ച് ഉപകരണങ്ങളുടെ പ്രവർത്തനം നിർത്താൻ കൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതാണ് എന്നും ഉള്ള വസ്തുതകൾ പൊതുജനങ്ങളിലേക്ക് കുറച്ച് കൂടി കടന്നു ചെല്ലേണ്ടിയിരിക്കുന്നു. വൈദ്യുതോത്പാദത്തിന് പരമ്പരാഗത രീതിയിൽ നിന്ന് മാറി സൗരോർജ്ജം, കാറ്റ്, തിരമാലകൾ തുടങ്ങിയ നൂതന സ്രോതസ്സുകൾ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം .എന്നാൽ ഒരു പരിധി വരെ ഊർജ്ജ പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് കഴിയും.

ഉപസംഹാരം

പ്രപഞ്ചത്തിലെ ആകെ ഊർജ്ജ പരിമാണം സ്ഥിരമായി നിലകൊള്ളുന്നു.ഈ പ്രപഞ്ചത്തിൽ ഓരോ ജീവജാലവും തങ്ങളുടെ ജീവിതയാത്രയിൽ ഒരു നിമിഷം പോലും പ്രവൃത്തി ചെയ്യാതിരിക്കുന്നില്ല. അതിന് അവക്കെല്ലാം ഊർജ്ജം ആവശ്യമാണ്. ഊർജ്ജ സംരക്ഷണ നിയമമനുസരിച്ച് സൈദ്ധാന്തികമായി ഊർജ്ജ നഷ്ടം ഉണ്ടാകുന്നില്ല എങ്കിലും, നാം ഒരു രൂപത്തിലുള്ള ഊർജ്ജം ഉപയോഗിക്കുമ്പോൾ അതിനോടനുബന്ധിച്ച് രൂപീകൃതമാകുന്ന ഉപയോഗശൂന്യമായ മറ്റ് ഊർജ്ജ രൂപങ്ങൾ ഫലത്തിൽ ഊർജ്ജ നഷ്ടം തന്നെയാണ് സൃഷ്ടിക്കുന്നത് എന്ന സത്യം നാം തിരിച്ചറിയണം. ഓരോ തരി ഊർജ്ജവും നാം ഉപയോഗിക്കുമ്പോൾ അതിനെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്ന് വിവേകപൂർവ്വം മനസ്സിലാക്കി, നാളത്തെ തലമുറകൾക്കായി ഊർജ്ജം കരുതിവെക്കാനായി ഒരു ' ഊർജ്ജ സംസ്കാരം' നാം രൂപപ്പെടുത്തlണം. പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെ കലവറയിൽ കോടാനുകോടി ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് എന്ന തത്ത്വം ഉൾക്കൊണ്ട്, വെട്ടിപിടിക്കലിൽ നിന്ന് വിട്ടുകൊടുക്കലിലേക്കു മാറുന്ന ഒരു രീതിശാസ്ത്രം മാനവരാശി രൂപപ്പെടുത്തിയാൽ മാത്രമെ ഊർജ്ജ പ്രതിസന്ധിക്ക് ഒരു ശാശ്വതപരിഹാരം ഉണ്ടാവുകയുള്ളു. അപരിഷ്കൃതനായി നാം ഇന്ന് കരുതുന്ന ആദിമ മനുഷ്യന്ന് കൺകണ്ട ദൈവമായിരുന്ന സൂര്യൻ, മറ്റുള്ളവർക്കായി സ്വയം കത്തിയെരിഞ്ഞു കൊണ്ട് നമുക്ക് നൽകുന്ന ജീവിതപാഠം നാം ഉൾക്കൊള്ളണം.ഒ.എൻ.വിയുടെ വരികൾ കടം കൊണ്ടാൽ 'സ്വസ്തി! ഹേ സൂര്യ, മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയും ഹേ സൂര്യ! സ്വസ്തി! ഇതാകട്ടെ നമ്മുടെ ജീവിത മന്ത്രം

നിരഞ്ജന പി.എം
10 എ എസ്.എസ്.ഒ.എച്ച്.എസ്.എസ്.ലക്കിടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം