എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/അതിജീവിക്കും കൊറോണയെയും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും കൊറോണയെയും.

അതിവേഗതയിൽ വളരുന്ന ശാസ്ത്രവും ലോക സാമ്പത്തിക വ്യവസ്ഥയും മനുഷ്യനെ തെല്ലൊന്നുമല്ല അഹങ്കാരത്തിലേക്ക് നയിച്ചിരുന്നത്. മനുഷ്യൻറെ യുക്തിക്ക് അപ്പുറം ഒന്നുമില്ല എന്നും അവൻറെ ആഗ്രഹങ്ങളെയും വളർച്ചയെയും തടഞ്ഞു വയ്ക്കുവാൻ ആർക്കും കഴിയുകയില്ല എന്നുമായിരുന്നു അടുത്തകാലംവരെ അവൻ അഹങ്കരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും പടർന്നു കഴിഞ്ഞിരിക്കുന്നു. അനേക ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇത് വ്യാപിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകി. കോവിഡ് 19 ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ്.ഇറ്റലിയും, സ്പെയിനും, ചൈനയും ഒക്കെ ഈ മഹാവിപത്തിനെ നേരിടുവാൻ വഴിയില്ലാതെ ഇന്ന് പകച്ചു നിൽക്കുന്നു. കോവിഡ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർഥികൾക്കാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ച ഉടനെ തന്നെ കേരള സർക്കാരും ആരോഗ്യവകുപ്പും ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അന്താരാഷ്ട്രതലത്തിലുള്ള വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും ജാഗ്രതയും പ്രഖ്യാപിച്ചിരുന്നു.

ശരീര ശ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത്. രോഗബാധിതരായ ആളുകളുടെ ശ്രവങ്ങളിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളികളിൽ വൈറസുകളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഇത് മറ്റൊരാളിലേക്ക് അതിവേഗം പകരുന്നു. വൈറസ് സാന്നിധ്യം ഉള്ള ആളുകളെ സ്പർശിക്കുകയും അയാൾ ഉപയോഗിച്ച് വസ്തുക്കൾ,  സാധനങ്ങൾ എന്നിവയിൽ  സ്പർശിക്കുകയും ചെയ്താൽ ഈ രോഗം പകരാൻ ഇടയാകും. 

ഇതിൽ ഒരാളെ സ്പർശിച്ചിട്ട് കൈകൾ വൃത്തിയായി കഴുകാതെ മൂക്കിലോ, വായിലോ, കണ്ണിലോ സ്പർശിച്ചാൽ രോഗം അയാളിലേക്ക് പകരാൻ കാരണമാകുകയും ചെയ്യും. ശ്വാസകോശത്തെ ആണ് ഇത് ബാധിക്കുക. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. പ്രതിരോധശേഷി ദുർബലരായവർ ഇതുമൂലം വേഗം മരണപ്പെടാൻ ഇടയുണ്ട്. ഈ മഹാവിപത്തിന്റെ പിടിയിൽനിന്ന് രക്ഷനേടുവാൻ നാം ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കിയും, ആവശ്യമായ സാമൂഹിക അകലം പാലിച്ചും, പൊതുസ്ഥലങ്ങളിലെ സന്ദർശനങ്ങൾ ഒഴിവാക്കിയും ഈ വൈറസ്നോട് പൊരുതുവാൻ നമുക്ക് കഴിയും. പൊതുസ്ഥലങ്ങളിലെ ഭക്ഷണം ഒഴിവാക്കുക, തുമ്മുമ്പോളും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, നന്നായി വെള്ളം കുടിക്കുക എന്നിവ നമുക്ക് ശ്രദ്ധിക്കാവുന്ന ചില ചെറിയ കാര്യങ്ങൾ ആണ്. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നത് ഈ രോഗം പകരാതിരിക്കാൻ വളരെയധികം സഹായിക്കും. നാം പോരാടുന്നത് അതിഭീകരമായ ഒരു അവസ്ഥയോടാണ്. കരുതലോടെ നമുക്കൊപ്പം നമ്മുടെ സർക്കാരും ആരോഗ്യ സംവിധാനങ്ങളുമുണ്ട്. അവർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച്നമ്മുക്ക് പ്രവർത്തിക്കാം. രണ്ടു പ്രളയങ്ങളെ അതിജീവിച്ചവരാണ് നമ്മൾ. ഈ കൊറോണ എന്ന വിപത്തിനെയും നാം അതിജീവിക്കുക തന്നെ ചെയ്യും. കാരണം ഇത് ദൈവത്തിൻറെ സ്വന്തം നാടാണ്...... കേരളമാണ്.

ആൽബി സൈജു
7 B എസ്.എം.യു.പി.എസ്സ്, ഉദയഗിരി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം