എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നിലേക്ക് ..

കേരളത്തിൻറെ പൗരാണിക സംസ്കാരത്തിൻറെ അവശേഷിപ്പുകൾ ഇന്ന് പല സ്ഥലങ്ങളിലായി നമുക്ക് കാണാൻ കഴിയും .ഇന്ന് നമ്മൾ കാണാൻ പോകുന്നത് അത്തരം ചരിത്രമുറങ്ങുന്ന ഒരു കുന്നിലേക്കാണ്.തൃശൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ വരന്തരപ്പിള്ളി പഞ്ചായത്തിലെ തെക്ക് ഭാഗത്തു പ്രകൃതിരമണീയമായ ഗ്രാമമുണ്ട്.അവിടെ അടുത്ത് ഒരുപാടു മാമുനിമാരുടെ പാദസ്പർശമേറ്റ് ഒരു ഭൂമിയുണ്ട് ഒരു കുന്നിൻമുകളിൽ ...അതെ മുനിയാട്ടുകുന്ന്.

രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളാണ് ഈ മുനിയറകൾ. മുനിയാട്ടുകുന്നിലും പരുന്തുപാറയിലും കാണപ്പെടുന്ന മുനിയറകൾ പ്രാചീനകാലത്ത് ഈ മേഖലയിൽ മനുഷ്യ വാസം ഉണ്ടായിരുന്നതിൻറെ സാക്ഷ്യപത്രങ്ങളാണ്.

സമീപ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഉള്ള മുനിയറകൾ കാണപെട്ടതായിപറയുന്നുണ്ട് .കൃഷിക്കായി കാടു വെട്ടിതെളിച്ചപ്പോൾ ഇവയിൽ പലതും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു .പന്ത്രണ്ടോളം മുനിയറകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നിട്ടും മുനിയാട്ടുകുന്നിൽ ഇപ്പോഴും കേടുകൂടാതെ അവശേഷിക്കുന്നത് ഒരെണ്ണം മാത്രമാണ് .മുപ്ലി പുഴയോരത്തെ അമ്പലതടത്തിലെ പുരാതന ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ അവിടെ പൂജക്കും മറ്റുമായി വെള്ളം ഉപയോഗിച്ചിരുന്ന മണികിണറും ഉണ്ട് .ഇങ്ങനെ പ്രാചീന ജീവിതത്തിൻറെ വെളിപ്പെട്ടതും പെടാത്തതുമായ നിരവധിയായ തെളിവുകൾ ഇവിടെ അവശേഷിക്കുന്നു.വംശനാശഭീഷണി നേരിടുന്ന അപൂർവങ്ങളായ സസ്യങ്ങളും ഷഡപദങ്ങളും നിറഞ്ഞ സസ്യ ജന്തു വൈവിധ്യം നിറഞ്ഞ ഒരു പ്രദേശം കൂടിയാണ് മുനിയാട്ടുകുന്ൻ.

ഭൂഗർഭജലവിധാനം സംരക്ഷിച്ച് നിലനിർത്തുന്നതിൽ കുന്നുകളും വയലുകളും വലിയ പങ്കു വഹിക്കുന്നു.മുനിയാട്ടുകുന്നിലെ ഉറവകളാണ് ചുറ്റുമുള്ള കുളങ്ങളും കിണറുകളും തോടുകളുമൊക്കെ ജലസമൃദ്ധമായി മാറ്റുന്നത്‌.കുന്നു കയറുമ്പോൾ തന്നെ ഒരു ശൂലത്തറയും മുകളിൽ ഒരു കുരിശടിയും കാണാം.

പ്രകൃതിസ്നേഹികളായ സഞ്ചാരികൾക്കായി മതിവരാ കാഴ്ചകൾ ഒരുക്കി വച്ചിട്ടുള്ള പ്രദേശങ്ങളാണ് മുനിയാട്ടുകുന്നും തൊട്ടടുത്ത്‌ തന്നെയുള്ള പരുന്തുംപാറയും. വേനൽക്കാലത്തെ അതിജീവിക്കുന്ന വൃക്ഷങ്ങളായ മരുത് ,കാഞ്ഞിരം ,വീട്ടി വർഗ്ഗത്തിൽപ്പെട്ട വനങ്ങളും കാനകൈത ,പുല്ലമരുത്,കലുശ്, കടുകപ്പാല തുടങ്ങിയ ഔഷധവൃക്ഷങ്ങളും ഇവിടെ സംരക്ഷിച്ചു പോരുകയുംചെയ്യുന്നു .കൂടാതെ പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കിഴക്കൻ മലനിരകളുടെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന ഈ പ്രദേശത്ത് കാണപ്പെടുന്ന മുനിയറകൾ പുരാതനകാലത്ത് മുനിമാർ തപസ്സു അനുഷ്ട്ടിക്കാൻ ഉപയോഗിച്ചിരുന്നതാണെന്നും അതല്ല മൃതദേഹം അടക്കം ചെയ്യുന്ന കല്ലറകളാണെന്നും വാദങ്ങളുണ്ട്‌.ജൈനസംസ്ക്കാരത്തിൻറെ ശേഷിപ്പുകളാണിതെന്നു ചരിത്ര ഗവേഷകർ പറയുന്നു .വിസ്തൃതമായ പാറപ്പുറത്ത് വൃത്താകൃതിയിൽ ഉള്ള മൺത്തറ കെട്ടി അതിനു മുകളിലാണ് മുനിയറകൾ നിർമിച്ചിരിക്കുന്നത്.ശിലാപാളികൾക്കൊണ്ട് മൂന്ന് വശവും മറച്ചു മീതെ മറ്റൊരു ശിലാപാളി കുറുകെ വച്ചാണ്‌ ഇവയുടെ നിർമ്മിതി.ഒന്നര മീറ്റർ നീളവും അര മീറ്ററോളം ഉയരവുമുള്ള മുനിയറകളുടെ ഉൾവശത്ത് കഷ്ടിച്ച് ഒരു മീറ്റർ ആണ് വീതി . ജൈന സന്യാസിമാർ ധ്യാനിക്കാൻ ഇരിക്കുന്നതാണ് മുനിയറകൾ എന്നൊരു വിശ്വാസമുണ്ടെങ്കിലും ചരിത്രഗവേഷകർ പറയുന്നത് മുനിയറകൾ ശവകല്ലറകളാണെന്നാണ്. ജൈന സന്യാസിമാർ മരണപെട്ടാൽ അവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായാണ്‌ ഇവ നിർമിക്കപ്പെട്ടിട്ടുള്ളത്. മോക്ഷ പ്രാപ്തിയിൽ വിശ്വസിച്ചിരുന്ന ജൈനർ മുനിയറകളിൽ മൃതദേഹം സൂക്ഷിച്ചു വച്ച ശേഷം അഴുകിയ അസ്ഥികൾ മാത്രമാകുമ്പോൾ അവ പുറത്തെടുത്ത് ആചാരപ്രകാരം സംസ്കരിക്കുകയാണ് ചെയ്തു പോന്നിരുന്നത്.

ഇടുക്കിയിലെ കാന്തല്ലൂർ അടക്കം കേരളത്തിലെ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള മുനിയറകൾ ഇന്നും കേടുകൂടാതെ കാണാനാകുന്നത്‌.മുനിയറകളെക്കുറിച്ചുള്ള വാദഗതികൾ എന്ത് തന്നെയായാലും കാലം ബാക്കി വെച്ച് പോയ ഈ അവശേഷിപ്പുകളിൽനിന്ന് വരുംതലമുറയ്ക്ക് പൂർവികരുടെ ജീവിതം വായിച്ചെടുക്കാനാവുന്ന വിധത്തിൽ ഇവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്....

മുനിയാട്ടുകുന്ന്