എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/കരുതലോടെ കാവലാളാകാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കാവലാളാകാം

നാം അധിവസിക്കുന്ന, നമുക്ക് ചുറ്റുമുള്ള, നമ്മുടെ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഇടമാണ് പരിസ്ഥിതി. നമ്മുടെ ആരോഗ്യത്തെയും നിലനില്പിനെയുമെല്ലാം സ്വാധീനിക്കുന്ന നമ്മുടെ അമ്മയായി പരിസ്ഥിതിയെ കാണാവുന്നതാണ്. നാം അറിയാതെതന്നെ നമുക്ക് ആവശ്യമുള്ളതെല്ലാം തരുന്ന പരിസ്ഥിതിയെ നാം എപ്രകാരമാണ് പരിഗണിക്കുന്നത് എന്ന ചോദ്യം ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

നമുക്ക് ആവശ്യമില്ലാത്തവ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളായി നാം ജലാശയങ്ങളെ മാറ്റിയിരിക്കുന്നു. ജലാശയങ്ങളിലെ മണ്ണ് വാരി സന്തുലിതാവസ്ഥയെ നാം തകിടം മറിച്ചിരിക്കുന്നു. നാം വലിച്ചെറിയുന്ന മാലിന്യങ്ങളിൽ പലതും മണ്ണിൽ ലയിച്ചുചേരില്ലാത്തവയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ സർക്കാർ ഇടപെട്ടുവെങ്കിലും പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാൻ നമുക്കായിട്ടില്ല എന്നത് പരിസ്ഥിതിക്ക് ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവളങ്ങൾ കാലാന്തരത്തിൽ മണ്ണിനെ കൊന്നൊടുക്കും എന്ന വാസ്തവം നാം മനസിലാക്കണം. ജലം, വായു, മണ്ണ്, എന്നിവയില്ലാതെ ജീവിക്കാൻ മനുഷ്യനോ മൃഗങ്ങൾക്കോ കഴിയില്ല എന്നതും നാം മറക്കരുത്.കുന്നുകൾ ഇടിച്ചുനിരത്തിയും വയലുകൾ നികത്തിയും ബഹുനിലകെട്ടിടങ്ങൾ പണിയുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയാണ്.ഡൽഹി പോലുള്ള പട്ടണങ്ങളെ അലട്ടുകയാണ് മലിനമായ വായു. വാഹനങ്ങളുടെ എണ്ണം നമ്മുടെ രാജ്യത്ത് എന്നല്ല ലോകം മുഴുവൻ പ്രതിദിനം വർധിക്കുകയാണ്. വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡ് വായുവിനെ മലിനീകരിക്കുമ്പോൾ ഇവയ്ക്കു കാരണം നാം തന്നെയാണ് എന്ന പരമാർത്ഥം നമ്മെ നോക്കി വെളുക്കെ ചിരിക്കുകയാണ്.വർധിച്ചു വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

പരിസ്ഥിതിയെ ചൂഷണം ചെയ്തു നാം ഉണ്ടാക്കുന്നവ അനുഭവിക്കാൻ നാമും നമ്മുടെ ഭാവി തലമുറയും നിലനിൽക്കണമെങ്കിലും പരിസ്ഥിതി നിലനിന്നേ മതിയാവൂ. പരിസ്ഥിതി ഇല്ലാതെ നമുക്ക് നിലനിൽപില്ല. നാം മലിനമാക്കുന്ന വായുവും ജലവുമാണ് അടുത്ത തലമുറയ്ക്ക് ഉപയോഗിക്കേണ്ടി വരുക. മലിനമായ വളക്കൂറു നഷ്ടപ്പെട്ട മണ്ണായിരിക്കും നമുക്ക് ശേഷമുളള തലമുറകൾക്ക് അന്നമേകേണ്ടത്. അങ്ങനെ, നമ്മുടെ ഇന്നത്തെ നിസംഗത ഭാവി തലമുറയെ കൊന്നൊടുക്കുന്ന അവസ്ഥ നമുക്ക് സംജാതമാക്കാതിരിക്കാം. ജൈവവളങ്ങൾ ഉപയോഗിച്ചുകൊണ്ട് മണ്ണിനെ സംരക്ഷിക്കാൻ ശ്രമിക്കണം.ഫാക്ടറികളിൽ നിന്നുള്ള മലിന ജലം പുഴകളിലേക്കു ഒഴുക്കാതെ അതിനെ നിർമാർജനം ചെയ്യാനുള്ള സൗകര്യം ഫാക്ടറികളിൽ ഉണ്ടാക്കണം.ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വായുമലിനീകരണം കുറയ്ക്കും.ലോക്ഡൗൺ കാലത്ത് വായുമലിനീകരണത്തിനു കാരണമായ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ കുറഞ്ഞു എന്നത് ശ്രദ്ധാർഹമാണ്. അനാവശ്യമായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പൊതുഗതാഗതസംവിധാനത്തെ പ്രയോജനപ്പെടുത്തണം. നാം അധിവസിക്കുന്ന ഈ പരിസ്ഥിതിയെ പരിപാലിക്കാനുള്ള ശ്രമങ്ങൾ ജൂൺ അഞ്ച് എന്ന ഒരുദിനത്തിൽ മാത്രം ഒതുങ്ങിനിന്നാൽ പോരാ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ REDUCE, REUSE, RECYCLE എന്ന ഫലപ്രദമായ ഫോർമുല നമുക്ക് മറക്കാതിരിക്കാം. പുഴകളും കുന്നുകളും വയലുകളും അടുത്ത തലമുറയ്ക്കും അവകാശപ്പെട്ടതാണ്.അവരുടെ നിലനിൽപ്പിനു വായുവും, മണ്ണും, ജലവും കൂടിയേ തീരു.അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാമോരോരുത്തരുടേയും കർത്തവ്യമാണ്.

അന്ന മരിയ അഗസ്റ്റിൻ.
8 B എസ്.എച്ച്.ജി.എച്ച്.എസ് രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


4

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം