എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരു കൊറോണിയൻ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണിയൻ അപാരത

കൊറോണ ഒരു പാഠമാണ്. മലയാളി ഒരു പാഠപുസ്തകവും.അതെ, കേരളം ഒരു മാതൃകയാണ്. ഭാരതാംബയ്ക്കു മാത്രമല്ല സമസ്ത ലോകത്തിനും. മാതൃക വാക്കുകളേക്കാൾ ശക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോക ജനത സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേൾവികേട്ട കൈരളി ഇന്ന് കർമ്മം കൊണ്ടും സ്വധർമ്മം കൊണ്ടും ഈശ്വരന്റെ ഇരിപ്പിടമായി പരിലസിക്കുന്നു

മലയാളി ഇന്ന് ലോക മലയാളിയാണ്. അമേരിക്കൻ സായിപ്പൻമാർ വരെ ഒരു പാരസെറ്റമോൾ ഗുളികയ്‍ക്കു വേണ്ടിപോലും കേരളത്തിനു മുന്നിൽ കൈ നീട്ടുന്നു. മലയാൻമയുടെ ആരോഗ്യ പ്രവർത്തകർക്ക് നമോവാകം ചൊല്ലുന്ന ഒരു വിദേശി ജനതയാണ് നമുക്ക് ചുറ്റും ഉള്ളത്. ഓരോ പ്രവാസിയും ജന്മനാടിനെ ഓർത്തു 'കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം' എന്ന വാഗ്ധോരണിയിൽ മുങ്ങിയിരിക്കുകയാണ്. "ബ്രേക്ക് ദ ചെയിൻ" "സ്റ്റേ ഹോം, സ്റ്റേ സേഫ്" എന്നീ സന്ദേശങ്ങൾ രോഗനിവാരണ സന്ദേശങ്ങളായി ഒരു ജനത നെഞ്ചിലേറ്റിയിരിക്കുന്നു. കൊറോണ കാലത്ത് കൈകഴുകാൻ പഠിപ്പിക്കുന്ന കേരള പൊലീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്വന്തം ജീവൻ വരെ തൃണവത്ഗണിച്ച് നമ്മെ സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നല്ല നമസ്കാരം പറഞ്ഞ് അവർക്ക് മുന്നിൽ നമ്രശീർഷരാവുക എന്നതാണ് നമ്മൾ ഓരോരുത്തരുടയും കടമയും കർത്തവ്യവും.

"വസുദധൈവ കുടുംബകം "എന്ന ആപ്തവാക്യം മുറുകെ പിടിച്ച് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന മന്ത്രംചൊല്ലി ഓം ശാന്തി: ശാന്തി: ശാന്തി: എന്ന സൂക്തവും നെഞ്ചോട് ചേർത്ത് മലയാളി ലോകമനസ്സാക്ഷിയ്‍ക്കു മുന്നിൽ ഒരു മഹാമേരു പോലെ പരിലസിക്കുന്ന കാഴ്ചയാണ് ഈ കൊറോണ കാലത്തെ അപാരത.

കീർത്തന എസ് നായർ
10എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം