എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ആഗോള ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോള ഭീകരൻ
 കൊറോണാ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക് ഡൗണിൽ ആക്കിയിരിക്കുകയാണ്. 2020 ജനുവരി 30 ന് ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോവിഡ് 19 2019 ഡിസംബർ 31ന് ചൈനയിലെ  വുഹാനിൽ ആദ്യമായി സ്ഥിരീകരിച്ചു. ഒന്ന് തുമ്മാനെടുക്കുന്ന സമയം അത്രയും മതി  ആ  വൈറസിന് പടരുവാൻ. ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് അത് അങ്ങനെ ആളി പടരുകയാണ്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന കോവിഡ് 19 മാർച്ച് 11ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡ് 19 എന്ന ചികിത്സയില്ലാത്ത രോഗത്തെ പേടിച്ച് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടച്ച് ലോകം നിശ്ചലമായി നിൽക്കുന്നു മനുഷ്യന്റെ കണ്ണിനു പോലും കാണാൻ കഴിയാത്ത ഈ വൈറസിനു  മുന്നിൽ. 
               ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനുമുന്നിൽ ഉള്ള ഏറ്റവും വലിയ ഭീഷണി. കൊറോണാ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും പിന്നീട് അതിനെ ഇരയാവുകയും ചെയ്ത ഡോക്ടർ ലീ വെൻലിയാങ് സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും കോവിഡ്  രോഗികളെ ചികിത്സിക്കാൻ സ്വമേധയാ തിരിച്ചെത്തുകയും ഒടുവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്ത ഡോക്ടർ ലിയാങ് വു ഡോ എന്നിവരെ പോലുള്ള ത്യാഗമനോഭാവത്തോടെ കൂടി ജോലി ചെയ്യുന്ന ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ സേവനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
       ആധുനികയുഗത്തിൽ മനുഷ്യവർഗ്ഗത്തിന് കൈമോശം വന്നുപോയ ഒന്നാണ് പ്രകൃതിയെ സ്നേഹിക്കുക. പ്രകൃതിയെ മാതാവായി കണ്ടു ബഹുമാനിക്കുന്ന വരാണ് നമ്മുടെ പൂർവികർ. പ്രകൃതി യോടും സഹജീവികളോടും മറ്റു ജീവിവർഗ്ഗങ്ങളോടും മനുഷ്യർ കാണിക്കുന്ന ക്രൂരതയ്ക്കും അഹങ്കാരത്തിനും പ്രകൃതി നൽകുന്നതാണ് ദുരന്തങ്ങളും ഇതുപോലെയുള്ള മഹാമാരികളും. മറ്റു ജീവജാലങ്ങളെയെല്ലാം അടക്കിവാണ് ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തു എന്തിന് ചന്ദ്രനെ പോലും കാൽക്കീഴിൽലാക്കിയ ഒരേ ഒരു ജീവിവർഗം മനുഷ്യനാണ്. ഇപ്പോഴിതാ ഒരു സൂക്ഷ്മ അണുവിനു  മുന്നിൽ തലകുനിക്കേണ്ടിവരുന്നു. ജൈവഘടന ഉള്ള വെറും ജീവികൾ മാത്രമാണ് നമ്മൾ എന്നും അതി ജീവിതത്തിനായി മറ്റു ജീവികളെ ആശ്രയിക്കണമെന്നുമുള്ള തിരിച്ചറിവും നമുക്ക് വേണം. പ്രകൃതിയെ നിയന്ത്രിച്ച് വിഭവങ്ങൾ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാനുള്ള മനുഷ്യന്റെ കൊതിയെ തുടച്ചുനീക്കാൻ കണ്ണുകൊണ്ടു പോലും കാണാൻ കഴിയാത്ത ഒരു ജീവാണു വിന്റെ പ്രഹരം മതി. ലോകമെമ്പാടുമുള്ള മനുഷ്യർ ഉണ്ടാക്കിവെച്ച മതത്തിന്റെ യും വംശത്തെിന്റെയും രാജ്യത്തിന്റെയും പേരിലുള്ള ഏറ്റുമുട്ടലുകൾ അവരും നമ്മളും എന്നും വേർതിരിവുകൾ, എന്നാൽ അതീവഗുരുതരമായ മാരകമായ ഇപ്പോഴത്തെ ഭീക്ഷണിക്ക് മുന്നിൽ നമ്മൾ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് നമ്മളെല്ലാം മനുഷ്യരാണ് ലോകമെന്നത് ഒരു കുടുംബം ആണ് നാം ഓരോരുത്തരും പരസ്പരം എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന്.
            നമ്മൾ സുരക്ഷിതരാവുക മറ്റുള്ളവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തുക അതിനോടൊപ്പം പക്ഷിമൃഗാദികളും സസ്യ ജീവജാലങ്ങളുമെല്ലാം മനുഷ്യവർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ എത്തിച്ചേരുക. സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നൽകാത്തവർ എന്നുവേണം മനസ്സിലാക്കാൻ." ജാഗ്രത" എന്ന വാക്ക് ലോകത്തിന് മുമ്പിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനമായി മാറിക്കഴിഞ്ഞു.
ശിവേന്ദു
10സി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം